മേദ്യയിൽ നിന്ന് ഇസ്രായേല്യരുടെ മടങ്ങിവരവ്- പേർഷ്യൻ 70 വർഷത്തെ പ്രവാസം – രണ്ടാം ഭാഗം 

എസ്രാ 7 എസ്രാ ജറുസലേമിലേക്ക് വരുന്നു:

1. അതിന്റെശേഷം പാർസിരാജാവായ അർത്ഥഹ് ശഷ്ടാവിന്റെ വാഴ്ചകാലത്തു എസ്രാ ബാബേലിൽനിന്നു വന്നു. അവൻ സെരായാവിന്റെ മകൻ; അവൻ അസർയ്യാവിന്റെ മകൻ; അവൻ ഹിൽക്കീയാവിന്റെ മകൻ;

2. അവൻ ശല്ലൂമിന്റെ മകൻ; അവൻ സാദോക്കിന്റെ മകൻ; അവൻ അഹീത്തൂബിന്റെ മകൻ;

3. അവൻ അമർയ്യാവിന്റെ മകൻ; അവൻ അസർയ്യാവിന്റെ മകൻ; അവൻ മെരായോത്തിന്റെ മകൻ;

4. അവൻ സെരഹ്യാവിന്റെ മകൻ; അവൻ ഉസ്സിയുടെ മകൻ;

5. അവൻ ബുക്കിയുടെ മകൻ; അവൻ അബീശൂവയുടെ മകൻ; അവൻ ഫീനെഹാസിന്റെ മകൻ; അവൻ എലെയാസാരിന്റെ മകൻ; അവൻ മഹാപുരോഹിതനായ അഹരോന്റെ മകൻ.

6. ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.

7. അവനോടുകൂടെ യിസ്രായേൽമക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതിൽകാവൽക്കാരിലും ദൈവാലയദാസന്മാരിലും ചിലർ അർത്ഥഹ് ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടിൽ യെരൂശലേമിൽ വന്നു.

8. അഞ്ചാം മാസത്തിൽ ആയിരുന്നു അവൻ യെരൂശലേമിൽ വന്നതു; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു.

9. ഒന്നാം മാസം ഒന്നാം തിയ്യതി അവൻ ബാബേലിൽനിന്നു യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ടു അവൻ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമിൽ എത്തി.

10. യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.

എസ്രാപുരോഹിതന്നു അർത്ഥഹ് ശഷ്ടാരാജാവു കൊടുത്ത എഴുത്ത്:

11. യിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളിൽ വിദഗ്ദ്ധശാസ്ത്രീയായ എസ്രാപുരോഹിതന്നു അർത്ഥഹ് ശഷ്ടാരാജാവു കൊടുത്ത എഴുത്തിന്റെ പകർപ്പാവിതു:

12. രാജാധിരാജാവായ അർത്ഥഹ് ശഷ്ടാവു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രീയായ എസ്രാപുരോഹിതന്നു എഴുതുന്നതു: ഇത്യാദി.

13. നമ്മുടെ രാജ്യത്തുള്ള യിസ്രായേൽജനത്തിലും അവന്റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാൻ മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിന്നു ഞാൻ കല്പന കൊടുത്തിരിക്കുന്നു.

14. നിന്റെ കൈവശം ഇരിക്കുന്ന നിന്റെ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദയിലെയും യെരൂശലേമിലെയും കാര്യം അന്വേഷിപ്പാനും രാജാവും അവന്റെ മന്ത്രിമാരും

15. യെരൂശലേമിൽ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവത്തിന്നു ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും,

16. ബാബേൽ സംസ്ഥാനത്തുനിന്നൊക്കെയും നിനക്കു ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം യെരൂശലേമിൽ തങ്ങളുടെ ദൈവത്തിന്റെ ആലയം വകെക്കു ജനവും പുരോഹിതന്മാരും തരുന്ന ഔദാര്യദാനങ്ങളോടുകൂടെ കൊണ്ടുപോകുവാനും രാജാവും അവന്റെ ഏഴു മന്ത്രിമാരും നിന്നെ അയക്കുന്നു.

17. ആകയാൽ നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ടു കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവെക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും മേടിച്ചു യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേൽ അർപ്പിക്കേണം.

18. ശേഷിപ്പുള്ള വെള്ളിയും പൊന്നുംകൊണ്ടു ചെയ്‍വാൻ നിനക്കും നിന്റെ സഹോദരന്മാർക്കും യുക്തമെന്നു തോന്നുംപോലെ നിങ്ങളുടെ ദൈവത്തിന്നു പ്രസാദമാകുംവണ്ണം ചെയ്തുകൊൾവിൻ.

19. നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കായിട്ടു നിന്റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളും നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയിൽ ഏല്പിക്കേണം.

20. നിന്റെ ദൈവത്തിന്റെ ആലയത്തിന്നു പിന്നെയും ആവശ്യമുള്ളതായി കൊടുക്കേണ്ടിവരുന്നതു നീ രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുത്തു കൊള്ളേണം.

21. അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോർ കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയുംവരെയും

22. ഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം.

23. രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും രാജ്യത്തിന്മേൽ ക്രോധം വരാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ആലയത്തിന്നു അവകാശമുള്ളതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു.

24. പുരോഹിതന്മാർ, ലേവ്യർ, സംഗീതക്കാർ, വാതിൽകാവൽക്കാർ, ദൈവാലയദാസന്മാർ എന്നിവർക്കും ദൈവത്തിന്റെ ഈ ആലയത്തിൽ ശുശ്രൂഷിക്കുന്ന യാതൊരുത്തന്നും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങൾക്കു അറിവുതരുന്നു.

25. നീയോ എസ്രയേ, നിനക്കു നിന്റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാർക്കുന്ന സകലജനത്തിന്നും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവർക്കും തന്നേ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന്നു അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം; അറിയാത്തവർക്കോ നിങ്ങൾ അവയെ ഉപദേശിച്ചുകൊടക്കേണം.

26. എന്നാൽ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യയാപ്രമാണവും അനുസരിക്കാത്ത ഏവനെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവന്നു കല്പിക്കേണ്ടതാകുന്നു.

27. യെരൂശലേമിലെ യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന്നു ഇങ്ങനെ രാജാവിന്നു തോന്നിക്കയും രാജാവിന്റെയും അവന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകല പ്രഭുവീരന്മാരുടെയും ദയ എനിക്കു ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.

28. ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാൽ ഞാൻ ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.

എസ്രാ 8 യെരുശലേമിലേക്കുള്ള മടക്കം :

15. ഇവരെ ഞാൻ അഹവായിലേക്കു ഒഴുകുന്ന ആറ്റിന്നരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങൾ മൂന്നു ദിവസം പാളയമടിച്ചു പാർത്തു; ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോൾ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.

16. ആകയാൽ ഞാൻ എലീയേസെർ, അരീയേൽ, ശെമയ്യാവു, എൽനാഥാൻ, യാരീബ്, എൽനാഥാൻ നാഥാൻ, സെഖർയ്യാവു, മെശുല്ലാം എന്നീ തലവന്മാരെയും യോയാരീബ്, എൽനാഥാൻ എന്ന ഉപാദ്ധ്യായന്മാരെയും വിളിപ്പിച്ചു,

17. കാസിഫ്യാ എന്ന സ്ഥലത്തിലെ പ്രധാനിയായ ഇദ്ദോവിന്റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിന്നു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു അവർ കാസിഫ്യയിലെ ഇദ്ദോവോടും അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ടുന്ന വാക്കുകളെ അവർക്കു ഉപദേശിച്ചുകൊടുത്തു.

18. ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്കു അനുകൂലമായിരുന്നതിനാൽ അവർ യിസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ളിയുടെ പുത്രന്മാരിൽ വിവേകമുള്ളോരു പുരുഷൻ ശേരബ്യാവു, അവന്റെ പുത്രന്മാർ, സഹോദരന്മാർ

19. ഇങ്ങനെ പതിനെട്ടുപേരെയും മെരാരിപുത്രന്മാരിൽ, ഹശബ്യാവു അവനോടുകൂടെ യെശയ്യാവു, അവന്റെ പുത്രന്മാർ, സഹോദരന്മാർ

20. ഇങ്ങനെ ഇരുപതുപേരെയും ദാവീദും പ്രഭുക്കന്മാരും ലേവ്യർക്കു ശുശ്രൂഷക്കാരായികൊടുത്ത ദൈവാലയദാസന്മാരിൽ ഇരുനൂറ്റിരുപതുപേരേയും ഞങ്ങളുടെ അടുക്കൽ കൂട്ടി കൊണ്ടുവന്നു; അവരുടെ പേരൊക്കെയും കുറിച്ചുവെച്ചിരുന്നു.

21. അനന്തരം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നേ താഴ്ത്തേണ്ടതിന്നും ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ഞങ്ങളുടെ സകലസമ്പത്തിന്നും വേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിന്നും ഞാൻ അവിടെ അഹവാആറ്റിന്റെ അരികെവെച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.

22. ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവർക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവർക്കും പ്രതികൂലമായും ഇരിക്കുന്നു എന്നു ഞങ്ങൾ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ടു വഴിയിൽ ശത്രുവിന്റെ നേരെ ഞങ്ങൾക്കു തുണയായിരിക്കേണ്ടതിന്നു പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാൻ ഞാൻ ലജ്ജിച്ചിരുന്നു.

23. അങ്ങനെ ഞങ്ങൾ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോടു അതിനെക്കുറിച്ചു പ്രാർത്ഥിച്ചു; അവൻ ഞങ്ങളുടെ പ്രാർത്ഥന കേട്ടു.

24. പിന്നെ ഞാൻ പുരോഹിതന്മാരുടെ പ്രധാനികളിൽവെച്ചു ശേരെബ്യാവെയും ഹശബ്യാവെയും അവരോടുകൂടെ അവരുടെ സഹോദരന്മാരിൽ പത്തുപേരെയും ഇങ്ങനെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു.

25. രാജാവും അവന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള യിസ്രായേല്യരൊക്കെയും നമ്മുടെ ദൈവത്തിന്റെ ആലയംവകെക്കു അർപ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാൻ അവർക്കു തൂക്കിക്കൊടുത്തു.

26. ഞാൻ അവരുടെ കയ്യിൽ അറുനൂറ്റമ്പതു താലന്ത് വെള്ളിയും നൂറു താലന്ത് വെള്ളിയുപകരണങ്ങളും നൂറു താലന്ത് പൊന്നും

27. ആയിരം തങ്കക്കാശു വിലയുള്ള ഇരുപതു പൊൻ പാത്രങ്ങളും പൊന്നുപോലെ വിലയുള്ളതായി മിനുക്കിയ നല്ല താമ്രംകൊണ്ടുള്ള രണ്ടു പാത്രങ്ങളും തൂക്കിക്കൊടുത്തു.

28. ഞാൻ അവരോടു: നിങ്ങൾ ദൈവത്തിന്നു വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നേ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവെക്കു ഔദാര്യ ദാനമാകുന്നു;

29. നിങ്ങൾ അവയെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികൾക്കും യിസ്രായേലിന്റെ പിതൃഭവനപ്രഭുക്കന്മാർക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊൾവിൻ എന്നു പറഞ്ഞു.

30. അങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും പൊന്നും ഉപകരണങ്ങളും യെരൂശലേമിൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുപോകേണ്ടതിന്നു തൂക്കപ്രകാരം ഏറ്റുവാങ്ങി.

31. യെരൂശലേമിന്നു പോകുവാൻ ഞങ്ങൾ ഒന്നാം മാസം പന്ത്രണ്ടാം തിയ്യതി അഹവാ ആറ്റിങ്കൽനിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്കു അനുകൂലമായിരുന്നു; അവൻ ശത്രുവിന്റെ കയ്യിൽനിന്നും വഴിയിൽ പതിയിരിക്കുന്നവന്റെ കയ്യിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു.

32. അങ്ങനെ ഞങ്ങൾ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം പാർത്തു.

33. നാലാം ദിവസം ഞങ്ങൾ ആ വെള്ളിയും പൊന്നും ഉപകരണങ്ങളും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽ ഊരീയാപുരോഹിതന്റെ മകനായ മെരേമോത്തിന്റെ കയ്യിൽ തൂക്കിക്കൊടുത്തു; അവനോടു കൂടെ ഫീനെഹാസിന്റെ മകനായ എലെയാസാരും അവരോടുകൂടെ യേശുവയുടെ മകനായ യോസാബാദ്, ബിന്നൂവിയുടെ മകനായ നോവദ്യാവു എന്നീ ലേവ്യരും ഉണ്ടായിരുന്നു.

34. എല്ലാം എണ്ണപ്രകാരവും തൂക്കപ്രകാരവും കൊടുത്തു; തൂക്കം ഒക്കെയും ആ സമയം തന്നേ എഴുതിവെച്ചു.

35. പ്രവാസത്തിൽനിന്നു മടങ്ങിവന്ന പ്രവാസികൾ യിസ്രായേലിന്റെ ദൈവത്തിന്നു ഹോമയാഗങ്ങൾക്കായിട്ടു എല്ലാ യിസ്രായേലിന്നും വേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റാറു ആട്ടുകൊറ്റനെയും എഴുപത്തേഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും അർപ്പിച്ചു; അതൊക്കെയും യഹോവെക്കു ഹോമയാഗം ആയിരുന്നു.

36. അവർ രാജാവിന്റെ ആജ്ഞാപത്രങ്ങൾ നദിക്കു ഇക്കരെ രാജാവിന്റെ സംസ്ഥാനപതിമാർക്കും നാടുവാഴികൾക്കും കൊടുത്തു: അവർ ജനത്തിന്നും ദൈവത്തിന്റെ ആലയത്തിന്നും വേണ്ടുന്ന സഹായം ചെയ്തു.

എസ്രാ 9 വിവാഹബന്ധത്തെക്കുറിച്ചുള്ള എസ്രായുടെ പ്രാർത്ഥന:

1. അതിന്റെശേഷം പ്രഭുക്കന്മാർ എന്റെ അടുക്കൽവന്നു: യിസ്രായേൽജനവും പുരോഹിതന്മാരും ലേവ്യരും ദേശനിവാസികളോടു വേർപെടാതെ കനാന്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, അമ്മോന്യർ, മോവാബ്യർ, മിസ്രയീമ്യർ, അമോർയ്യർ എന്നിവരുടെ മ്ളേച്ഛതകളെ ചെയ്തുവരുന്നു.

2. അവരുടെ പുത്രിമാരെ അവർ തങ്ങൾക്കും തങ്ങളുടെ പുത്രന്മാർക്കും ഭാര്യമാരായി എടുത്തതുകൊണ്ടു വിശുദ്ധസന്തതി ദേശനിവാസികളോടു ഇടകലർന്നു പോയി; പ്രഭുക്കന്മാരുടെയും പ്രമാണികളുടെയും കൈ തന്നേ ഈ അകൃത്യത്തിൽ ഒന്നാമതായിരിക്കുന്നു എന്നും പറഞ്ഞു.

3. ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ എന്റെ വസ്ത്രവും മേലങ്കിയും കീറി എന്റെ തലയിലും താടിയിലുമുള്ള രോമം വലിച്ചു പറിച്ചു സ്തംഭിച്ചു കുത്തിയിരുന്നു.

4. പ്രവാസികളുടെ അകൃത്യംനിമിത്തം യിസ്രായേലിൻ ദൈവത്തിന്റെ വചനത്തിങ്കൽ വിറെക്കുന്നവരൊക്കെയും എന്റെ അടുക്കൽ വന്നുകൂടി; എന്നാൽ ഞാൻ സന്ധ്യായാഗംവരെ സ്തംഭിച്ചു കുത്തിയിരുന്നു.

5. സന്ധ്യായാഗത്തിന്റെ സമയത്തു ഞാൻ എന്റെ ആത്മതപനം വിട്ടു എഴുന്നേറ്റു കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയിങ്കലേക്കു കൈ മലർത്തി പറഞ്ഞതെന്തെന്നാൽ:

6.എന്റെ ദൈവമേ, ഞാൻ എന്റെ മുഖം എന്റെ ദൈവമായ നിങ്കലേക്കു ഉയർത്തുവാൻ ലജ്ജിച്ചു നാണിച്ചിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളുടെ തലെക്കുമീതെ പെരുകി കവിഞ്ഞിരിക്കുന്നു; ഞങ്ങളുടെ കുറ്റം ആകാശത്തോളം വളർന്നിരിക്കുന്നു.

7. ഞങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ ഇന്നുവരെയും ഞങ്ങൾ വലിയ കുറ്റക്കാരായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങൾനിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നുള്ളതുപോലെ വിദേശരാജാക്കന്മാരുടെ കയ്യിൽ വാളിന്നും പ്രവാസത്തിന്നും കവർച്ചെക്കും അപമാനത്തിന്നും ഏല്പിക്കപ്പെട്ടിരിക്കുന്നു.

8. ഇപ്പോഴോ, ഞങ്ങളുടെ ദൈവം ഞങ്ങളുടെ കണ്ണുകളെ പ്രകാശിപ്പിക്കേണ്ടതിന്നും ഞങ്ങളുടെ ദാസ്യസ്ഥിതിയിൽ ഞങ്ങൾക്കു കുറഞ്ഞോരു ജീവശക്തി നല്കേണ്ടതിന്നും ഞങ്ങളിൽ ഒരു ശേഷിപ്പിനെ രക്ഷിച്ചു തന്റെ വിശുദ്ധസ്ഥലത്തു ഞങ്ങൾക്കു ഒരു പാർപ്പിടം തരുവാൻ തക്കവണ്ണം ഞങ്ങൾക്കു ഒരു ക്ഷണനേരത്തേക്കു ഞങ്ങളുടെ ദൈവമായ യഹോവ കൃപ കാണിച്ചിരിക്കുന്നു.

9.  ഞങ്ങൾ ദാസന്മാരാകുന്നു സത്യം; എങ്കിലും ഞങ്ങളുടെ ദാസ്യസ്ഥിതിയിൽ ഞങ്ങളുടെ ദൈവം ഞങ്ങളെ ഉപേക്ഷിക്കാതെ, ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണികയും അതിന്റെ ശൂന്യങ്ങളെ നന്നാക്കുകയും ചെയ്യേണ്ടതിന്നു ഞങ്ങൾക്കു ജീവശക്തി നല്കുവാനും യെഹൂദയിലും യെരൂശലേമിലും ഞങ്ങൾക്കു ഒരു സങ്കേതം തരുവാനും പാർസിരാജാക്കന്മാരുടെ ദൃഷ്ടിയില്‍ ഞങ്ങൾക്കു ദയ ലഭിക്കുമാറാക്കിയിരിക്കുന്നു.

10. ഇപ്പോൾ ഞങ്ങളുടെ ദൈവമേ, ഇതിന്നു ഞങ്ങൾ എന്തുപകാരം പറയേണ്ടു?

11.  നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം ദേശനിവാസികളുടെ മലിനതയാലും ഒരു അറ്റംമുതൽ മറ്റെ അറ്റംവരെ അവർ നിറെച്ചിരിക്കുന്ന മ്ളേച്ഛതയാലും അവരുടെ അശുദ്ധിയാലും മലിനപ്പെട്ടിരിക്കുന്ന ദേശമത്രേ.

12. ആകയാൽ നിങ്ങൾ ശക്തിപ്പെട്ടു ദേശത്തിന്റെ നന്മ അനുഭവിച്ചു അതു എന്നേക്കും നിങ്ങളുടെ മക്കൾക്കു അവകാശമായി വെച്ചേക്കേണ്ടതിന്നു നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കാതെയും അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കു എടുക്കാതെയും അവരുടെ സമാധാനവും നന്മയും ഒരിക്കലും കരുതാതെയും ഇരിക്കേണം എന്നിങ്ങനെ നിന്റെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം നീ അരുളിച്ചെയ്ത കല്പനകളെ ഞങ്ങൾ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.

13. ഇപ്പോൾ ഞങ്ങളുടെ ദുഷ്‌പ്രവൃത്തികളും മഹാപാതകവും ഹേതുവായി ഇതെല്ലാം ഞങ്ങളുടെ മേൽ വന്നശേഷം ഞങ്ങളുടെ ദൈവമേ, നീ ഞങ്ങളുടെ അകൃത്യങ്ങൾക്കു തക്കവണ്ണം ഞങ്ങളെ ശിക്ഷിക്കാതെ ഞങ്ങൾക്കു ഇങ്ങനെ ഒരു ശേഷിപ്പിനെ തന്നിരിക്കെ

14. ഞങ്ങൾ നിന്റെ കല്പനകളെ വീണ്ടും ലംഘിക്കയും ഈ മ്ളേച്ഛത ചെയ്യുന്ന ജാതികളോടു സംബന്ധം കൂടുകയും ചെയ്യാമോ? ചെയ്താൽ ഒരു ശേഷിപ്പോ തെറ്റി ഒഴിഞ്ഞവരോ ഉണ്ടാകാതവണ്ണം നീ ഞങ്ങളെ മുടിച്ചുകളയുവോളം ഞങ്ങളോടു കോപിക്കയില്ലയോ?

15. യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ നീതിമാൻ; ഞങ്ങളോ ഇന്നുള്ളതു പോലെ തെറ്റി ഒഴിഞ്ഞ ഒരു ശേഷിപ്പത്രേ; ഞങ്ങളുടെ പാതകത്തോടുകൂടെ ഇതാ, ഞങ്ങൾ നിന്റെ മുമ്പാകെ ഇരിക്കുന്നു; അതു നിമിത്തം നിന്റെ മുമ്പാകെ നില്പാൻ ആർക്കും കഴിവില്ല.

എസ്രാ 10 പാപത്തെക്കുറിച്ചു ജനങ്ങളുടെ കുറ്റസമ്മതം

1. എസ്രാ ഇങ്ങനെ ദൈവാലയത്തിന്നു മുമ്പിൽ വീണുകിടന്നു കരഞ്ഞുപ്രാർത്ഥിക്കയും ഏറ്റുപറകയും ചെയ്തപ്പോൾ പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയോരു സഭ അവന്റെ അടുക്കൽ വന്നുകൂടി; ജനവും വളരെ കരഞ്ഞു.

2. അപ്പോൾ ഏലാമിന്റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്റെ മകൻ ശെഖന്യാവു എസ്രയോടു പറഞ്ഞതു: നാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു ദേശനിവാസികളിൽനിന്നു അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാര്യത്തിൽ യിസ്രായേലിന്നു വേണ്ടി ഇനിയും പ്രത്യാശയുണ്ടു.

3. ഇപ്പോൾ ആ സ്ത്രീകളെ ഒക്കെയും അവരിൽനിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിങ്കൽ വിറെക്കുന്നവരുടെയും നിർണ്ണയപ്രകാരം നീക്കിക്കളവാൻ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന്നു അനുസാരമായി നടക്കട്ടെ.

4. എഴുന്നേൽക്ക; ഇതു നീ നിർവ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവർത്തിക്ക.

5. അങ്ങനെ എസ്രാ എഴുന്നേറ്റു ഈ വാക്കു പോലെ ചെയ്യേണ്ടതിന്നു പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രഭുക്കന്മാരെയും എല്ലായിസ്രായേല്യരെയുംകൊണ്ടു സത്യം ചെയ്യിച്ചു; അവർ സത്യം ചെയ്തു.

6. എസ്രാ ദൈവാലയത്തിന്റെ മുമ്പിൽനിന്നു എഴുന്നേറ്റു എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ അറയിൽ ചെന്നു പ്രവാസികളുടെ ദ്രോഹംനിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാർത്തു.

7. അനന്തരം അവർ സകലപ്രവാസികളും യെരൂശലേമിൽ വന്നുകൂടേണം എന്നു

8. പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിർണ്ണയപ്രകാരം മൂന്നു ദിവസത്തിന്നകം ആരെങ്കിലും വരാതെയിരുന്നാൽ അവന്റെ വസ്തുവക ഒക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയിൽ നിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി.

9. അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നാം ദിവസത്തിന്നകം യെരൂശലേമിൽ വന്നുകൂടി; അതു ഒമ്പതാം മാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വന്മഴനിമിത്തവും വിറെച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്തു ഇരുന്നു.

10. അപ്പോൾ എസ്രാപുരോഹിതൻ എഴുന്നേറ്റു അവരോടു: നിങ്ങൾ ദ്രോഹംചെയ്തു യിസ്രായേലിന്റെ കുറ്റത്തെ വർദ്ധിപ്പിക്കേണ്ടതിന്നു അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു.

11. ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേർപെടുകയും ചെയ്‍വിൻ എന്നു പറഞ്ഞു.

12. അതിന്നു സർവ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞതു: നീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നേ ഞങ്ങൾ ചെയ്യേണ്ടതാകന്നു.

13 എങ്കിലും ജനം വളരെയും ഇതു വർഷകാലവും ആകുന്നു; വെളിയിൽ നില്പാൻ ഞങ്ങൾക്കു കഴിവില്ല; ഈ കാര്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കയാൽ ഇതു ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.

14. ആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാർ സർവ്വസഭെക്കും പ്രതിനിധികളായി നിൽക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ വരികയും ചെയ്യട്ടെ.

15. അതിന്നു അസാഹേലിന്റെ മകനായ യോനാഥാനും തിക്ക്വയുടെ മകനായ യഹ്സെയാവും മാത്രം വിരോധം പറഞ്ഞു; മെശുല്ലാമും ശബ്ബെഥായി എന്ന ലേവ്യനും അവരെ താങ്ങിപ്പറഞ്ഞു.

16. പ്രവാസികളോ അങ്ങനെ തന്നേ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവർ ഈ കാര്യം വിസ്തരിപ്പാൻ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.

17. അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകലപുരുഷന്മാരുടെയും കാര്യം അവർ ഒന്നാം മാസം ഒന്നാം തിയ്യതികൊണ്ടു തീർത്തു.

അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന കുറ്റവാളികൾ

18. പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാൽ: യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവു, എലീയേസെർ, യാരീബ്, ഗെദല്യാവു എന്നിവർ തന്നേ.

19. ഇവർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കയ്യടിച്ചു; അവർ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിന്നായി ഓരോ ആട്ടുകൊറ്റനെ യാഗം കഴിച്ചു.

ഹഗ്ഗായി 

ഹഗ്ഗായി 1 കർത്താവിന്റെ ആലയം പണിയാനുള്ള ഒരു വിളി:

1. ദാർയ്യാവേശ് രാജാവിന്റെ രണ്ടാം ആണ്ടു, ആറാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്നും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവെക്കും ഉണ്ടായതെന്തെന്നാൽ:

2. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലെന്നു ഈ ജനം പറയുന്നുവല്ലോ.

3. ഹഗ്ഗായി പ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

4. ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ?

5. ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.

6. നിങ്ങൾ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു.

7. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.

8. നിങ്ങൾ മലയിൽ ചെന്നു മരം കൊണ്ടുവന്നു ആലയം പണിവിൻ; ഞാൻ അതിൽ പ്രസാദിച്ചു മഹത്വപ്പെടും എന്നു യഹോവ കല്പിക്കുന്നു.

9. നിങ്ങൾ അധികം കിട്ടുമെന്നു കാത്തിരുന്നു; എന്നാൽ അതു അല്പമായ്തീർന്നു; നിങ്ങൾ അതു വീട്ടിൽ കൊണ്ടുവന്നു; ഞാനോ അതു ഊതിക്കളഞ്ഞു; അതെന്തുകൊണ്ടു? എന്റെ ആലയം ശൂന്യമായ്ക്കിടക്കയും നിങ്ങൾ ഓരോരുത്തനും താന്താന്റെ വീട്ടിലേക്കു ഓടുകയും ചെയ്യുന്നതുകൊണ്ടു തന്നേ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

10. അതുകൊണ്ടു നിങ്ങൾനിമിത്തം ആകാശം മഞ്ഞു പെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി അനുഭവം തരുന്നതുമില്ല.

11. ഞാൻ ദേശത്തിന്മേലും മലകളിന്മേലും ധാന്യത്തിന്മേലും വീഞ്ഞിന്മേലും എണ്ണയിന്മേലും നിലത്തെ വിളവിന്മേലും മനുഷ്യരുടെമേലും മൃഗങ്ങളുടെ മേലും കൈകളുടെ സകല പ്രയത്നത്തിന്മേലും വറുതിയെ വിളിച്ചുവരുത്തിയിരിക്കുന്നു.

12. അങ്ങനെ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയും ജനത്തിൽ ശേഷിപ്പുള്ള ഏവരുമായി തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കും തങ്ങളുടെ ദൈവമായ യഹോവയുടെ നിയോഗത്തിന്നു ഒത്തവണ്ണം ഹഗ്ഗായി പ്രവാചകന്റെ വചനങ്ങളും കേട്ടനുസരിച്ചു; ജനം യഹോവയെ ഭയപ്പെടുകയും ചെയ്തു.

13. അപ്പോൾ യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂതായി ജനത്തോടു: ഞാൻ നിങ്ങളോടു കൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു എന്നു പറഞ്ഞു.

14. യഹോവ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്റെ മനസ്സും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ മനസ്സും ജനത്തിൽ ശേഷിപ്പുള്ള ഏവരുടെയും മനസ്സും ഉണർത്തി; അവർ വന്നു തങ്ങളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിങ്കൽ വേല ചെയ്തു.

15. ദാർയ്യാവേശ് രാജാവിന്റെ രണ്ടാം ആണ്ടു ആറാം മാസം ഇരുപത്തുനാലാം തിയ്യതി തന്നേ

ഹഗ്ഗായി 2 പുതിയ ആലയത്തിന്റെ വാഗ്ദത്തം ചെയ്യപ്പെട്ട മഹത്വം:

1. ഏഴാം മാസം ഇരുപത്തൊന്നാം തിയ്യതി ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

2, നീ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിനോടും മഹാ പുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയോടും ജനത്തിൽ ശേഷിപ്പുള്ളവരോടും പറയേണ്ടതെന്തെന്നാൽ:

3, നിങ്ങളിൽ ഈ ആലയത്തെ അതിന്റെ ആദ്യമഹത്വത്തോടെ കണ്ടവരായി ആർ ശേഷിച്ചിരിക്കുന്നു? ഇപ്പോൾ കണ്ടിട്ടു നിങ്ങൾക്കു എന്തു തോന്നുന്നു? ഏതുമില്ലാത്തതുപോലെ തോന്നുന്നില്ലയോ?

4, ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്‍വിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

5, നിങ്ങൾ മിസ്രയീമിൽ നിന്നു പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ വചനം ഓർപ്പിൻ; എന്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ.

6, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.

7, ഞാൻ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

8, വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളതു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

9, ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാൻ സമാധാനം നല്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

അശുദ്ധരായ ആളുകൾക്കുള്ള അനുഗ്രഹങ്ങൾ

10, ദാർയ്യാവേശിന്റെ രണ്ടാം ആണ്ടു, ഒമ്പതാം മാസം, ഇരുപത്തുനാലാം തിയ്യതി ഹഗ്ഗായി പ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

11, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ പുരോഹിതന്മാരോടു ന്യായപ്രമാണത്തെക്കുറിച്ചു ചോദിക്കേണ്ടതെന്തെന്നാൽ:

12, ഒരുത്തൻ തന്റെ വസ്ത്രത്തിന്റെ കോന്തലെക്കൽ വിശുദ്ധമാംസം വഹിച്ചു, ആ കോന്തലകൊണ്ടു അപ്പമോ പായസമോ വീഞ്ഞോ എണ്ണയോ ഏതെങ്കിലും ഒരു ഭക്ഷണസാധനമോ തൊട്ടാൽ അതു വിശുദ്ധമാകുമോ? അതിന്നു പുരോഹിതന്മാർ ഇല്ല എന്നുത്തരം പറഞ്ഞു.

13, എന്നാൽ ഹഗ്ഗായി: ശവത്താൽ അശുദ്ധനായ ഒരുത്തൻ അവയിൽ ഒന്നു തൊടുന്നുവെങ്കിൽ അതു അശുദ്ധമാകുമോ എന്നു ചോദിച്ചതിന്നു: അതു അശുദ്ധമാകും എന്നു പുരോഹിതന്മാർ ഉത്തരം പറഞ്ഞു.

14, അതിന്നു ഹഗ്ഗായി ഉത്തരം പറഞ്ഞതെന്തെന്നാൽ: അങ്ങനെ തന്നേ ഈ ജനവും അങ്ങനെ തന്നേ ഈ ജാതിയും എന്റെ സന്നിധിയിൽ ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു. അവരുടെ കൈകളുടെ പ്രവൃത്തിയൊക്കെയും അങ്ങനെ തന്നേ; അവർ അവിടെ അർപ്പിക്കുന്നതും അശുദ്ധം അത്രേ.

15, ആകയാൽ നിങ്ങൾ ഇന്നു തൊട്ടു പിന്നോക്കം, യഹോവയുടെ മന്ദിരത്തിങ്കൽ കല്ലിന്മേൽ കല്ലു വെച്ചതിന്നു മുമ്പുള്ളകാലം വിചാരിച്ചുകൊൾവിൻ.

16, ആ കാലത്തു ഒരുത്തൻ ഇരുപതു പറയുള്ള കൂമ്പാരത്തിലേക്കു ചെല്ലുമ്പോൾ പത്തു മാത്രമേ കാണുകയുള്ളു; ഒരുത്തൻ അമ്പതു പാത്രം കോരുവാൻ ചക്കാലയിൽ ചെല്ലുമ്പോൾ ഇരുപതു മാത്രമേ കാണുകയുള്ളു.

17, വെൺകതിരും വിഷമഞ്ഞും കൽമഴയുംകൊണ്ടു ഞാൻ നിങ്ങളെ നിങ്ങളുടെ കൈകളുടെ സകല പ്രവൃത്തികളിലും ദണ്ഡിപ്പിച്ചു; എങ്കിലും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

18, നിങ്ങൾ ഇന്നുതൊട്ടു മുമ്പോട്ടു ദൃഷ്ടിവെക്കുവിൻ; ഒമ്പതാം മാസം, ഇരുപത്തു നാലാം തിയ്യതിമുതൽ, യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തിൽ തന്നേ ദൃഷ്ടിവെക്കുവിൻ.

19, വിത്തു ഇനിയും കളപ്പുരയിൽ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായക്കുന്നില്ലയോ? ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.

സെരുബ്ബാബേൽ ദൈവത്തിന്റെ മുദ്രമോതിരം

20, ഇരുപത്തു നാലാം തിയ്യതി യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കുണ്ടായതെന്തെന്നാൽ:

21, നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോടു പറയേണ്ടതു: ഞാൻ ആകാശത്തെയും ഭൂമിയെയും ഇളക്കും.

22, ഞാൻ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാൻ രഥത്തെയും അതിൽ കയറി ഓടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും പുറത്തു കയറി ഓടിക്കുന്നവരും ഓരോരുത്തൻ താന്താന്റെ സഹോദരന്റെ വാളിനാൽ വീഴും.

23, അന്നാളിൽ–സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു–എന്റെ ദാസനായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലേ, ഞാൻ നിന്നെ എടുത്തു മുദ്രമോതിരമാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

സെഖര്യാവിന്റെ പുസ്തകം

അധ്യായങ്ങൾ 1–6

പ്രവാസത്തിൽ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള പ്രവചനങ്ങളും പ്രവാചകന്റെ ദർശനങ്ങളും:

“സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ” – സെഖർയ്യാവു  4:6:

സെഖർയ്യാവു  1

കർത്താവിലേക്ക് മടങ്ങാനുള്ള ഒരു വിളി

1. ദാർയ്യാവേശിന്റെ രണ്ടാം ആണ്ടു എട്ടാം മാസത്തിൽ ഇദ്ദോ പ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖർയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

2. യഹോവ നിങ്ങളുടെ പിതാക്കന്മാരോടു അത്യന്തം കോപിച്ചിരിക്കുന്നു.

3. ആകയാൽ നീ അവരോടു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

4. നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുതു; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്‌പ്രവൃത്തികളെയും വിട്ടുതിരിവിൻ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കയോ എനിക്കു ചെവി തരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.

5. നിങ്ങളുടെ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ?

6. എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടർന്നുപിടിച്ചില്ലയോ? ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‍വാൻ നിരൂപിച്ചതുപോലെ തന്നേ അവൻ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്നു അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ?

കൊഴുന്തുകളുടെ ഇടയിലെ മനുഷ്യൻ

7. ദാർയ്യാവേശിന്റെ രണ്ടാം ആണ്ടിൽ ശെബാത്ത് മാസമായ പതിനൊന്നാം മാസം, ഇരുപത്തു നാലാം തിയ്യതി, ഇദ്ദോവിന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖർയ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:

8. ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവൻ ചോലയിലെ കൊഴുന്തുകളുടെ ഇടയിൽ നിന്നു; അവന്റെ പിമ്പിൽ ചുവപ്പും കുരാൽനിറവും വെണ്മയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു.

യജമാനനേ, ഇവർ ആരാകുന്നു എന്നു ഞാൻ ചോദിച്ചതിന്നു എന്നോടു സംസാരിക്കുന്ന ദൂതൻ: ഇവർ ആരെന്നു ഞാൻ നിനക്കു കാണിച്ചുതരാം എന്നു എന്നോടു പറഞ്ഞു.

10. എന്നാൽ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന പുരുഷൻ: ഇവർ ഭൂമിയിൽ ഊടാടി സഞ്ചരിക്കേണ്ടതിന്നു യഹോവ അയച്ചിരിക്കുന്നവർ തന്നേ എന്നു ഉത്തരം പറഞ്ഞു.

11. അവർ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന യഹോവയുടെ ദൂതനോടു: ഞങ്ങൾ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു, സർവ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്നു ഉത്തരം പറഞ്ഞു.

12. എന്നാറെ യഹോവയുടെ ദൂതൻ: സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു.

13. അതിന്നു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.

14. എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു പറഞ്ഞതു: നീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിന്നും സീയോന്നും വേണ്ടി മഹാ തീക്ഷ്ണതയോടെ എരിയുന്നു.

15. ഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർത്ഥത്തിന്നായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാൻ അത്യന്തം കോപിക്കുന്നു.

16. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതിൽ പണിയും; യെരൂശലേമിന്മേൽ അളവുനൂൽ പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

17. നീ ഇനിയും പ്രസംഗിച്ചു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ പട്ടണങ്ങൾ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും.

നാല് കൊമ്പുകളും നാല് കൊല്ലന്മാരും :

18. ഞാൻ തല പൊക്കി നോക്കിയപ്പോൾ നാലു കൊമ്പു കണ്ടു.

19. എന്നോടു സംസാരിക്കുന്ന ദൂതനോടു: ഇവ എന്താകുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ എന്നോടു: ഇവ യെഹൂദയെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ എന്നു ഉത്തരം പറഞ്ഞു.

20. യഹോവ എനിക്കു നാലു കൊല്ലന്മാരെ കാണിച്ചുതന്നു.

21. ഇവർ എന്തുചെയ്‍വാൻ വന്നിരിക്കുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ: ആരും തല ഉയർത്താതവണ്ണം യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; ഇവരോ യെഹൂദാദേശത്തെ ചിതറിച്ചുകളയേണ്ടതിന്നു കൊമ്പുയർത്തിയ ജാതികളുടെ കൊമ്പുകളെ തള്ളിയിട്ടു അവരെ പേടിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.

സെഖർയ്യാവു  2 അളക്കുന്ന രേഖയുള്ള ഒരു മനുഷ്യൻ

1. ഞാൻ പിന്നെയും തല പൊക്കി നോക്കിയപ്പോൾ, കയ്യിൽ അളവുനൂൽ പിടിച്ചിരിക്കുന്നോരു പുരുഷനെ കണ്ടു.

2. നീ എവിടേക്കു പോകുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ: ഞാൻ യെരൂശലേമിനെ അളന്നു അതിന്റെ വീതി എന്തെന്നും നീളം എന്തെന്നും നോക്കുവാൻ പോകുന്നു എന്നു എന്നോടു പറഞ്ഞു.

3. എന്നാൽ എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തുവന്നു; അവനെ എതിരേല്പാൻ മറ്റൊരു ദൂതനും പുറത്തുവന്നു അവനോടു പറഞ്ഞതു:

4. നീ വേഗം ചെന്നു ഈ ബാല്യക്കാരനോടു സംസാരിച്ചു: യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക.

5. എന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

6. ഹേ, ഹേ, വടക്കെ ദേശം വിട്ടോടുവിൻ! എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളെ ആകാശത്തിന്റെ നാലു കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.

7. ഹേ, ബാബേൽ പുത്രിയുടെ അടുക്കൽ പാർക്കുന്ന സീയോനേ, ചാടിപ്പോക.

8. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു കവർച്ച ചെയ്ത ജാതികളുടെ അടുക്കൽ അവൻ എന്നെ മഹത്വത്തിന്നായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവൻ അവന്റെ കണ്മണിയെ തൊടുന്നു.

9. ഞാൻ അവരുടെ നേരെ കൈ കുലുക്കും; അവർ തങ്ങളുടെ ദാസന്മാർക്കു കവർച്ചയായ്തീരും; സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറികയും ചെയ്യും.

10. സീയോൻ പുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്റെ മദ്ധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാടു.

11. അന്നാളിൽ പല ജാതികളും യഹോവയോടു ചേർന്നു എനിക്കു ജനമായ്തീരും; ഞാൻ നിന്റെ മദ്ധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.

12. യഹോവ വിശുദ്ധദേശത്തു യെഹൂദയെ തന്റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.

13. സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിപ്പിൻ; അവൻ തന്റെ വിശുദ്ധനിവാസത്തിൽനിന്നു എഴുന്നരുളിയിരിക്കുന്നു.

സെഖർയ്യാവു 3 മഹാപുരോഹിതനായുള്ള വസ്ത്രങ്ങൾ

1. അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു.

2. യഹോവ സാത്താനോടു: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു.

3. എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പിൽ നിൽക്കയായിരുന്നു.

4. അവൻ തന്റെ മുമ്പിൽ നില്ക്കുന്നവരോടു: മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ എന്നു കല്പിച്ചു; പിന്നെ അവനോടു: ഞാൻ നിന്റെ അകൃത്യം നിന്നിൽനിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്നു അരുളിച്ചെയ്തു.

5. അവന്റെ തലയിൽ വെടിപ്പുള്ളോരു മുടി വെക്കട്ടെ എന്നു അവൻ കല്പിച്ചു; അങ്ങനെ അവർ അവന്റെ തലയിൽ വെടിപ്പുള്ളോരു മുടി വെച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു യഹോവയുടെ ദൂതനോ അടുക്കെ നിൽക്കയായിരുന്നു.

6. യഹോവയുടെ ദൂതൻ യോശുവയോടു സാക്ഷീകരിച്ചതെന്തെന്നാൽ:

7. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ വഴികളിൽ നടക്കയും എന്റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്റെ ആലയത്തെ പരിപാലിക്കയും എന്റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാൻ നിനക്കു ഈ നില്ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കയും ചെയ്യും.

8. മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊൾവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും.

9. ഞാൻ യോശുവയുടെ മുമ്പിൽ വെച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ടു; ഞാൻ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

10. അന്നാളിൽ നിങ്ങൾ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിൻ കീഴിലേക്കും ക്ഷണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

സെഖർയ്യാവു 4 പൊന്നുകൊണ്ടുള്ളോരു വിളക്കുതണ്ടും രണ്ടു ഒലിവുമരവും

1. എന്നോടു സംസാരിക്കുന്ന ദൂതൻ പിന്നെയും വന്നു, ഉറക്കത്തിൽനിന്നു ഉണർത്തുന്നതു പോലെ എന്നെ ഉണർത്തി.

2. നീ എന്തു കാണുന്നു എന്നു എന്നോടു ചോദിച്ചതിന്നു ഞാൻ: മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളക്കുതണ്ടും അതിന്റെ തലെക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്റെ തലെക്കലുള്ള ഏഴു വിളക്കിന്നു ഏഴു കുഴലും

3. അതിന്നരികെ കുടത്തിന്റെ വലത്തുഭാഗത്തു ഒന്നും ഇടത്തുഭാഗത്തു ഒന്നും ഇങ്ങനെ രണ്ടു ഒലിവുമരവും ഞാൻ കാണുന്നു എന്നു പറഞ്ഞു.

4. എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാൻ: യജമാനനേ, ഇതു എന്താകുന്നു എന്നു ചോദിച്ചു.

5. എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു.

6. അവൻ എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

7. സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആർ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും.

8. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

9. സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നേ അതു തീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും.

10. അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.

11. അതിന്നു ഞാൻ അവനോടു: വിളക്കുതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു.

12. ഞാൻ രണ്ടാം പ്രാവശ്യം അവനോടു: പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിന്നരികെ പൊൻ നിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവുകൊമ്പു എന്തു എന്നു ചോദിച്ചു.

13. അവൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു.

14. അതിന്നു അവൻ: ഇവർ സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു അഭിഷിക്തന്മാർ എന്നു പറഞ്ഞു.

സെഖർയ്യാവു 5 പാറിപ്പോകുന്ന ഒരു ചുരുൾ

1. ഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ, പാറിപ്പോകുന്ന ഒരു ചുരുൾ കണ്ടു.

2. അവൻ എന്നോടു: നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു: പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന്നു ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ടു എന്നു ഞാൻ ഉത്തരം പറഞ്ഞു.

3. അവൻ എന്നോടു പറഞ്ഞതു: ഇതു സർവ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവൻ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവൻ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും.

4. ഞാൻ അതിനെ പുറപ്പെടുവിച്ചിട്ടു അതു കള്ളന്റെ വീട്ടിലേക്കും എന്റെ നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെല്ലും; അതു അവന്റെ വീട്ടിന്നകത്തു താമസിച്ചു, അതിനെ മരവും കല്ലുമായി നശിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

ഒരു കൊട്ടയിലെ സ്ത്രീ

5. അനന്തരം എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തുവന്നു എന്നോടു: നീ തലപൊക്കി ഈ പുറപ്പെടുന്നതു എന്താകുന്നു എന്നു നോക്കുക എന്നു പറഞ്ഞു.

6. അതെന്തെന്നു ഞാൻ ചോദിച്ചതിന്നു: പുറപ്പെടുന്നതായോരു ഏഫാ എന്നു അവൻ പറഞ്ഞു; അതു സർവ്വദേശത്തിലും ഉള്ള അവരുടെ അകൃത്യം എന്നും അവൻ പറഞ്ഞു.

7. പിന്നെ ഞാൻ വട്ടത്തിലുള്ളോരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫയുടെ നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു.

8. ഇതു ദുഷ്ടതയാകുന്നു എന്നു പറഞ്ഞു അവൻ അവളെ ഏഫയുടെ അകത്താക്കി ഈയ്യപ്പലകകൊണ്ടു അടെച്ചു.

9. ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, രണ്ടു സ്ത്രീകൾ പുറത്തു വരുന്നതു കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവർക്കു പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവർ ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ ഏഫയെ പൊക്കിക്കൊണ്ടുപോയി.

10. എന്നോടു സംസാരിക്കുന്ന ദൂതനോടു: അവർ ഏഫയെ എവിടേക്കു കൊണ്ടുപോകുന്നു എന്നു ഞാൻ ചോദിച്ചു.

11. അതിന്നു അവൻ: ശിനാർദേശത്തു അവർ അവൾക്കു ഒരു വീടു പണിവാൻ പോകുന്നു; അതു തീർന്നാൽ അവളെ സ്വസ്ഥാനത്തു പാർപ്പിക്കും എന്നു എന്നോടു പറഞ്ഞു.

സെഖർയ്യാവു 6 നാല് രഥങ്ങൾ

1. ഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ രണ്ടു പർവ്വതങ്ങളുടെ ഇടയിൽനിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പർവ്വതങ്ങളോ താമ്രപർവ്വതങ്ങൾ ആയിരുന്നു.

2. ഒന്നാമത്തെ രഥത്തിന്നു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിന്നു കറുത്ത കുതിരകളെയും

3. മൂന്നാമത്തെ രഥത്തിന്നു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിന്നു പുള്ളിയും കുരാൽനിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.

4. എന്നോടു സംസാരിക്കുന്ന ദൂതനോടു: യജമാനനേ, ഇതു എന്താകുന്നു എന്നു ഞാൻ ചോദിച്ചു.

5. ദൂതൻ എന്നോടു ഉത്തരം പറഞ്ഞതു: ഇതു സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിന്നിട്ടു പുറപ്പെടുന്ന ആകാശത്തിലെ നാലു കാറ്റു ആകുന്നു.

6. കറുത്ത കുതിരകൾ ഉള്ളതു വടക്കെ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ അവയുടെ പിന്നാലെ പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്കു പുറപ്പെട്ടു.

7. കുരാൽനിറമുള്ളവ പുറപ്പെട്ടു ഭൂമിയിൽ ഊടാടി സഞ്ചരിപ്പാൻ നോക്കി: നിങ്ങൾ പോയി ഭൂമിയിൽ ഊടാടി സഞ്ചരിപ്പിൻ എന്നു അവൻ കല്പിച്ചു; അങ്ങനെ അവ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു.

അവൻ എന്നോടു ഉറക്കെ വിളിച്ചു; വടക്കെ ദേശത്തേക്കു പുറപ്പെട്ടിരിക്കുന്നവ വടക്കെ ദേശത്തിങ്കൽ എന്റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

യോശുവക്കു ഒരു കിരീടം

9. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

10. നീ ഹെല്ദായി, തോബീയാവു, യെദായാവു എന്നീ പ്രവാസികളോടു വാങ്ങുക; അവർ ബാബേലിൽനിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്റെ മകനായ യോശീയാവിന്റെ വീട്ടിൽ നീ അന്നു തന്നേ ചെല്ലേണം.

11. അവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ തലയിൽ വെച്ചു അവനോടു പറയേണ്ടതെന്തെന്നാൽ:

12. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവൻ തന്റെ നിലയിൽനിന്നു മുളെച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.

13. അവൻ തന്നേ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.

14. ആ കിരീടമോ, ഹേലെം, തോബീയാവു, യെദായാവു, സെഫന്യാവിന്റെ മകനായ ഹേൻ എന്നിവരുടെ ഓർമ്മെക്കായി യഹോവയുടെ മന്ദിരത്തിൽ ഉണ്ടായിരിക്കേണം.

15. എന്നാൽ ദൂരസ്ഥന്മാർ വന്നു യഹോവയുടെ മന്ദിരത്തിങ്കൽ പണിയും; സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും; നിങ്ങൾ ശ്രദ്ധയോടെ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമെങ്കിൽ അതു സംഭവിക്കും.

Return of the Israelites from Medo – Persian 70 years exile – Part II::

എസ്രാ 7 എസ്രാ ജറുസലേമിലേക്ക് വരുന്നു:

1 അതിന്റെശേഷം പാർസിരാജാവായ അർത്ഥഹ് ശഷ്ടാവിന്റെ വാഴ്ചകാലത്തു എസ്രാ ബാബേലിൽനിന്നു വന്നു. അവൻ സെരായാവിന്റെ മകൻ; അവൻ അസർയ്യാവിന്റെ മകൻ; അവൻ ഹിൽക്കീയാവിന്റെ മകൻ;
അവൻ ശല്ലൂമിന്റെ മകൻ; അവൻ സാദോക്കിന്റെ മകൻ; അവൻ അഹീത്തൂബിന്റെ മകൻ;
അവൻ അമർയ്യാവിന്റെ മകൻ; അവൻ അസർയ്യാവിന്റെ മകൻ; അവൻ മെരായോത്തിന്റെ മകൻ;
അവൻ സെരഹ്യാവിന്റെ മകൻ; അവൻ ഉസ്സിയുടെ മകൻ;
അവൻ ബുക്കിയുടെ മകൻ; അവൻ അബീശൂവയുടെ മകൻ; അവൻ ഫീനെഹാസിന്റെ മകൻ; അവൻ എലെയാസാരിന്റെ മകൻ; അവൻ മഹാപുരോഹിതനായ അഹരോന്റെ മകൻ.
ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.
അവനോടുകൂടെ യിസ്രായേൽമക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതിൽകാവൽക്കാരിലും ദൈവാലയദാസന്മാരിലും ചിലർ അർത്ഥഹ് ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടിൽ യെരൂശലേമിൽ വന്നു.
അഞ്ചാം മാസത്തിൽ ആയിരുന്നു അവൻ യെരൂശലേമിൽ വന്നതു; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു.
ഒന്നാം മാസം ഒന്നാം തിയ്യതി അവൻ ബാബേലിൽനിന്നു യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ടു അവൻ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമിൽ എത്തി.
10 യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.

എസ്രാപുരോഹിതന്നു അർത്ഥഹ് ശഷ്ടാരാജാവു കൊടുത്ത എഴുത്ത്:

11 യിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളിൽ വിദഗ്ദ്ധശാസ്ത്രീയായ എസ്രാപുരോഹിതന്നു അർത്ഥഹ് ശഷ്ടാരാജാവു കൊടുത്ത എഴുത്തിന്റെ പകർപ്പാവിതു:
12 രാജാധിരാജാവായ അർത്ഥഹ് ശഷ്ടാവു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രീയായ എസ്രാപുരോഹിതന്നു എഴുതുന്നതു: ഇത്യാദി.
13 നമ്മുടെ രാജ്യത്തുള്ള യിസ്രായേൽജനത്തിലും അവന്റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാൻ മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിന്നു ഞാൻ കല്പന കൊടുത്തിരിക്കുന്നു.
14 നിന്റെ കൈവശം ഇരിക്കുന്ന നിന്റെ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദയിലെയും യെരൂശലേമിലെയും കാര്യം അന്വേഷിപ്പാനും രാജാവും അവന്റെ മന്ത്രിമാരും
15 യെരൂശലേമിൽ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവത്തിന്നു ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും,
16 ബാബേൽ സംസ്ഥാനത്തുനിന്നൊക്കെയും നിനക്കു ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം യെരൂശലേമിൽ തങ്ങളുടെ ദൈവത്തിന്റെ ആലയം വകെക്കു ജനവും പുരോഹിതന്മാരും തരുന്ന ഔദാര്യദാനങ്ങളോടുകൂടെ കൊണ്ടുപോകുവാനും രാജാവും അവന്റെ ഏഴു മന്ത്രിമാരും നിന്നെ അയക്കുന്നു.
17 ആകയാൽ നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ടു കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവെക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും മേടിച്ചു യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേൽ അർപ്പിക്കേണം.
18 ശേഷിപ്പുള്ള വെള്ളിയും പൊന്നുംകൊണ്ടു ചെയ്‍വാൻ നിനക്കും നിന്റെ സഹോദരന്മാർക്കും യുക്തമെന്നു തോന്നുംപോലെ നിങ്ങളുടെ ദൈവത്തിന്നു പ്രസാദമാകുംവണ്ണം ചെയ്തുകൊൾവിൻ.
19 നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കായിട്ടു നിന്റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളും നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയിൽ ഏല്പിക്കേണം.
20 നിന്റെ ദൈവത്തിന്റെ ആലയത്തിന്നു പിന്നെയും ആവശ്യമുള്ളതായി കൊടുക്കേണ്ടിവരുന്നതു നീ രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുത്തു കൊള്ളേണം.
21 അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോർ കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയുംവരെയും
22 ഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം.
23 രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും രാജ്യത്തിന്മേൽ ക്രോധം വരാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ആലയത്തിന്നു അവകാശമുള്ളതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു.
24 പുരോഹിതന്മാർ, ലേവ്യർ, സംഗീതക്കാർ, വാതിൽകാവൽക്കാർ, ദൈവാലയദാസന്മാർ എന്നിവർക്കും ദൈവത്തിന്റെ ഈ ആലയത്തിൽ ശുശ്രൂഷിക്കുന്ന യാതൊരുത്തന്നും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങൾക്കു അറിവുതരുന്നു.
25 നീയോ എസ്രയേ, നിനക്കു നിന്റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാർക്കുന്ന സകലജനത്തിന്നും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവർക്കും തന്നേ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന്നു അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം; അറിയാത്തവർക്കോ നിങ്ങൾ അവയെ ഉപദേശിച്ചുകൊടക്കേണം.
26 എന്നാൽ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യയാപ്രമാണവും അനുസരിക്കാത്ത ഏവനെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവന്നു കല്പിക്കേണ്ടതാകുന്നു.
27 യെരൂശലേമിലെ യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന്നു ഇങ്ങനെ രാജാവിന്നു തോന്നിക്കയും രാജാവിന്റെയും അവന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകല പ്രഭുവീരന്മാരുടെയും ദയ എനിക്കു ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
28 ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാൽ ഞാൻ ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.

എസ്രാ 8 യെരുശലേമിലേക്കുള്ള മടക്കം :

15 ഇവരെ ഞാൻ അഹവായിലേക്കു ഒഴുകുന്ന ആറ്റിന്നരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങൾ മൂന്നു ദിവസം പാളയമടിച്ചു പാർത്തു; ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോൾ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.
16 ആകയാൽ ഞാൻ എലീയേസെർ, അരീയേൽ, ശെമയ്യാവു, എൽനാഥാൻ, യാരീബ്, എൽനാഥാൻ നാഥാൻ, സെഖർയ്യാവു, മെശുല്ലാം എന്നീ തലവന്മാരെയും യോയാരീബ്, എൽനാഥാൻ എന്ന ഉപാദ്ധ്യായന്മാരെയും വിളിപ്പിച്ചു,
17 കാസിഫ്യാ എന്ന സ്ഥലത്തിലെ പ്രധാനിയായ ഇദ്ദോവിന്റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിന്നു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു അവർ കാസിഫ്യയിലെ ഇദ്ദോവോടും അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ടുന്ന വാക്കുകളെ അവർക്കു ഉപദേശിച്ചുകൊടുത്തു.
18 ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്കു അനുകൂലമായിരുന്നതിനാൽ അവർ യിസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ളിയുടെ പുത്രന്മാരിൽ വിവേകമുള്ളോരു പുരുഷൻ ശേരബ്യാവു, അവന്റെ പുത്രന്മാർ, സഹോദരന്മാർ
19 ഇങ്ങനെ പതിനെട്ടുപേരെയും മെരാരിപുത്രന്മാരിൽ, ഹശബ്യാവു അവനോടുകൂടെ യെശയ്യാവു, അവന്റെ പുത്രന്മാർ, സഹോദരന്മാർ
20 ഇങ്ങനെ ഇരുപതുപേരെയും ദാവീദും പ്രഭുക്കന്മാരും ലേവ്യർക്കു ശുശ്രൂഷക്കാരായികൊടുത്ത ദൈവാലയദാസന്മാരിൽ ഇരുനൂറ്റിരുപതുപേരേയും ഞങ്ങളുടെ അടുക്കൽ കൂട്ടി കൊണ്ടുവന്നു; അവരുടെ പേരൊക്കെയും കുറിച്ചുവെച്ചിരുന്നു.
21 അനന്തരം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നേ താഴ്ത്തേണ്ടതിന്നും ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ഞങ്ങളുടെ സകലസമ്പത്തിന്നും വേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിന്നും ഞാൻ അവിടെ അഹവാആറ്റിന്റെ അരികെവെച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.
22 ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവർക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവർക്കും പ്രതികൂലമായും ഇരിക്കുന്നു എന്നു ഞങ്ങൾ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ടു വഴിയിൽ ശത്രുവിന്റെ നേരെ ഞങ്ങൾക്കു തുണയായിരിക്കേണ്ടതിന്നു പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാൻ ഞാൻ ലജ്ജിച്ചിരുന്നു.
23 അങ്ങനെ ഞങ്ങൾ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോടു അതിനെക്കുറിച്ചു പ്രാർത്ഥിച്ചു; അവൻ ഞങ്ങളുടെ പ്രാർത്ഥന കേട്ടു.
24 പിന്നെ ഞാൻ പുരോഹിതന്മാരുടെ പ്രധാനികളിൽവെച്ചു ശേരെബ്യാവെയും ഹശബ്യാവെയും അവരോടുകൂടെ അവരുടെ സഹോദരന്മാരിൽ പത്തുപേരെയും ഇങ്ങനെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു.
25 രാജാവും അവന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള യിസ്രായേല്യരൊക്കെയും നമ്മുടെ ദൈവത്തിന്റെ ആലയംവകെക്കു അർപ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാൻ അവർക്കു തൂക്കിക്കൊടുത്തു.
26 ഞാൻ അവരുടെ കയ്യിൽ അറുനൂറ്റമ്പതു താലന്ത് വെള്ളിയും നൂറു താലന്ത് വെള്ളിയുപകരണങ്ങളും നൂറു താലന്ത് പൊന്നും
27 ആയിരം തങ്കക്കാശു വിലയുള്ള ഇരുപതു പൊൻ പാത്രങ്ങളും പൊന്നുപോലെ വിലയുള്ളതായി മിനുക്കിയ നല്ല താമ്രംകൊണ്ടുള്ള രണ്ടു പാത്രങ്ങളും തൂക്കിക്കൊടുത്തു.
28 ഞാൻ അവരോടു: നിങ്ങൾ ദൈവത്തിന്നു വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നേ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവെക്കു ഔദാര്യ ദാനമാകുന്നു;
29 നിങ്ങൾ അവയെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികൾക്കും യിസ്രായേലിന്റെ പിതൃഭവനപ്രഭുക്കന്മാർക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊൾവിൻ എന്നു പറഞ്ഞു.
30 അങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും പൊന്നും ഉപകരണങ്ങളും യെരൂശലേമിൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുപോകേണ്ടതിന്നു തൂക്കപ്രകാരം ഏറ്റുവാങ്ങി.
31 യെരൂശലേമിന്നു പോകുവാൻ ഞങ്ങൾ ഒന്നാം മാസം പന്ത്രണ്ടാം തിയ്യതി അഹവാ ആറ്റിങ്കൽനിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്കു അനുകൂലമായിരുന്നു; അവൻ ശത്രുവിന്റെ കയ്യിൽനിന്നും വഴിയിൽ പതിയിരിക്കുന്നവന്റെ കയ്യിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു.
32 അങ്ങനെ ഞങ്ങൾ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം പാർത്തു.
33 നാലാം ദിവസം ഞങ്ങൾ ആ വെള്ളിയും പൊന്നും ഉപകരണങ്ങളും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽ ഊരീയാപുരോഹിതന്റെ മകനായ മെരേമോത്തിന്റെ കയ്യിൽ തൂക്കിക്കൊടുത്തു; അവനോടു കൂടെ ഫീനെഹാസിന്റെ മകനായ എലെയാസാരും അവരോടുകൂടെ യേശുവയുടെ മകനായ യോസാബാദ്, ബിന്നൂവിയുടെ മകനായ നോവദ്യാവു എന്നീ ലേവ്യരും ഉണ്ടായിരുന്നു.
34 എല്ലാം എണ്ണപ്രകാരവും തൂക്കപ്രകാരവും കൊടുത്തു; തൂക്കം ഒക്കെയും ആ സമയം തന്നേ എഴുതിവെച്ചു.
35 പ്രവാസത്തിൽനിന്നു മടങ്ങിവന്ന പ്രവാസികൾ യിസ്രായേലിന്റെ ദൈവത്തിന്നു ഹോമയാഗങ്ങൾക്കായിട്ടു എല്ലാ യിസ്രായേലിന്നും വേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റാറു ആട്ടുകൊറ്റനെയും എഴുപത്തേഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും അർപ്പിച്ചു; അതൊക്കെയും യഹോവെക്കു ഹോമയാഗം ആയിരുന്നു.
36 അവർ രാജാവിന്റെ ആജ്ഞാപത്രങ്ങൾ നദിക്കു ഇക്കരെ രാജാവിന്റെ സംസ്ഥാനപതിമാർക്കും നാടുവാഴികൾക്കും കൊടുത്തു: അവർ ജനത്തിന്നും ദൈവത്തിന്റെ ആലയത്തിന്നും വേണ്ടുന്ന സഹായം ചെയ്തു.

എസ്രാ 9 വിവാഹബന്ധത്തെക്കുറിച്ചുള്ള എസ്രായുടെ പ്രാർത്ഥന:

1 അതിന്റെശേഷം പ്രഭുക്കന്മാർ എന്റെ അടുക്കൽവന്നു: യിസ്രായേൽജനവും പുരോഹിതന്മാരും ലേവ്യരും ദേശനിവാസികളോടു വേർപെടാതെ കനാന്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, അമ്മോന്യർ, മോവാബ്യർ, മിസ്രയീമ്യർ, അമോർയ്യർ എന്നിവരുടെ മ്ളേച്ഛതകളെ ചെയ്തുവരുന്നു.
അവരുടെ പുത്രിമാരെ അവർ തങ്ങൾക്കും തങ്ങളുടെ പുത്രന്മാർക്കും ഭാര്യമാരായി എടുത്തതുകൊണ്ടു വിശുദ്ധസന്തതി ദേശനിവാസികളോടു ഇടകലർന്നു പോയി; പ്രഭുക്കന്മാരുടെയും പ്രമാണികളുടെയും കൈ തന്നേ ഈ അകൃത്യത്തിൽ ഒന്നാമതായിരിക്കുന്നു എന്നും പറഞ്ഞു.
ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ എന്റെ വസ്ത്രവും മേലങ്കിയും കീറി എന്റെ തലയിലും താടിയിലുമുള്ള രോമം വലിച്ചു പറിച്ചു സ്തംഭിച്ചു കുത്തിയിരുന്നു.
പ്രവാസികളുടെ അകൃത്യംനിമിത്തം യിസ്രായേലിൻ ദൈവത്തിന്റെ വചനത്തിങ്കൽ വിറെക്കുന്നവരൊക്കെയും എന്റെ അടുക്കൽ വന്നുകൂടി; എന്നാൽ ഞാൻ സന്ധ്യായാഗംവരെ സ്തംഭിച്ചു കുത്തിയിരുന്നു.
സന്ധ്യായാഗത്തിന്റെ സമയത്തു ഞാൻ എന്റെ ആത്മതപനം വിട്ടു എഴുന്നേറ്റു കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയിങ്കലേക്കു കൈ മലർത്തി പറഞ്ഞതെന്തെന്നാൽ:
എന്റെ ദൈവമേ, ഞാൻ എന്റെ മുഖം എന്റെ ദൈവമായ നിങ്കലേക്കു ഉയർത്തുവാൻ ലജ്ജിച്ചു നാണിച്ചിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളുടെ തലെക്കുമീതെ പെരുകി കവിഞ്ഞിരിക്കുന്നു; ഞങ്ങളുടെ കുറ്റം ആകാശത്തോളം വളർന്നിരിക്കുന്നു.
ഞങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ ഇന്നുവരെയും ഞങ്ങൾ വലിയ കുറ്റക്കാരായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങൾനിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നുള്ളതുപോലെ വിദേശരാജാക്കന്മാരുടെ കയ്യിൽ വാളിന്നും പ്രവാസത്തിന്നും കവർച്ചെക്കും അപമാനത്തിന്നും ഏല്പിക്കപ്പെട്ടിരിക്കുന്നു.
ഇപ്പോഴോ, ഞങ്ങളുടെ ദൈവം ഞങ്ങളുടെ കണ്ണുകളെ പ്രകാശിപ്പിക്കേണ്ടതിന്നും ഞങ്ങളുടെ ദാസ്യസ്ഥിതിയിൽ ഞങ്ങൾക്കു കുറഞ്ഞോരു ജീവശക്തി നല്കേണ്ടതിന്നും ഞങ്ങളിൽ ഒരു ശേഷിപ്പിനെ രക്ഷിച്ചു തന്റെ വിശുദ്ധസ്ഥലത്തു ഞങ്ങൾക്കു ഒരു പാർപ്പിടം തരുവാൻ തക്കവണ്ണം ഞങ്ങൾക്കു ഒരു ക്ഷണനേരത്തേക്കു ഞങ്ങളുടെ ദൈവമായ യഹോവ കൃപ കാണിച്ചിരിക്കുന്നു.
ഞങ്ങൾ ദാസന്മാരാകുന്നു സത്യം; എങ്കിലും ഞങ്ങളുടെ ദാസ്യസ്ഥിതിയിൽ ഞങ്ങളുടെ ദൈവം ഞങ്ങളെ ഉപേക്ഷിക്കാതെ, ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണികയും അതിന്റെ ശൂന്യങ്ങളെ നന്നാക്കുകയും ചെയ്യേണ്ടതിന്നു ഞങ്ങൾക്കു ജീവശക്തി നല്കുവാനും യെഹൂദയിലും യെരൂശലേമിലും ഞങ്ങൾക്കു ഒരു സങ്കേതം തരുവാനും പാർസിരാജാക്കന്മാരുടെ ദൃഷ്ടിയില്‍ ഞങ്ങൾക്കു ദയ ലഭിക്കുമാറാക്കിയിരിക്കുന്നു.
10 ഇപ്പോൾ ഞങ്ങളുടെ ദൈവമേ, ഇതിന്നു ഞങ്ങൾ എന്തുപകാരം പറയേണ്ടു?
11 നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം ദേശനിവാസികളുടെ മലിനതയാലും ഒരു അറ്റംമുതൽ മറ്റെ അറ്റംവരെ അവർ നിറെച്ചിരിക്കുന്ന മ്ളേച്ഛതയാലും അവരുടെ അശുദ്ധിയാലും മലിനപ്പെട്ടിരിക്കുന്ന ദേശമത്രേ.
12 ആകയാൽ നിങ്ങൾ ശക്തിപ്പെട്ടു ദേശത്തിന്റെ നന്മ അനുഭവിച്ചു അതു എന്നേക്കും നിങ്ങളുടെ മക്കൾക്കു അവകാശമായി വെച്ചേക്കേണ്ടതിന്നു നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കാതെയും അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കു എടുക്കാതെയും അവരുടെ സമാധാനവും നന്മയും ഒരിക്കലും കരുതാതെയും ഇരിക്കേണം എന്നിങ്ങനെ നിന്റെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം നീ അരുളിച്ചെയ്ത കല്പനകളെ ഞങ്ങൾ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.
13 ഇപ്പോൾ ഞങ്ങളുടെ ദുഷ്‌പ്രവൃത്തികളും മഹാപാതകവും ഹേതുവായി ഇതെല്ലാം ഞങ്ങളുടെ മേൽ വന്നശേഷം ഞങ്ങളുടെ ദൈവമേ, നീ ഞങ്ങളുടെ അകൃത്യങ്ങൾക്കു തക്കവണ്ണം ഞങ്ങളെ ശിക്ഷിക്കാതെ ഞങ്ങൾക്കു ഇങ്ങനെ ഒരു ശേഷിപ്പിനെ തന്നിരിക്കെ
14 ഞങ്ങൾ നിന്റെ കല്പനകളെ വീണ്ടും ലംഘിക്കയും ഈ മ്ളേച്ഛത ചെയ്യുന്ന ജാതികളോടു സംബന്ധം കൂടുകയും ചെയ്യാമോ? ചെയ്താൽ ഒരു ശേഷിപ്പോ തെറ്റി ഒഴിഞ്ഞവരോ ഉണ്ടാകാതവണ്ണം നീ ഞങ്ങളെ മുടിച്ചുകളയുവോളം ഞങ്ങളോടു കോപിക്കയില്ലയോ?
15 യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ നീതിമാൻ; ഞങ്ങളോ ഇന്നുള്ളതു പോലെ തെറ്റി ഒഴിഞ്ഞ ഒരു ശേഷിപ്പത്രേ; ഞങ്ങളുടെ പാതകത്തോടുകൂടെ ഇതാ, ഞങ്ങൾ നിന്റെ മുമ്പാകെ ഇരിക്കുന്നു; അതു നിമിത്തം നിന്റെ മുമ്പാകെ നില്പാൻ ആർക്കും കഴിവില്ല.

എസ്രാ 10 പാപത്തെക്കുറിച്ചു ജനങ്ങളുടെ കുറ്റസമ്മതം

1. എസ്രാ ഇങ്ങനെ ദൈവാലയത്തിന്നു മുമ്പിൽ വീണുകിടന്നു കരഞ്ഞുപ്രാർത്ഥിക്കയും ഏറ്റുപറകയും ചെയ്തപ്പോൾ പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയോരു സഭ അവന്റെ അടുക്കൽ വന്നുകൂടി; ജനവും വളരെ കരഞ്ഞു.
അപ്പോൾ ഏലാമിന്റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്റെ മകൻ ശെഖന്യാവു എസ്രയോടു പറഞ്ഞതു: നാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു ദേശനിവാസികളിൽനിന്നു അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാര്യത്തിൽ യിസ്രായേലിന്നു വേണ്ടി ഇനിയും പ്രത്യാശയുണ്ടു.
ഇപ്പോൾ ആ സ്ത്രീകളെ ഒക്കെയും അവരിൽനിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിങ്കൽ വിറെക്കുന്നവരുടെയും നിർണ്ണയപ്രകാരം നീക്കിക്കളവാൻ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന്നു അനുസാരമായി നടക്കട്ടെ.
എഴുന്നേൽക്ക; ഇതു നീ നിർവ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവർത്തിക്ക.
അങ്ങനെ എസ്രാ എഴുന്നേറ്റു ഈ വാക്കു പോലെ ചെയ്യേണ്ടതിന്നു പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രഭുക്കന്മാരെയും എല്ലായിസ്രായേല്യരെയുംകൊണ്ടു സത്യം ചെയ്യിച്ചു; അവർ സത്യം ചെയ്തു.
എസ്രാ ദൈവാലയത്തിന്റെ മുമ്പിൽനിന്നു എഴുന്നേറ്റു എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ അറയിൽ ചെന്നു പ്രവാസികളുടെ ദ്രോഹംനിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാർത്തു.
അനന്തരം അവർ സകലപ്രവാസികളും യെരൂശലേമിൽ വന്നുകൂടേണം എന്നു
പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിർണ്ണയപ്രകാരം മൂന്നു ദിവസത്തിന്നകം ആരെങ്കിലും വരാതെയിരുന്നാൽ അവന്റെ വസ്തുവക ഒക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയിൽ നിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി.
അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നാം ദിവസത്തിന്നകം യെരൂശലേമിൽ വന്നുകൂടി; അതു ഒമ്പതാം മാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വന്മഴനിമിത്തവും വിറെച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്തു ഇരുന്നു.
10 അപ്പോൾ എസ്രാപുരോഹിതൻ എഴുന്നേറ്റു അവരോടു: നിങ്ങൾ ദ്രോഹംചെയ്തു യിസ്രായേലിന്റെ കുറ്റത്തെ വർദ്ധിപ്പിക്കേണ്ടതിന്നു അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു.
11 ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേർപെടുകയും ചെയ്‍വിൻ എന്നു പറഞ്ഞു.
12 അതിന്നു സർവ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞതു: നീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നേ ഞങ്ങൾ ചെയ്യേണ്ടതാകന്നു.
13 എങ്കിലും ജനം വളരെയും ഇതു വർഷകാലവും ആകുന്നു; വെളിയിൽ നില്പാൻ ഞങ്ങൾക്കു കഴിവില്ല; ഈ കാര്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കയാൽ ഇതു ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.
14 ആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാർ സർവ്വസഭെക്കും പ്രതിനിധികളായി നിൽക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ വരികയും ചെയ്യട്ടെ.
15 അതിന്നു അസാഹേലിന്റെ മകനായ യോനാഥാനും തിക്ക്വയുടെ മകനായ യഹ്സെയാവും മാത്രം വിരോധം പറഞ്ഞു; മെശുല്ലാമും ശബ്ബെഥായി എന്ന ലേവ്യനും അവരെ താങ്ങിപ്പറഞ്ഞു.
16 പ്രവാസികളോ അങ്ങനെ തന്നേ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവർ ഈ കാര്യം വിസ്തരിപ്പാൻ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.
17 അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകലപുരുഷന്മാരുടെയും കാര്യം അവർ ഒന്നാം മാസം ഒന്നാം തിയ്യതികൊണ്ടു തീർത്തു.

അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന കുറ്റവാളികൾ

18 പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാൽ: യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവു, എലീയേസെർ, യാരീബ്, ഗെദല്യാവു എന്നിവർ തന്നേ.
19 ഇവർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കയ്യടിച്ചു; അവർ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിന്നായി ഓരോ ആട്ടുകൊറ്റനെ യാഗം കഴിച്ചു.

ഹഗ്ഗായി 

ഹഗ്ഗായി  1 കർത്താവിന്റെ ആലയം പണിയാനുള്ള ഒരു വിളി:

1 ദാർയ്യാവേശ് രാജാവിന്റെ രണ്ടാം ആണ്ടു, ആറാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്നും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവെക്കും ഉണ്ടായതെന്തെന്നാൽ:
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലെന്നു ഈ ജനം പറയുന്നുവല്ലോ.
ഹഗ്ഗായി പ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ?
ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.
നിങ്ങൾ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.
നിങ്ങൾ മലയിൽ ചെന്നു മരം കൊണ്ടുവന്നു ആലയം പണിവിൻ; ഞാൻ അതിൽ പ്രസാദിച്ചു മഹത്വപ്പെടും എന്നു യഹോവ കല്പിക്കുന്നു.
നിങ്ങൾ അധികം കിട്ടുമെന്നു കാത്തിരുന്നു; എന്നാൽ അതു അല്പമായ്തീർന്നു; നിങ്ങൾ അതു വീട്ടിൽ കൊണ്ടുവന്നു; ഞാനോ അതു ഊതിക്കളഞ്ഞു; അതെന്തുകൊണ്ടു? എന്റെ ആലയം ശൂന്യമായ്ക്കിടക്കയും നിങ്ങൾ ഓരോരുത്തനും താന്താന്റെ വീട്ടിലേക്കു ഓടുകയും ചെയ്യുന്നതുകൊണ്ടു തന്നേ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
10 അതുകൊണ്ടു നിങ്ങൾനിമിത്തം ആകാശം മഞ്ഞു പെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി അനുഭവം തരുന്നതുമില്ല.
11 ഞാൻ ദേശത്തിന്മേലും മലകളിന്മേലും ധാന്യത്തിന്മേലും വീഞ്ഞിന്മേലും എണ്ണയിന്മേലും നിലത്തെ വിളവിന്മേലും മനുഷ്യരുടെമേലും മൃഗങ്ങളുടെ മേലും കൈകളുടെ സകല പ്രയത്നത്തിന്മേലും വറുതിയെ വിളിച്ചുവരുത്തിയിരിക്കുന്നു.
12 അങ്ങനെ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയും ജനത്തിൽ ശേഷിപ്പുള്ള ഏവരുമായി തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കും തങ്ങളുടെ ദൈവമായ യഹോവയുടെ നിയോഗത്തിന്നു ഒത്തവണ്ണം ഹഗ്ഗായി പ്രവാചകന്റെ വചനങ്ങളും കേട്ടനുസരിച്ചു; ജനം യഹോവയെ ഭയപ്പെടുകയും ചെയ്തു.
13 അപ്പോൾ യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂതായി ജനത്തോടു: ഞാൻ നിങ്ങളോടു കൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു എന്നു പറഞ്ഞു.
14 യഹോവ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്റെ മനസ്സും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ മനസ്സും ജനത്തിൽ ശേഷിപ്പുള്ള ഏവരുടെയും മനസ്സും ഉണർത്തി; അവർ വന്നു തങ്ങളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിങ്കൽ വേല ചെയ്തു.
15 ദാർയ്യാവേശ് രാജാവിന്റെ രണ്ടാം ആണ്ടു ആറാം മാസം ഇരുപത്തുനാലാം തിയ്യതി തന്നേ

Haggai 2 പുതിയ ആലയത്തിന്റെ വാഗ്ദത്തം ചെയ്യപ്പെട്ട മഹത്വം:

1 ഏഴാം മാസം ഇരുപത്തൊന്നാം തിയ്യതി ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
നീ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിനോടും മഹാ പുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയോടും ജനത്തിൽ ശേഷിപ്പുള്ളവരോടും പറയേണ്ടതെന്തെന്നാൽ:
നിങ്ങളിൽ ഈ ആലയത്തെ അതിന്റെ ആദ്യമഹത്വത്തോടെ കണ്ടവരായി ആർ ശേഷിച്ചിരിക്കുന്നു? ഇപ്പോൾ കണ്ടിട്ടു നിങ്ങൾക്കു എന്തു തോന്നുന്നു? ഏതുമില്ലാത്തതുപോലെ തോന്നുന്നില്ലയോ?
ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്‍വിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
നിങ്ങൾ മിസ്രയീമിൽ നിന്നു പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ വചനം ഓർപ്പിൻ; എന്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.
ഞാൻ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളതു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാൻ സമാധാനം നല്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

അശുദ്ധരായ ആളുകൾക്കുള്ള അനുഗ്രഹങ്ങൾ

10 ദാർയ്യാവേശിന്റെ രണ്ടാം ആണ്ടു, ഒമ്പതാം മാസം, ഇരുപത്തുനാലാം തിയ്യതി ഹഗ്ഗായി പ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
11 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ പുരോഹിതന്മാരോടു ന്യായപ്രമാണത്തെക്കുറിച്ചു ചോദിക്കേണ്ടതെന്തെന്നാൽ:
12 ഒരുത്തൻ തന്റെ വസ്ത്രത്തിന്റെ കോന്തലെക്കൽ വിശുദ്ധമാംസം വഹിച്ചു, ആ കോന്തലകൊണ്ടു അപ്പമോ പായസമോ വീഞ്ഞോ എണ്ണയോ ഏതെങ്കിലും ഒരു ഭക്ഷണസാധനമോ തൊട്ടാൽ അതു വിശുദ്ധമാകുമോ? അതിന്നു പുരോഹിതന്മാർ ഇല്ല എന്നുത്തരം പറഞ്ഞു.
13 എന്നാൽ ഹഗ്ഗായി: ശവത്താൽ അശുദ്ധനായ ഒരുത്തൻ അവയിൽ ഒന്നു തൊടുന്നുവെങ്കിൽ അതു അശുദ്ധമാകുമോ എന്നു ചോദിച്ചതിന്നു: അതു അശുദ്ധമാകും എന്നു പുരോഹിതന്മാർ ഉത്തരം പറഞ്ഞു.
14 അതിന്നു ഹഗ്ഗായി ഉത്തരം പറഞ്ഞതെന്തെന്നാൽ: അങ്ങനെ തന്നേ ഈ ജനവും അങ്ങനെ തന്നേ ഈ ജാതിയും എന്റെ സന്നിധിയിൽ ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു. അവരുടെ കൈകളുടെ പ്രവൃത്തിയൊക്കെയും അങ്ങനെ തന്നേ; അവർ അവിടെ അർപ്പിക്കുന്നതും അശുദ്ധം അത്രേ.
15 ആകയാൽ നിങ്ങൾ ഇന്നു തൊട്ടു പിന്നോക്കം, യഹോവയുടെ മന്ദിരത്തിങ്കൽ കല്ലിന്മേൽ കല്ലു വെച്ചതിന്നു മുമ്പുള്ളകാലം വിചാരിച്ചുകൊൾവിൻ.
16 ആ കാലത്തു ഒരുത്തൻ ഇരുപതു പറയുള്ള കൂമ്പാരത്തിലേക്കു ചെല്ലുമ്പോൾ പത്തു മാത്രമേ കാണുകയുള്ളു; ഒരുത്തൻ അമ്പതു പാത്രം കോരുവാൻ ചക്കാലയിൽ ചെല്ലുമ്പോൾ ഇരുപതു മാത്രമേ കാണുകയുള്ളു.
17 വെൺകതിരും വിഷമഞ്ഞും കൽമഴയുംകൊണ്ടു ഞാൻ നിങ്ങളെ നിങ്ങളുടെ കൈകളുടെ സകല പ്രവൃത്തികളിലും ദണ്ഡിപ്പിച്ചു; എങ്കിലും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
18 നിങ്ങൾ ഇന്നുതൊട്ടു മുമ്പോട്ടു ദൃഷ്ടിവെക്കുവിൻ; ഒമ്പതാം മാസം, ഇരുപത്തു നാലാം തിയ്യതിമുതൽ, യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തിൽ തന്നേ ദൃഷ്ടിവെക്കുവിൻ.
19 വിത്തു ഇനിയും കളപ്പുരയിൽ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായക്കുന്നില്ലയോ? ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.

സെരുബ്ബാബേൽ ദൈവത്തിന്റെ മുദ്രമോതിരം

20 ഇരുപത്തു നാലാം തിയ്യതി യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കുണ്ടായതെന്തെന്നാൽ:
21 നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോടു പറയേണ്ടതു: ഞാൻ ആകാശത്തെയും ഭൂമിയെയും ഇളക്കും.
22 ഞാൻ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാൻ രഥത്തെയും അതിൽ കയറി ഓടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും പുറത്തു കയറി ഓടിക്കുന്നവരും ഓരോരുത്തൻ താന്താന്റെ സഹോദരന്റെ വാളിനാൽ വീഴും.
23 അന്നാളിൽ–സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു–എന്റെ ദാസനായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലേ, ഞാൻ നിന്നെ എടുത്തു മുദ്രമോതിരമാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

സെഖര്യാവിന്റെ പുസ്തകം

അധ്യായങ്ങൾ 1–6

പ്രവാസത്തിൽ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള പ്രവചനങ്ങളും പ്രവാചകന്റെ ദർശനങ്ങളും:

“സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ” – സെഖർയ്യാവു  4:6:

സെഖർയ്യാവു  1

കർത്താവിലേക്ക് മടങ്ങാനുള്ള ഒരു വിളി

1 ദാർയ്യാവേശിന്റെ രണ്ടാം ആണ്ടു എട്ടാം മാസത്തിൽ ഇദ്ദോ പ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖർയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
യഹോവ നിങ്ങളുടെ പിതാക്കന്മാരോടു അത്യന്തം കോപിച്ചിരിക്കുന്നു.
ആകയാൽ നീ അവരോടു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുതു; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്‌പ്രവൃത്തികളെയും വിട്ടുതിരിവിൻ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കയോ എനിക്കു ചെവി തരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
നിങ്ങളുടെ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ?
എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടർന്നുപിടിച്ചില്ലയോ? ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‍വാൻ നിരൂപിച്ചതുപോലെ തന്നേ അവൻ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്നു അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ?

കൊഴുന്തുകളുടെ ഇടയിലെ മനുഷ്യൻ

ദാർയ്യാവേശിന്റെ രണ്ടാം ആണ്ടിൽ ശെബാത്ത് മാസമായ പതിനൊന്നാം മാസം, ഇരുപത്തു നാലാം തിയ്യതി, ഇദ്ദോവിന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖർയ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവൻ ചോലയിലെ കൊഴുന്തുകളുടെ ഇടയിൽ നിന്നു; അവന്റെ പിമ്പിൽ ചുവപ്പും കുരാൽനിറവും വെണ്മയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു.
യജമാനനേ, ഇവർ ആരാകുന്നു എന്നു ഞാൻ ചോദിച്ചതിന്നു എന്നോടു സംസാരിക്കുന്ന ദൂതൻ: ഇവർ ആരെന്നു ഞാൻ നിനക്കു കാണിച്ചുതരാം എന്നു എന്നോടു പറഞ്ഞു.
10 എന്നാൽ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന പുരുഷൻ: ഇവർ ഭൂമിയിൽ ഊടാടി സഞ്ചരിക്കേണ്ടതിന്നു യഹോവ അയച്ചിരിക്കുന്നവർ തന്നേ എന്നു ഉത്തരം പറഞ്ഞു.
11 അവർ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന യഹോവയുടെ ദൂതനോടു: ഞങ്ങൾ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു, സർവ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്നു ഉത്തരം പറഞ്ഞു.
12 എന്നാറെ യഹോവയുടെ ദൂതൻ: സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു.
13 അതിന്നു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.
14 എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു പറഞ്ഞതു: നീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിന്നും സീയോന്നും വേണ്ടി മഹാ തീക്ഷ്ണതയോടെ എരിയുന്നു.
15 ഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർത്ഥത്തിന്നായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാൻ അത്യന്തം കോപിക്കുന്നു.
16 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതിൽ പണിയും; യെരൂശലേമിന്മേൽ അളവുനൂൽ പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
17 നീ ഇനിയും പ്രസംഗിച്ചു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ പട്ടണങ്ങൾ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും.

നാല് കൊമ്പുകളും നാല് കൊല്ലന്മാരും :

18 ഞാൻ തല പൊക്കി നോക്കിയപ്പോൾ നാലു കൊമ്പു കണ്ടു.
19 എന്നോടു സംസാരിക്കുന്ന ദൂതനോടു: ഇവ എന്താകുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ എന്നോടു: ഇവ യെഹൂദയെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ എന്നു ഉത്തരം പറഞ്ഞു.
20 യഹോവ എനിക്കു നാലു കൊല്ലന്മാരെ കാണിച്ചുതന്നു.
21 ഇവർ എന്തുചെയ്‍വാൻ വന്നിരിക്കുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ: ആരും തല ഉയർത്താതവണ്ണം യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; ഇവരോ യെഹൂദാദേശത്തെ ചിതറിച്ചുകളയേണ്ടതിന്നു കൊമ്പുയർത്തിയ ജാതികളുടെ കൊമ്പുകളെ തള്ളിയിട്ടു അവരെ പേടിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.

സെഖർയ്യാവു  2 അളക്കുന്ന രേഖയുള്ള ഒരു മനുഷ്യൻ

1 ഞാൻ പിന്നെയും തല പൊക്കി നോക്കിയപ്പോൾ, കയ്യിൽ അളവുനൂൽ പിടിച്ചിരിക്കുന്നോരു പുരുഷനെ കണ്ടു.
നീ എവിടേക്കു പോകുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ: ഞാൻ യെരൂശലേമിനെ അളന്നു അതിന്റെ വീതി എന്തെന്നും നീളം എന്തെന്നും നോക്കുവാൻ പോകുന്നു എന്നു എന്നോടു പറഞ്ഞു.
എന്നാൽ എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തുവന്നു; അവനെ എതിരേല്പാൻ മറ്റൊരു ദൂതനും പുറത്തുവന്നു അവനോടു പറഞ്ഞതു:
നീ വേഗം ചെന്നു ഈ ബാല്യക്കാരനോടു സംസാരിച്ചു: യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക.
എന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
ഹേ, ഹേ, വടക്കെ ദേശം വിട്ടോടുവിൻ! എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളെ ആകാശത്തിന്റെ നാലു കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
ഹേ, ബാബേൽ പുത്രിയുടെ അടുക്കൽ പാർക്കുന്ന സീയോനേ, ചാടിപ്പോക.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു കവർച്ച ചെയ്ത ജാതികളുടെ അടുക്കൽ അവൻ എന്നെ മഹത്വത്തിന്നായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവൻ അവന്റെ കണ്മണിയെ തൊടുന്നു.
ഞാൻ അവരുടെ നേരെ കൈ കുലുക്കും; അവർ തങ്ങളുടെ ദാസന്മാർക്കു കവർച്ചയായ്തീരും; സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറികയും ചെയ്യും.
10 സീയോൻ പുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്റെ മദ്ധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാടു.
11 അന്നാളിൽ പല ജാതികളും യഹോവയോടു ചേർന്നു എനിക്കു ജനമായ്തീരും; ഞാൻ നിന്റെ മദ്ധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.
12 യഹോവ വിശുദ്ധദേശത്തു യെഹൂദയെ തന്റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.
13 സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിപ്പിൻ; അവൻ തന്റെ വിശുദ്ധനിവാസത്തിൽനിന്നു എഴുന്നരുളിയിരിക്കുന്നു.

സെഖർയ്യാവു 3 മഹാപുരോഹിതനായുള്ള വസ്ത്രങ്ങൾ

1 അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു.
യഹോവ സാത്താനോടു: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു.
എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പിൽ നിൽക്കയായിരുന്നു.
അവൻ തന്റെ മുമ്പിൽ നില്ക്കുന്നവരോടു: മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ എന്നു കല്പിച്ചു; പിന്നെ അവനോടു: ഞാൻ നിന്റെ അകൃത്യം നിന്നിൽനിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്നു അരുളിച്ചെയ്തു.
അവന്റെ തലയിൽ വെടിപ്പുള്ളോരു മുടി വെക്കട്ടെ എന്നു അവൻ കല്പിച്ചു; അങ്ങനെ അവർ അവന്റെ തലയിൽ വെടിപ്പുള്ളോരു മുടി വെച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു യഹോവയുടെ ദൂതനോ അടുക്കെ നിൽക്കയായിരുന്നു.
യഹോവയുടെ ദൂതൻ യോശുവയോടു സാക്ഷീകരിച്ചതെന്തെന്നാൽ:
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ വഴികളിൽ നടക്കയും എന്റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്റെ ആലയത്തെ പരിപാലിക്കയും എന്റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാൻ നിനക്കു ഈ നില്ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കയും ചെയ്യും.
മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊൾവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും.
ഞാൻ യോശുവയുടെ മുമ്പിൽ വെച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ടു; ഞാൻ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
10 അന്നാളിൽ നിങ്ങൾ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിൻ കീഴിലേക്കും ക്ഷണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

സെഖർയ്യാവു 4 പൊന്നുകൊണ്ടുള്ളോരു വിളക്കുതണ്ടും രണ്ടു ഒലിവുമരവും

1 എന്നോടു സംസാരിക്കുന്ന ദൂതൻ പിന്നെയും വന്നു, ഉറക്കത്തിൽനിന്നു ഉണർത്തുന്നതു പോലെ എന്നെ ഉണർത്തി.
2 നീ എന്തു കാണുന്നു എന്നു എന്നോടു ചോദിച്ചതിന്നു ഞാൻ: മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളക്കുതണ്ടും അതിന്റെ തലെക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്റെ തലെക്കലുള്ള ഏഴു വിളക്കിന്നു ഏഴു കുഴലും
3 അതിന്നരികെ കുടത്തിന്റെ വലത്തുഭാഗത്തു ഒന്നും ഇടത്തുഭാഗത്തു ഒന്നും ഇങ്ങനെ രണ്ടു ഒലിവുമരവും ഞാൻ കാണുന്നു എന്നു പറഞ്ഞു.
4 എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാൻ: യജമാനനേ, ഇതു എന്താകുന്നു എന്നു ചോദിച്ചു.
5 എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു.
6 അവൻ എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
7 സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആർ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും.
8 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
9 സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നേ അതു തീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും.
10 അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.
11 അതിന്നു ഞാൻ അവനോടു: വിളക്കുതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു.
12 ഞാൻ രണ്ടാം പ്രാവശ്യം അവനോടു: പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിന്നരികെ പൊൻ നിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവുകൊമ്പു എന്തു എന്നു ചോദിച്ചു.
13 അവൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു.
14 അതിന്നു അവൻ: ഇവർ സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു അഭിഷിക്തന്മാർ എന്നു പറഞ്ഞു.

സെഖർയ്യാവു 5 പാറിപ്പോകുന്ന ഒരു ചുരുൾ

1 ഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ, പാറിപ്പോകുന്ന ഒരു ചുരുൾ കണ്ടു.
അവൻ എന്നോടു: നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു: പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന്നു ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ടു എന്നു ഞാൻ ഉത്തരം പറഞ്ഞു.
അവൻ എന്നോടു പറഞ്ഞതു: ഇതു സർവ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവൻ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവൻ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും.
ഞാൻ അതിനെ പുറപ്പെടുവിച്ചിട്ടു അതു കള്ളന്റെ വീട്ടിലേക്കും എന്റെ നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെല്ലും; അതു അവന്റെ വീട്ടിന്നകത്തു താമസിച്ചു, അതിനെ മരവും കല്ലുമായി നശിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

ഒരു കൊട്ടയിലെ സ്ത്രീ

അനന്തരം എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തുവന്നു എന്നോടു: നീ തലപൊക്കി ഈ പുറപ്പെടുന്നതു എന്താകുന്നു എന്നു നോക്കുക എന്നു പറഞ്ഞു.
അതെന്തെന്നു ഞാൻ ചോദിച്ചതിന്നു: പുറപ്പെടുന്നതായോരു ഏഫാ എന്നു അവൻ പറഞ്ഞു; അതു സർവ്വദേശത്തിലും ഉള്ള അവരുടെ അകൃത്യം എന്നും അവൻ പറഞ്ഞു.
പിന്നെ ഞാൻ വട്ടത്തിലുള്ളോരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫയുടെ നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു.
ഇതു ദുഷ്ടതയാകുന്നു എന്നു പറഞ്ഞു അവൻ അവളെ ഏഫയുടെ അകത്താക്കി ഈയ്യപ്പലകകൊണ്ടു അടെച്ചു.
ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, രണ്ടു സ്ത്രീകൾ പുറത്തു വരുന്നതു കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവർക്കു പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവർ ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ ഏഫയെ പൊക്കിക്കൊണ്ടുപോയി.
10 എന്നോടു സംസാരിക്കുന്ന ദൂതനോടു: അവർ ഏഫയെ എവിടേക്കു കൊണ്ടുപോകുന്നു എന്നു ഞാൻ ചോദിച്ചു.
11 അതിന്നു അവൻ: ശിനാർദേശത്തു അവർ അവൾക്കു ഒരു വീടു പണിവാൻ പോകുന്നു; അതു തീർന്നാൽ അവളെ സ്വസ്ഥാനത്തു പാർപ്പിക്കും എന്നു എന്നോടു പറഞ്ഞു.

സെഖർയ്യാവു 6 നാല് രഥങ്ങൾ

1 ഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ രണ്ടു പർവ്വതങ്ങളുടെ ഇടയിൽനിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പർവ്വതങ്ങളോ താമ്രപർവ്വതങ്ങൾ ആയിരുന്നു.
ഒന്നാമത്തെ രഥത്തിന്നു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിന്നു കറുത്ത കുതിരകളെയും
മൂന്നാമത്തെ രഥത്തിന്നു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിന്നു പുള്ളിയും കുരാൽനിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.
എന്നോടു സംസാരിക്കുന്ന ദൂതനോടു: യജമാനനേ, ഇതു എന്താകുന്നു എന്നു ഞാൻ ചോദിച്ചു.
ദൂതൻ എന്നോടു ഉത്തരം പറഞ്ഞതു: ഇതു സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിന്നിട്ടു പുറപ്പെടുന്ന ആകാശത്തിലെ നാലു കാറ്റു ആകുന്നു.
കറുത്ത കുതിരകൾ ഉള്ളതു വടക്കെ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ അവയുടെ പിന്നാലെ പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്കു പുറപ്പെട്ടു.
കുരാൽനിറമുള്ളവ പുറപ്പെട്ടു ഭൂമിയിൽ ഊടാടി സഞ്ചരിപ്പാൻ നോക്കി: നിങ്ങൾ പോയി ഭൂമിയിൽ ഊടാടി സഞ്ചരിപ്പിൻ എന്നു അവൻ കല്പിച്ചു; അങ്ങനെ അവ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു.
അവൻ എന്നോടു ഉറക്കെ വിളിച്ചു; വടക്കെ ദേശത്തേക്കു പുറപ്പെട്ടിരിക്കുന്നവ വടക്കെ ദേശത്തിങ്കൽ എന്റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

യോശുവക്കു ഒരു കിരീടം

യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
10 നീ ഹെല്ദായി, തോബീയാവു, യെദായാവു എന്നീ പ്രവാസികളോടു വാങ്ങുക; അവർ ബാബേലിൽനിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്റെ മകനായ യോശീയാവിന്റെ വീട്ടിൽ നീ അന്നു തന്നേ ചെല്ലേണം.
11 അവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ തലയിൽ വെച്ചു അവനോടു പറയേണ്ടതെന്തെന്നാൽ:
12 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവൻ തന്റെ നിലയിൽനിന്നു മുളെച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.
13 അവൻ തന്നേ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.
14 ആ കിരീടമോ, ഹേലെം, തോബീയാവു, യെദായാവു, സെഫന്യാവിന്റെ മകനായ ഹേൻ എന്നിവരുടെ ഓർമ്മെക്കായി യഹോവയുടെ മന്ദിരത്തിൽ ഉണ്ടായിരിക്കേണം.
15 എന്നാൽ ദൂരസ്ഥന്മാർ വന്നു യഹോവയുടെ മന്ദിരത്തിങ്കൽ പണിയും; സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും; നിങ്ങൾ ശ്രദ്ധയോടെ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമെങ്കിൽ അതു സംഭവിക്കും.

Related Quiz Articles