പ്രവാചകന്മാരും രാജാക്കന്മാരും :

ഭാഗം – 1:

1 ശമുവേൽ 8:

ഇസ്രായേൽ ഒരു രാജാവിനായി ആവശ്യപ്പെടുന്നു:

1. ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിന്നു ന്യായാധിപന്മാരാക്കി.

2. അവന്റെ ആദ്യജാതന്നു യോവേൽ എന്നും രണ്ടാമത്തവന്നു അബീയാവു എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തുപോന്നു.

3. അവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.

4. ആകയാൽ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽ വന്നു, അവനോടു:

5. നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; ആകയാൽ സകല ജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.

6. ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവർ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാർത്ഥിച്ചു.

7. യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.

8 .ഞാൻ അവരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ടു എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു.

9. ആകയാൽ അവരുടെ അപേക്ഷ കേൾക്ക; എങ്കിലും അവരോടു ഘനമായി സാക്ഷീകരിച്ചു അവരെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം അവരോടു അറിയിക്കേണം.

ഒരു രാജാവിനെക്കുറിച്ചുള്ള മുന്നറിയിപ്പ്::

10. അങ്ങനെ രാജാവിന്നായി അപേക്ഷിച്ച ജനത്തോടു ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു പറഞ്ഞതെന്തെന്നാൽ:

11. നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പെ അവർ ഓടേണ്ടിയും വരും.

12. അവൻ അവരെ ആയിരത്തിന്നും അമ്പതിന്നും അധിപന്മാരാക്കും; തന്റെ നിലം കൃഷി ചെയ്‍വാനും തന്റെ വിള കൊയ്‍വാനും തന്റെ പടക്കോപ്പും തേർകോപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും.

13. അവൻ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടു എടുക്കും.

14. അവൻ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തന്റെ ഭൃത്യന്മാർക്കു കൊടുക്കും.

 

15. അവൻ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്തു തന്റെ ഷണ്ഡന്മാർക്കും ഭൃത്യന്മാർക്കും കൊടുക്കും.

16. അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ചു തന്റെ വേലെക്കു ആക്കും.

17. അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്നു എടുക്കും; നിങ്ങൾ അവന്നു ദാസന്മാരായ്തീരും.

18. നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്റെ നിമിത്തം നിങ്ങൾ അന്നു നിലവിളിക്കും; എന്നാൽ യഹോവ അന്നു ഉത്തരമരുളുകയില്ല.

19. എന്നാൽ ശമൂവേലിന്റെ വാക്കു കൈക്കൊൾവാൻ ജനത്തിന്നു മനസ്സില്ലാതെ: അല്ല, ഞങ്ങൾക്കു ഒരു രാജാവു വേണം

20. മറ്റു സകലജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന്നു ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്നു അവർ പറഞ്ഞു.

21. ശമൂവേൽ ജനത്തിന്റെ വാക്കെല്ലാം കേട്ടു യഹോവയോടു അറിയിച്ചു.

22. യഹോവ ശമൂവേലിനോടു: അവരുടെ വാക്കു കേട്ടു അവർക്കു ഒരു രാജാവിനെ വാഴിച്ചുകൊടുക്ക എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.

1 ശമുവേൽ 9:

15. എന്നാൽ ശൌൽ വരുന്നതിന്നു ഒരു ദിവസം മുമ്പെ യഹോവ അതു ശമൂവേലിന്നു വെളിപ്പെടുത്തി:

16. നാളെ ഇന്നേരത്തു ബെന്യാമീൻ ദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽ നിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കകൊണ്ടു ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തിരുന്നു.

17. ശമൂവേൽ ശൌലിനെ കണ്ടപ്പോൾ യഹോവ അവനോടു: ഞാൻ നിന്നോടു അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവൻ എന്നു കല്പിച്ചു.

18. അന്നേരം ശൌൽ പടിവാതിൽക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: ദർശകന്റെ വീടു എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു.

19. ശമൂവേൽ ശൌലിനോടു: ദർശകൻ ഞാൻ തന്നേ; എന്റെ കൂടെ പൂജാഗിരിക്കു പോരുവിൻ; നിങ്ങൾ ഇന്നു എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാൻ നിന്നെ യാത്രയയക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം.

20. മൂന്നു ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ സർവ്വപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു.

21. അതിന്നു ശൌൽ: ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻ ഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീൻ ഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു എന്നു ഉത്തരം പറഞ്ഞു.

22. പിന്നെ ശമൂവേൽ ശൌലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയിൽ കൊണ്ടുചെന്നു ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവർക്കു പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതുപേർ ഉണ്ടായിരുന്നു.

23. ശമൂവേൽ വെപ്പുകാരനോടു: നിന്റെ പക്കൽ വെച്ചുകൊൾക എന്നു പറഞ്ഞു ഞാൻ തന്നിട്ടുള്ള ഓഹരി കൊണ്ടുവരിക എന്നു പറഞ്ഞു.

24. വെപ്പുകാരൻ കൈക്കുറകും അതിന്മേൽ ഉള്ളതും കൊണ്ടുവന്നു ശൌലിന്റെ മുമ്പിൽവെച്ചു. നിനക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്നതു ഇതാ; തിന്നുകൊൾക; ഞാൻ ഉത്സവത്തിന്നു ആളുകളെ ക്ഷണിച്ചിട്ടുണ്ടു എന്നു പറഞ്ഞുകൊണ്ടു ഇതു ഉത്സവത്തിന്നു വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു എന്നു ശമൂവേൽ പറഞ്ഞു. അങ്ങനെ ശൌൽ അന്നു ശമൂവേലിനോടു കൂടെ ഭക്ഷണം കഴിച്ചു.

25. അവർ പൂജാഗിരിയിൽനിന്നു പട്ടണത്തിലേക്കു ഇറങ്ങിവന്നശേഷം അവൻ വീട്ടിന്റെ മുകളിൽ വെച്ചു ശൌലുമായി സംസാരിച്ചു.

26. അവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്നു ശൌലിനെ വിളിച്ചു: എഴുന്നേൽക്ക, ഞാൻ നിന്നെ യാത്ര അയക്കാം എന്നു പറഞ്ഞു. ശൌൽ എഴുന്നേറ്റു, അവർ രണ്ടുപേരും, അവനും ശമൂവേലും തന്നേ, വെളിയിലേക്കു പുറപ്പെട്ടു.

27. പട്ടണത്തിന്റെ അറ്റത്തു എത്തിയപ്പോൾ ശമൂവേൽ ശൌലിനോടു: ഭൃത്യൻ മുമ്പെ കടന്നു പോകുവാൻ പറക; – അവൻ കടന്നുപോയി;– ഞാൻ നിന്നോടു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കേണ്ടതിന്നു നീ അല്പം നിൽക്ക എന്നു പറഞ്ഞു.

1 ശമുവേൽ 10:

പ്രവാചകൻമാർക്കിടയിൽ ശൗൽ :

1. അപ്പോൾ ശമൂവേൽ തൈലപാത്രം എടുത്തു അവന്റെ തലയിൽ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതു: യഹോവ തന്റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.

2. നീ ഇന്നു എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്റെ അതിരിങ്കലെ സെൽസഹിൽ റാഹേലിന്റെ കല്ലറെക്കരികെവെച്ചു രണ്ടാളെ കാണും; നീ അന്വേഷിപ്പാൻ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പൻ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടു: എന്റെ മകന്നുവേണ്ടി ഞാൻ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്നു അവർ നിന്നോടു പറയും.

3. അവിടെനിന്നു നീ മുമ്പോട്ടു ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോൾ ഒരുത്തൻ മൂന്നു ആട്ടിൻ കുട്ടിയെയും വേറൊരുത്തൻ മൂന്നു അപ്പവും വേറൊരുത്തൻ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ടു ഇങ്ങനെ മൂന്നു പുരുഷന്മാർ ബേഥേലിൽ ദൈവത്തിന്റെ അടുക്കൽ പോകുന്നതായി നിനക്കു എതിർപെടും.

4. അവർ നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ടു അപ്പവും തരും; നീ അതു അവരുടെ കയ്യിൽനിന്നു വാങ്ങിക്കൊള്ളേണം.

5. അതിന്റെ ശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവഗിരിക്കു എത്തും; അവിടെ പട്ടണത്തിൽ കടക്കുമ്പോൾ മുമ്പിൽ വീണ, തപ്പു, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്നു ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും.

6. യഹോവയുടെ ആത്മാവു ശക്തിയോടെ നിന്റെമേൽ വന്നിട്ടു നീയും അവരോടുകൂടെ പ്രവചിക്കയും ആൾ മാറിയതുപോലെ ആയ്തീരുകയും ചെയ്യും.

7. ഈ അടയാളങ്ങൾ നിനക്കു സംഭവിക്കുമ്പോൾ യുക്തമെന്നു തോന്നുന്നതു ചെയ്ക; ദൈവം നിന്നോടുകൂടെ ഉണ്ടു.

8. എന്നാൽ നീ എനിക്കു മുമ്പെ ഗില്ഗാലിലേക്കു പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാൻ ഞാൻ നിന്റെ അടുക്കൽ വരും; ഞാൻ നിന്റെ അടുക്കൽ വന്നു നീ ചെയ്യേണ്ടതെന്തെന്നു പറഞ്ഞുതരുവോളം ഏഴു ദിവസം അവിടെ കാത്തിരിക്കേണം.

9. ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം അവന്നു വേറൊരു ഹൃദയംകൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നു തന്നേ സംഭവിച്ചു.

10. അവർ അവിടെ ഗിരിയിങ്കൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു.

11.  അവനെ മുമ്പെ അറിഞ്ഞവർ ഒക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നതു കണ്ടപ്പോൾ: കീശിന്റെ മകന്നു എന്തു സംഭവിച്ചു? ശൌലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ എന്നു ജനം തമ്മിൽ തമ്മിൽ പറഞ്ഞു.

12. അതിന്നു അവിടത്തുകാരിൽ ഒരുത്തൻ: ആരാകുന്നു അവരുടെ ഗുരുനാഥൻ എന്നു പറഞ്ഞു. ആകയാൽ ശൌലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നുള്ളതു പഴഞ്ചൊല്ലായി തീർന്നു.

13. അവൻ പ്രവചിച്ചു കഴിഞ്ഞശേഷം ഗിബെയയിൽ എത്തി.

14. ശൌലിന്റെ ഇളയപ്പൻ അവനോടും അവന്റെ ഭൃത്യനോടും: നിങ്ങൾ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാൻ പോയിരുന്നു; അവയെ കാണായ്കയാൽ ഞങ്ങൾ ശമൂവേലിന്റെ അടുക്കൽ പോയി എന്നു അവൻ പറഞ്ഞു.

15. ശമൂവേൽ നിങ്ങളോടു പറഞ്ഞതു എന്നെ അറിയിക്കേണം എന്നു ശൌലിന്റെ ഇളയപ്പൻ പറഞ്ഞു.

16. ശൌൽ തന്റെ ഇളയപ്പനോടു: കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നു അവൻ ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേൽ രാജത്വം സംബന്ധിച്ചു പറഞ്ഞതു അവൻ അവനോടു അറിയിച്ചില്ല.

ശൗൽ പരസ്യമായി തിരഞ്ഞെടുക്കപ്പെട്ട രാജാവ്:

17. അനന്തരം ശമൂവേൽ ജനത്തെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുകൂട്ടി,

18. യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു മിസ്രയീമ്യരുടെ കയ്യിൽനിന്നും നിങ്ങളെ ഉപദ്രവിച്ച സകലരാജ്യക്കാരുടെയും കയ്യിൽനിന്നും നിങ്ങളെ വിടുവിച്ചു.

19. നിങ്ങളോ സകല അനർത്ഥങ്ങളിൽനിന്നും കഷ്ടങ്ങളിൽനിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്നു ത്യജിച്ചു: ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു അവനോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങൾ ഇപ്പോൾ ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും യഹോവയുടെ സന്നിധിയിൽ നില്പിൻ.

20. അങ്ങനെ ശമൂവേൽ യിസ്രായേൽഗോത്രങ്ങളെയെല്ലാം അടുത്തു വരുമാറാക്കി; ബെന്യാമീൻ ഗോത്രത്തിന്നു ചീട്ടു വീണു.

21. അവൻ ബെന്യാമീൻ ഗോത്രത്തെ കുടുംബംകുടുംബമായി അടുത്തുവരുമാറാക്കി; മത്രികുടുംബത്തിന്നു ചീട്ടു വീണു; പിന്നെ കീശിന്റെ മകനായ ശൌലിന്നു ചീട്ടുവീണു; അവർ അവനെ അന്വേഷിച്ചപ്പോൾ കണ്ടില്ല.

22. അവർ പിന്നെയും യഹോവയോടു: ആയാൾ ഇവിടെ വന്നിട്ടുണ്ടോ എന്നു ചോദിച്ചു. അതിന്നു യഹോവ: അവൻ സാമാനങ്ങളുടെ ഇടയിൽ ഒളിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തു.

23 അവർ ഓടിച്ചെന്നു അവിടെനിന്നു അവനെ കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോൾ അവൻ ജനത്തിൽ എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവനായിരുന്നു.

24. അപ്പോൾ ശമൂവേൽ സർവ്വജനത്തോടും: യഹോവ തിരഞ്ഞെടുത്തവനെ നിങ്ങൾ കാണുന്നുവോ? സർവ്വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാം: രാജാവേ, ജയ ജയ എന്നു ആർത്തു.

25. അതിന്റെ ശേഷം ശമൂവേൽ രാജധർമ്മം ജനത്തെ പറഞ്ഞുകേൾപ്പിച്ചു; അതു ഒരു പുസ്തകത്തിൽ എഴുതി യഹോവയുടെ സന്നിധിയിൽ വെച്ചു. പിന്നെ ശമൂവേൽ ജനത്തെയെല്ലാം വീട്ടിലേക്കു പറഞ്ഞയച്ചു.

26. ശൌലും ഗിബെയയിൽ തന്റെ വീട്ടിലേക്കു പോയി; ദൈവം മനസ്സിൽ തോന്നിച്ച ഒരു ആൾക്കൂട്ടവും അവനോടുകൂടെ പോയി.

27. എന്നാൽ ചില നീചന്മാർ: ഇവൻ നമ്മെ എങ്ങനെ രക്ഷിക്കും എന്നു പറഞ്ഞു അവനെ ധിക്കരിച്ചു, അവന്നു കാഴ്ച കൊണ്ടുവരാതിരുന്നു. അവനോ അതു ഗണ്യമാക്കിയില്ല.

1 ശമുവേൽ11:

ശൗൽ അമ്മോന്യരെ പരാജയപ്പെടുത്തി:

1.അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികൾ ഒക്കെയും നാഹാശിനോടു: ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.

2. അമ്മോന്യനായ നാഹാശ് അവരോടു: നിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലായിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാൻ നിങ്ങളോടു ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു.

3. യാബേശിലെ മൂപ്പന്മാർ അവനോടു: ഞങ്ങൾ യിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാൻ തക്കവണ്ണം ഞങ്ങൾക്കു ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു.
4. ദൂതന്മാർ ശൌലിന്റെ ഗിബെയയിൽ ചെന്നു ആ വർത്തമാനം ജനത്തെ പറഞ്ഞു കേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.

5. അപ്പോൾ ഇതാ, ശൌൽ കന്നുകാലികളെയും കൊണ്ടു വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്തു എന്നു ശൌൽ ചോദിച്ചു. അവർ യാബേശ്യരുടെ വർത്തമാനം അവനെ അറിയിച്ചു.

6. ശൌൽ വർത്തമാനം കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവു അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.

7. അവൻ ഒരേർ കാളയെ പിടിച്ചു കഷണംകഷണമായി ഖണ്ഡിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽദേശത്തെല്ലാടവും കൊടുത്തയച്ചു: ആരെങ്കിലും ശൌലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു.

8. അവൻ ബേസെക്കിൽവെച്ചു അവരെ എണ്ണി; യിസ്രായേല്യർ മൂന്നു ലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും ഉണ്ടായിരുന്നു.

9. വന്ന ദൂതന്മാരോടു അവർ: നിങ്ങൾ ഗിലെയാദിലെ യാബേശ്യരോടു: നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങൾക്കു രക്ഷ ഉണ്ടാകും എന്നു പറവിൻ എന്നു പറഞ്ഞു. ദൂതന്മാർ ചെന്നു യാബേശ്യരോടു അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു.

10. പിന്നെ യാബേശ്യർ: നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊൾവിൻ എന്നു പറഞ്ഞയച്ചു.

11. പിറ്റെന്നാൾ ശൌൽ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്നു വെയിൽ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേർ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി.

12. അനന്തരം ജനം ശമൂവേലിനോടു: ശൌൽ ഞങ്ങൾക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞതു ആർ? അവരെ ഏല്പിച്ചുതരേണം; ഞങ്ങൾ അവരെ കൊന്നുകളയും എന്നു പറഞ്ഞു.

13. അതിന്നു ശൌൽ: ഇന്നു ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്നു യഹോവ യസ്രായേലിന്നു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

14. പിന്നെ ശമൂവേൽ ജനത്തോടു: വരുവിൻ; നാം ഗില്ഗാലിൽ ചെന്നു, അവിടെവെച്ചു രാജത്വം പുതുക്കുക എന്നു പറഞ്ഞു.

15. അങ്ങനെ ജനമെല്ലാം ഗില്ഗാലിൽ ചെന്നു; അവർ ശൌലിനെ ഗില്ഗാലിൽ യഹോവയുടെ സന്നിധിയിൽവെച്ചു രാജാവാക്കി. അവർ അവിടെ യഹോവയുടെ സന്നിധിയിൽ സമാധാനയാഗങ്ങൾ കഴിച്ചു; ശൌലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു. 

1 ശമുവേൽ12:

രാജാവ് സ്ഥിരീകരിച്ചു::

12.. പിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങളുടെ നേരെ വരുന്നതു നിങ്ങൾ കണ്ടപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു രാജാവായിരിക്കെ നിങ്ങൾ എന്നോടു: ഒരു രാജാവു ഞങ്ങളുടെമേൽ വാഴേണം എന്നു പറഞ്ഞു.

13. ഇപ്പോൾ ഇതാ, നിങ്ങൾ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവു; യഹോവ നിങ്ങൾക്കു ഒരു രാജാവിനെ കല്പിച്ചാക്കിയിരിക്കുന്നു.

14. നിങ്ങൾ യഹോവയുടെ കല്പനയെ മറുക്കാതെ യഹോവയെ ഭയപ്പെട്ടു അവനെ സേവിച്ചു അവന്റെ വാക്കു അനുസരിക്കയും നിങ്ങളും നിങ്ങളെ വാഴുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയോടു ചേർന്നിരിക്കയും ചെയ്താൽ കൊള്ളാം.

15. എന്നാൽ നിങ്ങൾ യഹോവയുടെ വാക്കു അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാർക്കു വിരോധമായിരുന്നതുപോലെ നിങ്ങൾക്കും വിരോധമായിരിക്കും.

16. ആകയാൽ ഇപ്പോൾ നിന്നു യഹോവ നിങ്ങൾ കാൺകെ ചെയ്‍വാൻ പോകുന്ന ഈ വലിയ കാര്യം കണ്ടുകൊൾവിൻ.

17. ഇതു കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാൻ യഹോവയോടു അപേക്ഷിക്കും; അവൻ ഇടിയും മഴയും അയക്കും; നിങ്ങൾ ഒരു രാജാവിനെ ചോദിക്കയാൽ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്നു നിങ്ങൾ അതിനാൽ കണ്ടറിയും.

18. അങ്ങനെ ശമൂവേൽ യഹോവയോടു അപേക്ഷിച്ചു; യഹോവ അന്നു ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.

19. ജനമെല്ലാം ശമൂവേലിനോടു: അടിയങ്ങൾക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കേണമേ; ഞങ്ങൾ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതിൽ ഞങ്ങളുടെ സകലപാപങ്ങളോടും ഞങ്ങൾ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു.

20. ശമൂവേൽ ജനത്തോടു പറഞ്ഞതു: ഭയപ്പെടായ്‍വിൻ; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ.

21. വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാൻ കഴിയാത്തവയുമായ മിത്ഥ്യാമൂർത്തികളോടു നിങ്ങൾ ചേരരുതു; അവ മിത്ഥ്യാവസ്തു തന്നേയല്ലോ.

22. യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊൾവാൻ യഹോവെക്കു ഇഷ്ടം തോന്നിയിരിക്കുന്നു.

23. ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്‍വാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.

24. യഹോവയെ ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ.

25. എന്നാൽ നിങ്ങൾ ഇനിയും ദോഷം ചെയ്താൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.

ഫെലിസ്ത്യരുമായുള്ള യുദ്ധം::

1 ശമുവേൽ 13

1. ശൌൽ രാജാവായപ്പോൾ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവൻ യിസ്രായേലിൽ രണ്ടു സംവത്സരം വാണു.

2. ശൌൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേർ ശൌലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവൻ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.

3. പിന്നെ യോനാഥാൻ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അതു കേട്ടു. എബ്രായർ കേൾക്കട്ടെ എന്നു പറഞ്ഞു ശൌൽ ദേശത്തെല്ലാടവും കാഹളം ഊതിച്ചു.

4. ശൌൽ ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേൽ ഫെലിസ്ത്യർക്കു നാറ്റമായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ടു ജനം ശൌലിന്റെ അടുക്കൽ ഗില്ഗാലിൽ വന്നു കൂടി.

5. എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്‍വാൻ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്നു ബേത്ത്-ആവെന്നു കിഴക്കു മിക്മാസിൽ പാളയം ഇറങ്ങി.

6. എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ടു തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.

7. എബ്രായർ യോർദ്ദാൻ കടന്നു ഗാദ്‌ദേശത്തും ഗിലെയാദിലും പോയി; ശൌലോ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ടു അവന്റെ പിന്നാലെ ചെന്നു.

8. ശമൂവേൽ നിശ്ചയിച്ചിരുന്ന അവധിഅനുസരിച്ചു അവൻ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി.

9. അപ്പോൾ ശൌൽ: ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു; അവൻ തന്നേ ഹോമയാഗം കഴിച്ചു.

10. ഹോമയാഗം കഴിച്ചു തീർന്ന ഉടനെ ഇതാ, ശമൂവേൽ വരുന്നു; ശൌൽ അവനെ വന്ദനം ചെയ്‍വാൻ എതിരേറ്റുചെന്നു.

11.നീ ചെയ്തതു എന്തു എന്നു ശമൂവേൽ ചോദിച്ചു. അതിന്നു ശൌൽ: ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്കു നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടിട്ടു:

12. ഫെലിസ്ത്യർ ഇപ്പോൾ ഇങ്ങു ഗില്ഗാലിൽ വന്നു എന്നെ ആക്രമിക്കും; ഞാൻ യഹോവയോടു കൃപെക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നുവെച്ചു ഞാൻ ധൈര്യപ്പെട്ടു ഹോമയാഗം കഴിച്ചുപോയി എന്നു പറഞ്ഞു.

13. ശമൂവേൽ ശൌലിനോടു പറഞ്ഞതു: നീ ചെയ്തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു

14. ഇപ്പോഴോ നിന്റെ രാജത്വം നിലനിൽക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.

1 ശമുവേൽ 14:

നിരന്തരമായ യുദ്ധം

47. ശൌൽ യിസ്രായേലിൽ രാജത്വം ഏറ്റശേഷം മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവൻ ചെന്നേടത്തൊക്കെയും ജയംപ്രാപിച്ചു.
48 അവൻ ശൌര്യം പ്രവർത്തിച്ചു അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവർച്ചക്കാരുടെ കയ്യിൽനിന്നു വിടുവിക്കയും ചെയ്തു.
49 എന്നാൽ ശൌലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മൽക്കീശുവ എന്നിവർ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാർക്കോ, മൂത്തവൾക്കു മേരബ് എന്നും ഇളയവൾക്കു മീഖാൾ എന്നും പേരായിരുന്നു.
50 ശൌലിന്റെ ഭാര്യക്കു അഹീനോവം എന്നു പേർ ആയിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിക്കു അബ്നേർ എന്നു പേർ; അവൻ ശൌലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു.
51 ശൌലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കൾ ആയിരുന്നു.
52 ശൌലിന്റെ കാലത്തൊക്കെയും ഫെലിസ്ത്യരോടു കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാൽ ശൌൽ യാതൊരു വീരനെയോ ശൂരനെയോ കണ്ടാൽ അവനെ തന്റെ അടുക്കൽ ചേർത്തുകൊള്ളും. 

1 ശമുവേൽ 15:

ശൗലിൻെറ അനുസരണക്കേട്:

1. അനന്തരം ശമൂവേൽ ശൌലിനോടു പറഞ്ഞതെന്തെന്നാൽ: യഹോവ നിന്നെ തന്റെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകംചെയ്‍വാൻ എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ടു ഇപ്പോൾ യഹോവയുടെ വചനങ്ങളെ കേട്ടുകൊൾക.

2. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ വഴിയിൽവെച്ചു അമാലേൿ അവരെ ആക്രമിച്ചു അവരോടു ചെയ്തതിനെ ഞാൻ കുറിച്ചുവെച്ചിരിക്കുന്നു.

3. ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.

{ സംഖ്യ 24: 20. അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയതു: അമാലേൿ ജാതികളിൽ മുമ്പൻ; അവന്റെ അവസാനമോ നാശം അത്രേ.
21 അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതു: നിന്റെ നിവാസം ഉറപ്പുള്ളതു: നിന്റെ കൂടു പാറയിൽ വെച്ചിരിക്കുന്നു.

പുറപ്പാട് 17: 8. രെഫീദീമിൽവെച്ചു അമാലേൿ വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു.
അപ്പോൾ മോശെ യോശുവയോടു: നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ടു അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാൻ നാളെ കുന്നിൻ മുകളിൽ ദൈവത്തിന്റെ വടി കയ്യിൽ പിടിച്ചും കൊണ്ടു നില്ക്കും എന്നു പറഞ്ഞു.
10 മോശെ തന്നോടു പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോടു പൊരുതു; എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിൻ മുകളിൽ കയറി.
11 മോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേൿ ജയിക്കും.
12 എന്നാൽ മോശെയുടെ കൈ ഭാരം തോന്നിയപ്പോൾ അവർ ഒരു കല്ലു എടുത്തുവെച്ചു, അവൻ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുത്തൻ ഇപ്പുറത്തും ഒരുത്തൻ അപ്പുറത്തും നിന്നു അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യൻ അസ്തമിക്കുംവരെ ഉറെച്ചുനിന്നു.
13 യോശുവ അമാലേക്കിനെയും അവന്റെ ജനത്തെയും വാളിന്റെ വായ്ത്തലയാൽ തോല്പിച്ചു.
14 യഹോവ മോശെയോടു: നീ ഇതു ഓർമ്മെക്കായിട്ടു ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്ക; ഞാൻ അമാലേക്കിന്റെ ഓർമ്മ ആകാശത്തിന്റെ കീഴിൽനിന്നു അശേഷം മായിച്ചുകളയും എന്നു കല്പിച്ചു.
15 പിന്നെ മോശെ ഒരു യാഗ പീഠം പണിതു, അതിന്നു യഹോവ നിസ്സി (യഹോവ എന്റെ കൊടി) എന്നു പേരിട്ടു.
16 യഹോവയുടെ സീംഹാസനത്താണ യഹോവെക്കു അമാലേക്കിനോടു തലമുറതലമുറയായി യുദ്ധം ഉണ്ടു എന്നു അവൻ പറഞ്ഞു.

ദിന 25: 17. “നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടു വരുമ്പോൾ വഴിയിൽവെച്ചു അമാലേൿ നിന്നോടു ചെയ്തതു,
18 അവൻ ദൈവത്തെ ഭയപ്പെടാതെ വഴിയിൽ നിന്റെ നേരെ വന്നു നീ ക്ഷീണിച്ചും തളർന്നും ഇരിക്കുമ്പോൾ നിന്റെ പിമ്പിൽ പിന്നണിയിലുള്ള ബലഹീനരെ ഒക്കെയും സംഹരിച്ച കാര്യം തന്നേ ഓർത്തുകൊൾക.
19 ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി അടക്കുവാൻ തരുന്ന ദേശത്തു ചുറ്റുമള്ള നിന്റെ സകലശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓർമ്മയെ ആകാശത്തിൻ കീഴിൽനിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുതു.”

ദിന 23: 3. “ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.
നിങ്ങൾ മിസ്രയീമിൽനിന്നു വരുമ്പോൾ അവർ അപ്പവും വെള്ളവുംകൊണ്ടു വഴിയിൽ നിങ്ങളെ വന്നെതിരേൽക്കായ്കകൊണ്ടും നിന്നെ ശപിപ്പാൻ അവർ മെസൊപൊത്താമ്യയിലെ പെഥോരിൽനിന്നു ബെയോരിന്റെ മകനായ ബിലെയാമിനെ നിനക്കു വിരോധമായി കൂലിക്കു വിളിപ്പിച്ചതുകൊണ്ടും തന്നേ.
എന്നാൽ ബിലെയാമിന്നു ചെവികൊടുപ്പാൻ നിന്റെ ദൈവമായ യഹോവെക്കു മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ടു നിന്റെ ദൈവമായ യഹോവ ശാപം നിനക്കു അനുഗ്രഹമാക്കിത്തീർത്തു.
ആകയാൽ നിന്റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിന്നും ഗുണത്തിന്നും വേണ്ടി ചിന്തിക്കരുതു.”

അമ്മോന്റെയും മോവാബിന്റെയും വംശാവലി::

ഉല്പത്തി 19: 36. അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്നു അവനോടു കൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.
36 ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു.
37 മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു.
38 ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവു.

4. എന്നാറെ ശൌൽ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമിൽ വെച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേർ ഒഴികെ രണ്ടുലക്ഷം കാലാൾ ഉണ്ടായിരുന്നു.

5. പിന്നെ ശൌൽ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്നു തോട്ടിന്നരികെ പതിയിരിപ്പാക്കി.

6. എന്നാൽ ശൌൽ കേന്യരോടു: ഞാൻ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോകുവിൻ; യിസ്രായേൽ മക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ നിങ്ങൾ അവർക്കു ദയചെയ്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ കേന്യർ അമാലേക്യരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോയി.

7. പിന്നെ ശൌൽ ഹവീലാമുതൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അമാലേക്യരെ സംഹരിച്ചു.

ശൗലിന്റെ കലാപം:

8. അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു, ജനങ്ങളെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ നിർമ്മൂലമാക്കി.

9.എന്നാൽ ശൌലും ജനവും ആഗാഗിനെയും ആടു, മാടു, തടിച്ചമൃഗം എന്നിവയിൽ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെ ഒക്കെയും നിർമ്മൂലമാക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ ഒക്കെയും അവർ നിർമ്മൂലമാക്കിക്കളഞ്ഞു.

ശമൂവേൽ ശൗലിനെ ശാസിക്കുന്നു:

10. അപ്പോൾ യഹോവയുടെ അരുളപ്പാടു ശമൂവേലിന്നുണ്ടായതു എന്തെന്നാൽ:

11. ഞാൻ ശൌലിനെ രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്താപമായിരിക്കുന്നു; അവൻ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്റെ കല്പനകളെ നിവൃത്തിച്ചതുമില്ല. ഇതിങ്കൽ ശമൂവേലിന്നു വ്യസനമായി; അവൻ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു.

12. ശമൂവേൽ ശൌലിനെ എതിരേല്പാൻ അതികാലത്തു എഴുന്നേറ്റപ്പോൾ ശൌൽ കർമ്മേലിൽ എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞു ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന്നു അറിവുകിട്ടി.

13. പിന്നെ ശമൂവേൽ ശൌലിന്റെ അടുക്കൽ എത്തിയപ്പോൾ ശൌൽ അവനോടു: യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവൻ; ഞാൻ യഹോവയുടെ കല്പന നിവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു.

14. അതിന്നു ശമൂവേൽ: എന്റെ ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാൻ കേൾക്കുന്ന കാളകളുടെ മുക്കുറയും എന്തു എന്നു ചോദിച്ചു.

15. അവയെ അമാലേക്യരുടെ പക്കൽനിന്നു അവർ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും മേത്തരമായവയെ നിന്റെ ദൈവമായ യഹോവെക്കു യാഗംകഴിപ്പാൻ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങൾ നിർമ്മൂലമാക്കിക്കളഞ്ഞു എന്നു ശൌൽ പറഞ്ഞു.

16. ശമൂവേൽ ശൌലിനോടു: നിൽക്ക; യഹോവ ഈ കഴിഞ്ഞ രാത്രി എന്നോടു അരുളിച്ചെയ്തതു ഞാൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവൻ അവനോടു: പറഞ്ഞാലും എന്നു പറഞ്ഞു.

17. അപ്പോൾ ശമൂവേൽ പറഞ്ഞതു: നിന്റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽ ഗോത്രങ്ങൾക്കു തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?

18. പിന്നെ യഹോവ നിന്നെ ഒരു വഴിക്കു അയച്ചു: നീ ചെന്നു അമാലേക്യരായ പാപികളെ നിർമ്മൂലമാക്കുകയും അവർ നശിക്കുംവരെ അവരോടു പൊരുതുകയും ചെയ്ക എന്നു കല്പിച്ചു.

19. അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതെ കൊള്ളെക്കു ചാടി യഹോവെക്കു അനിഷ്ടമായതു ചെയ്തതെന്തു?

20. ശൌൽ ശമൂവേലിനോടു: ഞാൻ യഹോവയുടെ കല്പന അനുസരിച്ചു യഹോവ എന്നെ അയച്ചവഴിക്കു പോയി അമാലേക്രാജാവായ ആഗാഗിനെ കൊണ്ടുവന്നു അമാലേക്യരെ നിർമ്മൂലമാക്കിക്കളഞ്ഞു.

21. എന്നാൽ ജനം ശപഥാർപ്പിതവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ കൊള്ളയിൽനിന്നു എടുത്തു ഗില്ഗാലിൽ നിന്റെ ദൈവമായ യഹോവെക്കു യാഗം കഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.

22. ശമൂവേൽ പറഞ്ഞതു: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.

23. മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.

24. ശൌൽ ശമൂവേലിനോടു: ഞാൻ ജനത്തെ ഭയപ്പെട്ടു അവരുടെ വാക്കു അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു.

25. എങ്കിലും എന്റെ പാപം ക്ഷമിച്ചു ഞാൻ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടുകൂടെ പോരേണമേ എന്നു പറഞ്ഞു.

26. ശമൂവേൽ ശൌലിനോടു: ഞാൻ പോരികയില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.

27. പിന്നെ ശമൂവേൽ പോകുവാൻ തിരിഞ്ഞപ്പോൾ അവൻ അവന്റെ നിലയങ്കിയുടെ വിളുമ്പു പിടിച്ചു വലിച്ചു; അതു കീറിപ്പോയി.

28. ശമൂവേൽ അവനോടു: യഹോവ ഇന്നു യിസ്രായേലിന്റെ രാജത്വം നിങ്കൽ നിന്നു കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരന്നു കൊടുത്തിരിക്കുന്നു.

29. യിസ്രായേലിന്റെ മഹത്വമായവൻ ഭോഷ്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാൻ അവൻ മനുഷ്യനല്ല എന്നു പറഞ്ഞു.

30. അപ്പോൾ അവൻ: ഞാൻ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്റെ മൂപ്പന്മാരുടെയും യിസ്രായേലിന്റെയും മുമ്പാകെ ഇപ്പോൾ എന്നെ മാനിച്ചു, ഞാൻ നിന്റെ ദൈവമായ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടു കൂടെ പോരേണമേ എന്നു അപേക്ഷിച്ചു.

31. അങ്ങനെ ശമൂവേൽ ശൌലിന്റെ പിന്നാലെ ചെന്നു; ശൌൽ യഹോവയെ നമസ്കരിച്ചു.

32. അനന്തരം ശമൂവേൽ: അമാലേക്രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു. ആഗാഗ് സന്തോഷഭാവത്തോടെ അവന്റെ അടുക്കൽ വന്നു: മരണഭീതി നീങ്ങപ്പോയി എന്നു ആഗാഗ് പറഞ്ഞു.

33. നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയിൽ മക്കളില്ലാത്തവളാകും എന്നു ശമൂവേൽ പറഞ്ഞു, ഗില്ഗാലിൽവെച്ചു യഹോവയുടെ സന്നിധിയിൽ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.

34. പിന്നെ ശമൂവേൽ രാമയിലേക്കു പോയി; ശൌലും ശൌലിന്റെ ഗിബെയയിൽ അരമനയിലേക്കു പോയി.

35. ശമൂവേൽ ജീവപര്യന്തം ശൌലിനെ പിന്നെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൌലിനെക്കുറിച്ചു ദുഃഖിച്ചു; യഹോവയും താൻ ശൌലിനെ യിസ്രായേലിന്നു രാജാവാക്കിയതുകൊണ്ടു അനുതപിച്ചു.

1 ശമുവേൽ 16:

ശമൂവേൽ ബെത്‌ലഹേമിലേക്ക് പോകുന്നു::

1. അനന്തരം യഹോവ ശമൂവേലിനോടു: യിസ്രായേലിലെ രാജസ്ഥാനത്തിൽനിന്നു ഞാൻ ശൌലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ചു എത്രത്തോളം ദുഃഖിക്കും? കൊമ്പിൽ തൈലം നിറെച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്ത്ളേഹെമ്യനായ യിശ്ശായിയുടെ അടുക്കൽ അയക്കും; അവന്റെ മക്കളിൽ ഞാൻ ഒരു രാജാവിനെ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.

2. അതിന്നു ശമൂവേൽ: ഞാൻ എങ്ങനെ പോകും? ശൌൽ കേട്ടാൽ എന്നെ കൊല്ലും എന്നു പറഞ്ഞു. എന്നാറെ യഹോവ: നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്നു: ഞാൻ യഹോവെക്കു യാഗം കഴിപ്പാൻ വന്നിരിക്കുന്നു എന്നു പറക.

3. യിശ്ശായിയെയും യാഗത്തിന്നു ക്ഷണിക്ക; നീ ചെയ്യേണ്ടതു എന്തെന്നു ഞാൻ അന്നേരം നിന്നോടു അറിയിക്കും; ഞാൻ പറഞ്ഞുതരുന്നവനെ നീ എനിക്കായിട്ടു അഭിഷേകം ചെയ്യേണം.

4. യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു, ബേത്ത്ളേഹെമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിങ്കൽ വിറെച്ചുകൊണ്ടു അവനെ എതിരേറ്റു: നിന്റെ വരവു ശുഭം തന്നേയോ എന്നു ചോദിച്ചു.

5. അതിന്നു അവൻ: ശുഭം തന്നേ; ഞാൻ യഹോവെക്കു യാഗം കഴിപ്പാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നേ ശുദ്ധീകരിച്ചു എന്നോടുകൂടെ യാഗത്തിന്നു വരുവിൻ എന്നു പറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ചു അവരെയും യാഗത്തിന്നു ക്ഷണിച്ചു.

6. അവർ വന്നപ്പോൾ അവൻ എലീയാബിനെ കണ്ടിട്ടു: യഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തൻ ഇതാ എന്നു പറഞ്ഞു.

7. യഹോവ ശമൂവേലിനോടു: അവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാൻ അവനെ തള്ളിയിരിക്കുന്നു. മുനഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.

8. പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ചു ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാറെ അവൻ: യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.

9. പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല എന്നു അവൻ പറഞ്ഞു.

10. അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാൽ ശമൂവേൽ യിശ്ശായിയോടു: യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.

11. നിന്റെ പുത്രന്മാർ എല്ലാവരുമായോ എന്നു ശമൂവേൽ ചോദിച്ചതിന്നു അവൻ: ഇനി, ഉള്ളതിൽ ഇളയവൻ ഉണ്ടു; അവൻ ആടുകളെ മേയ്ക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോടു: ആളയച്ചു അവനെ വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു.

ദാവീദിനെ അഭിഷേകം ചെയ്യുന്നു

12. ഉടനെ അവൻ ആളയച്ചു അവനെ വരുത്തി; എന്നാൽ അവൻ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോൾ യഹോവ: എഴുന്നേറ്റു ഇവനെ അഭിഷേകം ചെയ്ക; ഇവൻ തന്നേ ആകുന്നു എന്നു കല്പിച്ചു.
13 അങ്ങനെ ശമൂവേൽ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവിൽ വെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതൽ ദാവീദിന്മേൽ വന്നു. ശമൂവേൽ എഴുന്നേറ്റു രാമയിലേക്കു പോയി.
14 എന്നാൽ യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.
15 അപ്പോൾ ശൌലിന്റെ ഭൃത്യന്മാർ അവനോടു: ദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ.
16 ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ടു അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽ നിന്നു ദുരാത്മാവു തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു.
17 ശൌൽ തന്റെ ഭൃത്യന്മാരോടു: കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിൻ എന്നു കല്പിച്ചു.
18 ബാല്യക്കാരിൽ ഒരുത്തൻ: ബേത്ത്ളേഹെമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ടു; അവൻ കിന്നരവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
19 എന്നാറെ ശൌൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടു കൂടെ ഇരിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കേണം എന്നു പറയിച്ചു.
20 യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്തു അപ്പം, ഒരു തുരുത്തി വീഞ്ഞു, ഒരു കോലാട്ടിൻ കുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദ്‌വശം ശൌലിന്നു കൊടുത്തയച്ചു.
21 ദാവീദ് ശൌലിന്റെ അടുക്കൽ ചെന്നു അവന്റെ മുമ്പാകെ നിന്നു; അവന്നു അവനോടു വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായ്തീർന്നു.
22 ആകയാൽ ശൌൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോടു എനിക്കു ഇഷ്ടം തോന്നിയിരിക്കകൊണ്ടു അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു.
23 ദൈവത്തിന്റെ പക്കൽനിന്നു ദുരാത്മാവു ശൌലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്തു വായിക്കും; ശൌലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും

1 ശമുവേൽ 28:

ശൗലും വെളിച്ചപ്പാടത്തിയും

1 ആ കാലത്തു ഫെലിസ്ത്യർ യിസ്രായേലിനോടു പടവെട്ടേണ്ടതിന്നു തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോൾ ആഖീശ് ദാവീദിനോടു: നീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന്നു പോരേണം എന്നു അറിഞ്ഞുകൊൾക എന്നു പറഞ്ഞു.

2. എന്നാറെ ദാവീദ് ആഖീശിനോടു: അടിയൻ എന്തു ചെയ്യും എന്നു നീ കണ്ടറിയും എന്നു പറഞ്ഞു. ആഖീശ് ദാവീദിനോടു: അതു കെണ്ടു ഞാൻ നിന്നെ എപ്പോഴും എന്റെ മെയ്ക്കാവലാക്കും എന്നു പറഞ്ഞു.

3. എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ചു അവന്റെ സ്വന്തപട്ടണമായ രാമയിൽ അവനെ അടക്കം ചെയ്തിരുന്നു. ശൌലോ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു.

4. എന്നാൽ ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ പാളയം ഇറങ്ങി; ശൌലും എല്ലായിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയം ഇറങ്ങി.

5. ശൌൽ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ടു അവന്റെ ഹൃദയം ഏറ്റവും വിറെച്ചു.

6. ശൌൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.

7. അപ്പോൾ ശൌൽ തന്റെ ഭൃത്യന്മാരോടു: എനിക്കു ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിൻ; ഞാൻ അവളുടെ അടുക്കൽ ചെന്നു ചോദിക്കും എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാർ അവനോടു: ഏൻ-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ടു എന്നു പറഞ്ഞു.

8. ശൌൽ വേഷംമാറി വേറെ വസ്ത്രം ധരിച്ചു രണ്ടാളെയും കൂട്ടി പോയി രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: വെളിച്ചപ്പാടാത്മാവുകൊണ്ടു നീ എനിക്കായി പ്രശ്നം നോക്കുകയും ഞാൻ പറയുന്നവനെ വരുത്തിത്തരികയും ചെയ്യേണം എന്നു പറഞ്ഞു.

9. സ്ത്രീ അവനോടു: ശൌൽ ചെയ്തിട്ടുള്ളതു, അവൻ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞതുതന്നേ നീ അറിയുന്നുവല്ലോ; എന്നെ കൊല്ലിപ്പാൻ നീ എന്റെ ജീവന്നു കണി വെക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.

10. യഹോവയാണ ഈ കാര്യംകൊണ്ടു നിനക്കു ഒരു ദോഷവും ഭവിക്കയില്ല എന്നു ശൌൽ യഹോവയുടെ നാമത്തിൽ അവളോടു സത്യം ചെയ്തു പറഞ്ഞു.

11. ഞാൻ ആരെ വരുത്തിത്തരേണ്ടു എന്നു സ്ത്രീ ചോദിച്ചതിന്നു: ശമൂവേലിനെ വരുത്തിത്തരേണം എന്നു അവൻ പറഞ്ഞു.

12. സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു, ശൌലിനോടു: നീ എന്നെ ചതിച്ചതു എന്തു? നീ ശൌൽ ആകുന്നുവല്ലോ എന്നു പറഞ്ഞു.

13. രാജാവു അവളോടു: ഭയപ്പെടേണ്ടാ; നീ കാണുന്നതു എന്തു എന്നു ചോദിച്ചതിന്നു: ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു എന്നു സ്ത്രീ ശൌലിനോടു പറഞ്ഞു.

14. അവൻ അവളോടു: അവന്റെ രൂപം എന്തു എന്നു ചോദിച്ചതിന്നു അവൾ: ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേൽ എന്നറിഞ്ഞു ശൌൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.

15. ശമൂവേൽ ശൌലിനോടു: നീ എന്നെ വിളിച്ചതിനാൽ എന്റെ സ്വസ്ഥതെക്കു ഭംഗം വരുത്തിയതു എന്തു എന്നു ചോദിച്ചു; അതിന്നു ശൌൽ: ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ടു ഞാൻ എന്തു ചെയ്യേണമെന്നു എനിക്കു പറഞ്ഞുതരേണ്ടതിന്നു ഞാൻ നിന്നെ വിളിപ്പിച്ചു എന്നു ഉത്തരം പറഞ്ഞു.

16. അതിന്നു ശമൂവേൽ പറഞ്ഞതു: ദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായ്തീർന്നിരിക്കെ നീ എന്തിന്നു എന്നോടു ചോദിക്കുന്നു?

17. യഹോവ എന്നെക്കൊണ്ടു പറയിച്ചതുപോലെ അവൻ നിന്നോടു ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കയ്യിൽനിന്നു പറിച്ചെടുത്തു നിന്റെ കൂട്ടുകാരനായ ദാവീദിന്നു കൊടുത്തിരിക്കുന്നു.

18. നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ടു യഹോവ ഈ കാര്യം ഇന്നു നിന്നോടു ചെയ്തിരിക്കുന്നു.

19. യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും.

20. പെട്ടെന്നു ശൌൽ നെടുനീളത്തിൽ നിലത്തു വീണു ശമൂവേലിന്റെ വാക്കുകൾ നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലമില്ലാതെയായി; അന്നു രാവും പകലും മുഴുവൻ അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.

21. അപ്പോൾ ആ സ്ത്രീ ശൌലിന്റെ അടുക്കൽ വന്നു, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നതു കണ്ടു അവനോടു: അടിയൻ നിന്റെ വാക്കു കേട്ടു ജീവനെ ഉപേക്ഷിച്ചുംകൊണ്ടു, നീ എന്നോടു പറഞ്ഞ വാക്കു അനുസരിച്ചിരിക്കുന്നുവല്ലോ.

22. ആകയാൽ അടിയന്റെ വാക്കു നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പിൽ വെക്കട്ടെ; നീ തിന്നേണം; എന്നാൽ നിന്റെ വഴിക്കു പോകുവാൻ നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു.

23. അതിന്നു അവൻ: വേണ്ടാ, ഞാൻ തിന്നുകയില്ല എന്നു പറഞ്ഞു; എങ്കിലും അവന്റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിർബന്ധിച്ചു; അവൻ അവരുടെ വാക്കു കേട്ടു നിലത്തുനിന്നു എഴുന്നേറ്റു മെത്തമേൽ ഇരുന്നു.

24. സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവു ഉണ്ടായിരുന്നു; അവൾ ക്ഷണത്തിൽ അതിനെ അറുത്തു മാവും എടുത്തുകുഴെച്ചു പുളിപ്പില്ലാത്ത അപ്പം ചുട്ടു.

25. അവൾ അതു ശൌലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ തിന്നു എഴുന്നേറ്റു രാത്രിയിൽ തന്നേ പോയി.

1 ശമുവേൽ 31:

ശൗലും അവന്റെ പുത്രന്മാരും കൊല്ലപ്പെട്ടു:

1. എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടി ഗിൽബോവപർവ്വതത്തിൽ നിഹതന്മാരായി വീണു.

2. ഫെലിസ്ത്യർ ശൌലിനെയും അവന്റെ പുത്രന്മാരെയും പിന്തേർന്നുചെന്നു; ഫെലിസ്ത്യർ ശൌലിന്റെ പുത്രന്മാരായ യോനാഥാൻ അബീനാദാബ് മെൽക്കീശൂവ എന്നിവരെ കൊന്നു.

3. എന്നാൽ പട ശൌലിന്റെ നേരെ ഏറ്റവും, മുറുകി; വില്ലാളികൾ അവനിൽ ദൃഷ്ടിവെച്ചു, വില്ലാളികളാൽ അവൻ ഏറ്റവും വിഷമത്തിലായി.

4. ശൌൽ തന്റെ ആയുധവാഹകനോടു: ഈ അഗ്രചർമ്മികൾ വന്നു എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു. ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല; അതുകൊണ്ടു ശൌൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.

5. ശൌൽ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നേ തന്റെ വാളിന്മേൽ വീണു അവനോടുകൂടെ മരിച്ചു.

6. ഇങ്ങനെ ശൌലും അവന്റെ മൂന്നു പുത്രന്മാരും അവന്റെ ആയുധവാഹകനും അവന്റെ ആളുകൾ ഒക്കെയും അന്നു ഒന്നിച്ചു മരിച്ചു. യിസ്രായേല്യർ ഓടിപ്പോയി.

7. ശൌലും പുത്രന്മാരും മരിച്ചു എന്നു താഴ്വരയുടെ അപ്പുറത്തും യോർദ്ദാന്നക്കരെയും ഉള്ള യിസ്രായേല്യർ കണ്ടപ്പോൾ അവർ പട്ടണങ്ങളെ വെടിഞ്ഞു ഓടിപ്പോകയും ഫെലിസ്ത്യർവന്നു അവിടെ പാർക്കയും ചെയ്തു.

8. പിറ്റെന്നാൾ ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൌലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണു കിടക്കുന്നതു കണ്ടു.

9. അവർ അവന്റെ തലവെട്ടി, അവന്റെ ആയുധവർഗ്ഗവും അഴിച്ചെടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വർത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.

10. അവന്റെ ആയുധവർഗ്ഗം അവർ അസ്തോരെത്തിന്റെ ക്ഷേത്രത്തിൽവെച്ചു; അവന്റെ ഉടൽ അവർ ബേത്ത്-ശാന്റെ ചുവരിന്മേൽ തൂക്കി.

11. എന്നാൽ ഫെലിസ്ത്യർ ശൌലിനോടു ചെയ്തതു ഗിലെയാദിലെ യാബേശ് നിവാസികൾ കേട്ടപ്പോൾ

12. ശൂരന്മാരായ എല്ലാവരും പുറപ്പെട്ടു രാത്രിമുഴുവനും നടന്നുചെന്നു ബേത്ത്-ശാന്റെ ചുവരിൽനിന്നു ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിൽ കൊണ്ടുവന്നു അവിടെവെച്ചു ദഹിപ്പിച്ചു.

13. അവരുടെ അസ്ഥികളെ അവർ എടുത്തു യാബേശിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.

2 ശമുവേൽ 1:

ശൗലിന്റെ മരണത്തെക്കുറിച്ച് ദാവീദ് മനസ്സിലാക്കുന്നു:

1. ശൗൽ മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ളാഗിൽ രണ്ടു ദിവസം പാർക്കയും ചെയ്ത ശേഷം

2. മൂന്നാം ദിവസം ഒരു ആൾ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൌലിന്റെ പാളയത്തിൽനിന്നു വന്നു, ദാവീദിന്റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു.

3. ദാവീദ് അവനോടു: നീ എവിടെ നിന്നു വരുന്നു എന്നു ചോദിച്ചതിന്നു: ഞാൻ യിസ്രായേൽ പാളയത്തിൽനിന്നു ഓടിപ്പോരികയാകുന്നു എന്നു അവൻ പറഞ്ഞു.

4. ദാവീദ് അവനോടു: കാര്യം എന്തായി? പറക എന്നു ചോദിച്ചു. അതിന്നു അവൻ: ജനം പടയിൽ തോറ്റോടി; ജനത്തിൽ അനേകർ പട്ടുവീണു; ശൌലും അവന്റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്നു ഉത്തരം പറഞ്ഞു.

5. വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൌലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചതിന്നു

6. വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരൻ പറഞ്ഞതു: ഞാൻ യദൃച്ഛയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൌൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു;

7. അവൻ പിറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: അടിയൻ ഇതാ എന്നു ഞാൻ ഉത്തരം പറഞ്ഞു.

8. നീ ആരെന്നു അവൻ എന്നോടു ചോദിച്ചതിന്നു: ഞാൻ ഒരു അമാലേക്യൻ എന്നു ഉത്തരം പറഞ്ഞു.

9. അവൻ എന്നോടു: നീ അടുത്തുവന്നു എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കകൊണ്ടു എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു.

10. അതുകൊണ്ടു ഞാൻ അടുത്തുചെന്നു അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കയില്ല എന്നു ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാൻ എടുത്തു ഇവിടെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു.

11. ഉടനെ ദാവീദ് തന്റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു.

12.അവർ ശൌലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ചു അവർ വാളാൽ വീണുപോയതുകൊണ്ടു വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു.

13. ദാവീദ് വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു: നീ എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു: ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ എന്നു അവൻ ഉത്തരം പറഞ്ഞു.

14. ദാവീദ് അവനോടു: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന്നു കയ്യോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞതു എങ്ങനെ എന്നു പറഞ്ഞു.

15. പിന്നെ ദാവീദ് ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു പറഞ്ഞു.

16. അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോടു: “നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടു തന്നെ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു.”

Related Quiz Articles