ബൈബിളിലെ ന്യായാധിപന്മാരിലൂടെ ദൈവം മനുഷ്യരുടെ കാര്യങ്ങളിൽ ഇടപെടുന്നു

ന്യായാധിപന്മാർ 2:10 പിന്നെ ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേർന്നു; അവരുടെ ശേഷം യഹോവയെയും അവൻ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി..

ന്യായാധിപന്മാർ 2:16 എന്നാൽ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരുടെ കയ്യിൽ നിന്നു അവരെ രക്ഷിച്ചു.

ഇവരാണ് 12 പ്രമുഖ ന്യായാധിപന്മാർ:

  1. ഒത്നീയേൽ

  2. ഏഹൂദ്

  3. ശംഗർ

  4. ദെബോരാ 

  5. ഗിദെയോൻ

  6. തോലാ

  7. യായീർ

  8. യിഫ്താഹ് 

  9. ഇബ്സാൻ

  10. ഏലോൻ

  11. അബ്ദോൻ

  12. ശിംശോൻ

ശമൂവേലിന്റെ പുസ്തകത്തിലെ ന്യായാധിപന്മാർ

1 ശമൂവേൽ 4:18 അവൻ ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോൾ ഏലി പടിവാതിൽക്കൽ ആസനത്തിൽ നിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവൻ വൃദ്ധനും സ്ഥൂലിച്ചവനും ആയിരുന്നു. അവൻ നാല്പതു സംവത്സരം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.

1 ശമൂവേൽ 7:15 ശമൂവേൽ ജീവപര്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.

16 അവൻ ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽവെച്ചു യിസ്രായേലിന്നു ന്യായപാലനം ചെയ്തിട്ടു രാമയിലേക്കു മടങ്ങിപ്പോരും;

17 അവിടെയായിരുന്നു അവന്റെ വീടു: അവിടെവെച്ചും അവൻ യിസ്രായേലിന്നു ന്യായപാലനം നടത്തിവന്നു; യഹോവെക്കു അവിടെ ഒരു യാഗപീഠവും പണിതിരുന്നു.

1 ശമൂവേൽ 8: 1 ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിന്നു ന്യായാധിപന്മാരാക്കി.

2 അവന്റെ ആദ്യജാതന്നു യോവേൽ എന്നും രണ്ടാമത്തവന്നു അബീയാവു എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തുപോന്നു.

3 അവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.

ന്യായാധിപന്മാർ 1

1 യോശുവയുടെ മരണശേഷം യിസ്രായേൽമക്കൾ: ഞങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്‍വാൻ ആദ്യം പുറപ്പെടേണ്ടതു എന്നു യഹോവയോടു ചോദിച്ചു.

2 യെഹൂദാ പുറപ്പെടട്ടെ; ഞാൻ ദേശം അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു യഹോവ കല്പിച്ചു.

3 യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടു: എന്റെ അവകാശദേശത്തു കനാന്യരോടു യുദ്ധംചെയ്‍വാൻ നീ എന്നോടുകൂടെ പോരേണം; നിന്റെ അവകാശദേശത്തു നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു ശിമെയോൻ അവനോടുകൂടെ പോയി.

4 അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കയ്യിൽ ഏല്പിച്ചു; അവർ ബേസെക്കിൽവെച്ചു അവരിൽ പതിനായിരംപോരെ സംഹരിച്ചു.

5 ബേസെക്കിൽവെച്ചു അവർ അദോനി-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധംചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു.

6 എന്നാൽ അദോനീ-ബേസെൿ ഓടിപ്പോയി; അവർ അവനെ പിന്തുടർന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.

7 കൈകാലുകളുടെ പെരുവിരൽ മുറിച്ചു എഴുപതു രാജാക്കന്മാർ എന്റെ മേശയിൻ കീഴിൽനിന്നു പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെ തന്നേ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു അദോനീ–ബേസെൿ പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി അവിടെവെച്ചു അവൻ മരിച്ചു.

8 യെഹൂദാമക്കൾ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു.

9 അതിന്റെ ശേഷം യെഹൂദാമക്കൾ മലനാട്ടിലും തെക്കെ ദേശത്തിലും താഴ്വീതിയിലും പാർത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്‍വാൻ പോയി.

10 യെഹൂദാ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യരുടെ നേരെയും ചെന്നു; ഹെബ്രോന്നു പണ്ടു കിർയ്യത്ത്-അബ്ബാ എന്നു പേർ. അവർ ശേശായി, അഹിമാൻ, തൽമായി എന്നവരെ സംഹരിച്ചു.

11 അവിടെ നിന്നു അവർ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്നു പണ്ടു കിർയ്യത്ത്–സേഫെർ എന്നു പേർ.

12 അപ്പോൾ കാലേബ്: കിർയ്യത്ത്–സേഫെർ ജയിച്ചടക്കുന്നവന്നു ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്നു പറഞ്ഞു.

13 കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേൽ അതു പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.

യഹോവയുടെ പ്രാരംഭ നിർദ്ദേശവും മുന്നറിയിപ്പും: രാഷ്ട്രങ്ങളെ പുറത്താക്കുക

ആവർത്തനം 7:1 നീകൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാൾ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോർയ്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളകയും

2 നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുതു.

അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു എടുക്കയോ ചെയ്യരുതു.

4 അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.

5 ആകയാൽ നിങ്ങൾ അവരോടു ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയേണം.

നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.

7 നിങ്ങൾ സംഖ്യയിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങൾ സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു.

യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യിൽനിന്നു വീണ്ടെടുത്തതു.

ആകയാൽ നിന്റെ ദൈവമായ യഹോവ തന്നേ ദൈവം; അവൻ തന്നേ സത്യദൈവം എന്നു നീ അറിയേണം: അവൻ തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു.

10 തന്നെ പകെക്കുന്നവരെ നശിപ്പിപ്പാൻ അവർക്കു നേരിട്ടു പകരം കൊടുക്കുന്നു; തന്നെ പകെക്കുന്നവന്നു അവൻ താമസിയാതെ നേരിട്ടു പകരം കൊടുക്കും.

11 ആകയാൽ ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചുനടക്കേണം.

12 നിങ്ങൾ ഈ വിധികൾ കേട്ടു പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത നിയമവും ദയയും നിനക്കായിട്ടു പാലിക്കും.

13 അവൻ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വർദ്ധിപ്പിക്കും; അവൻ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു നിന്റെ ഗർഭഫലവും നിന്റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും.

14 നീ സകലജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്റെ നാൽക്കാലികളിലാകട്ടെ ഉണ്ടാകയില്ല.

15 യഹോവ സകലരോഗവും നിങ്കൽനിന്നു അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുർവ്വ്യാധികളിൽ ഒന്നും അവൻ നിന്റെ മേൽ വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവർക്കും അവയെ കൊടുക്കും.

16 നിന്റെ ദൈവമായ യഹോവ നിന്റെ കയ്യിൽ ഏല്പിക്കുന്ന സകലജാതികളെയും നീ മുടിച്ചുകളയേണം; നിനക്കു അവരോടു കനിവു തോന്നരുതു; അവരുടെ ദേവന്മാരെ നീ സേവിക്കരുതു; അതു നിനക്കു കണിയായിത്തീരും.

17 ഈ ജാതികൾ എന്നെക്കാൾ പെരുപ്പം ഉള്ളവർ; അവരെ നീക്കിക്കളവാൻ എനിക്കു എങ്ങനെ കഴിയും എന്നു നീ നിന്റെ ഹൃദയത്തിൽ പറയുമായിരിക്കും എന്നാൽ അവരെ ഭയപ്പെടരുതു;

18 നിന്റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതായി

19 നിന്റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും നിന്റെ ദൈവമായ യഹോവ നിന്നെ പുറപ്പെടുവിച്ച ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓർക്കേണം; നീ പേടിക്കുന്ന സകലജാതികളോടും നിന്റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും.

20 അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പിൽനിന്നു ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയിൽ കടുന്നലിനെ അയക്കും.

21 നീ അവരെക്കണ്ടു ഭ്രമിക്കരുതു; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ടു.

22 ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.

23 നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും അവർ നശിച്ചുപോകുംവരെ അവർക്കു മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യിൽ ഏല്പിക്കും; നീ അവരുടെ പേർ ആകാശത്തിൻ കീഴിൽനിന്നു ഇല്ലാതെയാക്കേണം.

24 അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പിൽ നിൽക്കയില്ല.

25 അവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാൻ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ചു എടുത്തുകൊള്ളരുതു; അതു നിന്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു.

ന്യായാധിപന്മാർ 1 തുടരുന്നു… ദേശം അപൂർണ്ണമായി പിടിച്ചടക്കലും അനുസരണക്കേടും:

27 മനശ്ശെ ബേത്ത്–ശെയാനിലും അതിന്റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്റെ ഗ്രാമങ്ങളിലും ദോരിലും അതിന്റെ ഗ്രാമങ്ങളിലും യിബ്ളെയാമിലും അതിന്റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്റെ ഗ്രാമങ്ങളിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യർക്കു ആ ദേശത്തു തന്നേ പാർപ്പാനുള്ള താല്പര്യം സാധിച്ചു.

28 എന്നാൽ യിസ്രായേലിന്നു ബലം കൂടിയപ്പോൾ അവർ കന്യാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.

29 എഫ്രയീം ഗേസെരിൽ പാർത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഗേസെരിൽ അവരുടെ ഇടയിൽ പാർത്തു.

30 സെബൂലൂൻ കിത്രോനിലും നഹലോലിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഊഴിയവേലക്കാരായിത്തീർന്നു അവരുടെ ഇടയിൽ പാർത്തു.

31 ആശേർ അക്കോവിലും സീദോനിലും അഹ്ളാബിലും അക്സീബിലും ഹെൽബയിലും അഫീക്കിലും രെഹോബിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല.

32 അവരെ നീക്കിക്കളയാതെ ആശേർയ്യർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു.

33 നഫ്താലി ബേത്ത്–ശേമെശിലും ബേത്ത്–അനാത്തിലും പാർത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു; എന്നാൽ ബേത്ത്–ശേമെശിലെയും ബേത്ത്–അനാത്തിലെയും നിവാസികൾ അവർക്കു ഊഴിയവേലക്കാരായിത്തിർന്നു.

34 അമോർയ്യർ ദാൻ മക്കളെ തിക്കിത്തള്ളി മലനാട്ടിൽ കയറ്റി; താഴ്വരയിലേക്കു ഇറങ്ങുവാൻ അവരെ സമ്മതിച്ചതുമില്ല.

35 അങ്ങനെ അമേർയ്യർക്കു ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർപ്പാനുള്ള താല്പര്യം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗൃഹത്തിന്നു ബലംകൂടിയപ്പോൾ അവരെ ഊഴിയ വേലക്കാരാക്കിത്തീർത്തു.

36 അമോർയ്യരുടെ അതിർ അക്രബ്ബിംകയറ്റവും സേലയും മുതൽ പിന്നെയും മേലോട്ടുണ്ടായിരുന്നു.

ന്യായാധിപന്മാർ 2

1 അനന്തരം യഹോവയുടെ ഒരു ദൂതൻ ഗില്ഗാലിൽനിന്നു ബോഖീമിലേക്കു വന്നുപറഞ്ഞതു: ഞാൻ നിങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു: നിങ്ങളോടുള്ള എന്റെ നിയമം ഞാൻ ഒരിക്കലും ലംഘിക്കയില്ല എന്നും

2 നിങ്ങൾ ഈ ദേശനിവാസികളോടു ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണമെന്നും കല്പിച്ചു; എന്നാൽ നിങ്ങൾ എന്റെ വാക്കു അനുസരിച്ചില്ല; ഇങ്ങനെ നിങ്ങൾ ചെയ്തതു എന്തു?

3 അതുകൊണ്ടു ഞാൻ അവരെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ല; അവർ നിങ്ങളുടെ വിലാപ്പുറത്തു മുള്ളായിരിക്കും; അവരുടെ ദേവന്മാർ നിങ്ങൾക്കു കണിയായും ഇരിക്കും എന്നു ഞാൻ പറയുന്നു.

4 യഹോവയുടെ ദൂതൻ ഈ വചനം എല്ലായിസ്രായേൽമക്കളോടും പറഞ്ഞപ്പോൾ ജനം ഉച്ചത്തിൽ കരഞ്ഞു.

5 അവർ ആ സ്ഥലത്തിന്നു ബോഖീം (കരയുന്നവർ) എന്നു പേരിട്ടു; അവിടെ യഹോവെക്കു യാഗം കഴിച്ചു.

6 എന്നാൽ യോശുവ ജനത്തെ പറഞ്ഞയച്ചു. യിസ്രായേൽമക്കൾ ദേശം കൈവശമാക്കുവാൻ ഓരോരുത്തൻ താന്താന്റെ അവകാശത്തിലേക്കു പോയി.

7 യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ഏറിയനാൾ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു.

8 എന്നാൽ യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.

9 അവനെ എഫ്രയീംപർവ്വതത്തിലെ തിമ്നാത്ത്–ഹേരെസിൽ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.

10 പിന്നെ ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേർന്നു; അവരുടെ ശേഷം യഹോവയെയും അവൻ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.

ഇസ്രായേലിന്റെ അവിശ്വസ്തത

11 എന്നാൽ യിസ്രായേൽമക്കൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെ സേവിച്ചു,

12 തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യ ദൈവങ്ങളെ ചെന്നു നമസ്കരിച്ചു യഹോവയെ കോപിപ്പിച്ചു.

13 അവർ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തൊരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു.

14 യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവരെ കവർച്ചചെയ്യേണ്ടതിന്നു അവൻ അവരെ കവർച്ചക്കാരുടെ കയ്യിൽ ഏല്പിച്ചു, ചുറ്റുമുള്ള ശത്രുക്കൾക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാൻ അവർക്കു പിന്നെ കഴിഞ്ഞില്ല.

15 യഹോവ അരുളിച്ചെയ്തിരുന്നതുപോലെയും യഹോവ അവരോടു സത്യം ചെയ്തിരുന്നതുപോലെയും യഹോവയുടെ കൈ അവർ ചെന്നേടത്തൊക്കെയും അനർത്ഥം വരത്തക്കവണ്ണം അവർക്കു വിരോധമായിരുന്നു; അവർക്കു മഹാകഷ്ടം ഉണ്ടാകയും ചെയ്തു.

16 എന്നാൽ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരുടെ കയ്യിൽ നിന്നു അവരെ രക്ഷിച്ചു.

17 അവരോ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോടു പരസംഗംചെയ്തു അവയെ നമസ്കരിച്ചു, തങ്ങളുടെ പിതാക്കന്മാർ നടന്ന വഴിയിൽനിന്നു വേഗം മാറിക്കളഞ്ഞു; അവർ യഹോവയുടെ കല്പനകൾ അനുസരിച്ചു നടന്നതുപോലെ നടന്നതുമില്ല.

18 യഹോവ അവർക്കു ന്യായാധിപന്മാരെ എഴുന്നേല്പിക്കുമ്പോൾ യഹോവ അതതു ന്യായധിപനോടു കൂടെയിരുന്നു അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കും; തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലിവിളിയിങ്കൽ യഹോവെക്കു മനസ്സിലിവു തോന്നും.

19 എന്നാൽ ആ ന്യായാധിപൻ മരിച്ചശേഷം അവർ തിരിഞ്ഞു അന്യദൈവങ്ങളെ ചെന്നു സേവിച്ചും നമസ്കരിച്ചും കൊണ്ടു തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം വഷളത്വം പ്രവർത്തിക്കും; അവർ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിടാതിരിക്കും.

20 അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു: ഈ ജാതി അവരുടെ പിതാക്കന്മാരോടു ഞാൻ കല്പിച്ചിട്ടുള്ള എന്റെ നിയമം ലംഘിച്ചു എന്റെ വാക്കു കേൾക്കായ്കയാൽ

21 അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും അനസരിച്ചു നടക്കുമോ ഇല്ലയോ എന്നു യിസ്രായേലിനെ പരീക്ഷിക്കേണ്ടതിന്നു ഞാനും,

22 യോശുവ മരിക്കുമ്പോൾ വിട്ടേച്ചുപോയ ജാതികളിൽ ഒന്നിനെയും ഇനി അവരുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ല എന്നു അവൻ അരുളിച്ചെയ്തു.

23 അങ്ങനെ യഹോവ ആ ജാതികളെ വേഗത്തിൽ നീക്കിക്കളയാതെയും യോശുവയുടെ കയ്യിൽ ഏല്പിക്കാതെയും വെച്ചിരുന്നു.

ന്യായാധിപന്മാർ 3: 5 കനാന്യർ, ഹിത്യർ, അമോർയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ഇടയിൽ യിസ്രായേൽമക്കൾ പാർത്തു.

6 അവരുടെ പുത്രിമാരെ തങ്ങൾക്കു ഭാര്യമാരായിട്ടു എടുക്കയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയും അവരുടെ ദേവന്മാരെ സേവിക്കയും ചെയ്തു.

ഒത്നീയേൽ 

7 ഇങ്ങനെ യിസ്രായേൽമക്കൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാൽവിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു.

8 അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശൻ രീശാഥയീമിന്നു വിറ്റുകളഞ്ഞു; യിസ്രായേൽമക്കൾ കൂശൻ രിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു.

9 എന്നാൽ യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ യിസ്രായേൽമക്കൾക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു.

10 അവന്റെ മേൽ യഹോവയുടെ ആത്മാവു വന്നു; അവൻ യിസ്രായേലിന്നു ന്യായാധിപനായി യുദ്ധത്തിന്നു പുറപ്പെട്ടാറെ യഹോവ മെസോപൊത്താമ്യയിലെ രാജാവായ കൂശൻ രിശാഥയീമിനെ അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ കൂശൻ രീശാഥയീമിനെ ജയിച്ചു.

11 ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.

ഏഹൂദ് 

12 കെനസിന്റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവർ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്കകൊണ്ടു യഹോവ മോവാബ്‌രാജാവായ എഗ്ളോനെ യിസ്രായേലിന്നു വിരോധമായി ബലപ്പെടുത്തി.

13 അവൻ അമ്മോന്യരെയും അമാലേക്യരെയും കൂട്ടിക്കൊണ്ടുവന്നു യിസ്രായേലിനെ തോല്പിച്ചു, അവർ ഈന്തപട്ടണവും കൈവശമാക്കി.

14 അങ്ങനെ യിസ്രായേൽ മക്കൾ മോവാബ് രാജാവായ എഗ്ളോനെ പതിനെട്ടു സംവത്സരം സേവിച്ചു.

15 യിസ്രായേൽ മക്കൾ യഹോയോടു നിലവിളിച്ചപ്പോൾ യഹോവ അവർക്കു ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കൾ മോവാബ് രാജാവായ എഗ്ളോന്നു കാഴ്ച കൊടുത്തയച്ചു.

16 എന്നാൽ ഏഹൂദ്, ഇരുവായ്ത്തലയും ഒരു മുഴം നീളവും ഉള്ള ഒരു ചുരിക ഉണ്ടാക്കി; അതു വസ്ത്രത്തിന്റെ ഉള്ളിൽ വലത്തെ തുടെക്കു കെട്ടി.

17 അവൻ മോവാബ് രാജാവായ എഗ്ളോന്റെ അടുക്കൽ കാഴ്ച കൊണ്ടു ചെന്നു; എഗ്ളോൻ ഏറ്റവും സ്ഥൂലിച്ചവൻ ആയിരുന്നു.

18 കാഴ്ചവെച്ചു കഴിഞ്ഞശേഷം കാഴ്ച ചുമന്നുകൊണ്ടു വന്നവരെ അവൻ അയച്ചുകളഞ്ഞു.

19 എന്നാൽ അവൻ ഗില്ഗാലിന്നരികെയുള്ള വിഗ്രഹങ്ങളുടെ അടുക്കൽനിന്നു മടങ്ങിച്ചെന്നു: രാജാവേ, എനിക്കു ഒരു സ്വകാര്യം ഉണ്ടു എന്നു പറഞ്ഞു. ക്ഷമിക്ക എന്നു അവൻ പറഞ്ഞു; ഉടനെ അടുക്കൽ നിന്നിരുന്ന എല്ലാവരും അവനെ വിട്ടു പുറത്തുപോയി.

20 ഏഹൂദ് അടുത്തുചെന്നു. എന്നാൽ അവൻ തന്റെ ഗ്രീഷ്മഗൃഹത്തിൽ തനിച്ചു ഇരിക്കയായിരുന്നു. എനിക്കു ദൈവത്തിന്റെ അരുളപ്പാടു അറിയിപ്പാൻ ഉണ്ടു എന്നു ഏഹൂദ് പറഞ്ഞു; ഉടനെ അവൻ ആസനത്തിൽനിന്നു എഴുന്നേറ്റു.

21 എന്നാറെ ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയിൽ നിന്നു ചുരിക ഊരി അവന്റെ വയറ്റിൽ കുത്തിക്കടത്തി.

22 അലകോടുകൂടെ പിടിയും അകത്തു ചെന്നു; അവന്റെ വയറ്റിൽനിന്നു ചുരിക അവൻ വലിച്ചെടുക്കായ്കയാൽ മേദസ്സു അലകിന്മേൽ പൊതിഞ്ഞടെഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു.

23 പിന്നെ ഏഹൂദ് പൂമുഖത്തു ഇറങ്ങി പുറകെ മാളികയുടെ വാതിൽ അടെച്ചുപൂട്ടി.

24 അവൻ പുറത്തു ഇറങ്ങിപ്പോയശേഷം എഗ്ളോന്റെ ഭൃത്യന്മാർ വന്നു; അവർ നോക്കി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നതു കണ്ടപ്പോൾ: അവൻ ഗ്രീഷ്മഗൃഹത്തിൽ വിസർജ്ജനത്തിന്നു ഇരിക്കയായിരിക്കും എന്നു അവർ പറഞ്ഞു.

25 അവർ കാത്തിരുന്നു വിഷമിച്ചു; അവൻ മുറിയുടെ വാതിൽ തുറക്കായ്കകൊണ്ടു അവർ താക്കോൽ എടുത്തു തുറന്നു;

26 തമ്പുരാൻ നിലത്തു മരിച്ചുകിടക്കുന്നതു കണ്ടു. എന്നാൽ അവർ കാത്തിരുന്നതിന്നിടയിൽ ഏഹൂദ് ഓടിപ്പോയി വിഗ്രഹങ്ങളെ കടന്നു സെയീരയിൽ ചെന്നുചേർന്നു.

27 അവിടെ എത്തിയശേഷം അവൻ എഫ്രയീംപർവ്വതത്തിൽ കാഹളം ഊതി; യിസ്രായേൽമക്കൾ അവനോടുകൂടെ പർവ്വതത്തിൽനിന്നു ഇറങ്ങി അവൻ അവർക്കു നായകനായി.

28 അവൻ അവരോടു: എന്റെ പിന്നാലെ വരുവിൻ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു; അവർ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; ആരെയും കടപ്പാൻ സമ്മതിച്ചതുമില്ല.

29 അവർ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരം പേരെ വെട്ടിക്കളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു;

30 ഒരുത്തനും ചാടിപ്പോയില്ല. അങ്ങനെ ആ കാലത്തു മോവാബ് യിസ്രായേലിന്നു കീഴടങ്ങി; ദേശത്തിന്നു എണ്പതു സംവത്സരം സ്വസ്ഥതയുണ്ടാകയും ചെയ്തു..

ശംഗർ

 31 അവന്റെ ശേഷം അനാത്തിന്റെ മകനായ ശംഗർ എഴുന്നേറ്റു; അവൻ ഒരു മുടിങ്കോൽകൊണ്ടു ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അവനും യിസ്രായേലിനെ രക്ഷിച്ചു.

ന്യായാധിപന്മാർ 4

ദെബോരാ 

1 ഹൂദ് മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.

യഹോവ അവരെ ഹാസോരിൽവാണ കനാന്യരാജാവായ യാബീന്നു വിറ്റുകളഞ്ഞു; അവന്റെ സേനാപതി ജാതികളുടെ ഹരോശെത്തിൽ പാർത്തിരുന്ന സീസെരാ ആയിരുന്നു.

അവന്നു തൊള്ളായിരം ഇരിമ്പുരഥം ഉണ്ടായിരുന്നു. അവൻ യിസ്രായേൽമക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.

4 ആ കാലത്തു ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരാ എന്ന പ്രവാചകി യിസ്രായേലിൽ ന്യായപാലനം ചെയ്തു.

അവൾ എഫ്രയീംപർവ്വതത്തിൽ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴിൽ പാർത്തിരുന്നു; യിസ്രായേൽമക്കൾ ന്യായവിസ്താരത്തിന്നു അവളുടെ അടുക്കൽ ചെല്ലുക പതിവായിരുന്നു.

അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്–നഫ്താലിയിൽനിന്നു വിളിപ്പിച്ചു അവനോടു: നീ പുറപ്പെട്ടു താബോർപർവ്വതത്തിൽ ചെന്നു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരം പേരെ കൂട്ടിക്കൊൾക;

ഞാൻ യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻ തോട്ടിന്നരികെ നിന്റെ അടുക്കൽ കൊണ്ടുവന്നു നിന്റെ കയ്യിൽ ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.

ബാരാൿ അവളോടു: നീ എന്നോടു കൂടെ വരുന്നെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകയില്ല എന്നു പറഞ്ഞു.

9 അതിന്നു അവൾ: ഞാൻ നിന്നോടുകൂടെ പോരാം; എന്നാൽ നീ പേകുന്ന യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.

10 ബാരാൿ സെബൂലൂനെയും നഫ്താലിയെയും കേദെശിൽ വിളിച്ചുകൂട്ടി; അവനോടുകൂടെ പതിനായിരംപേർ കയറിച്ചെന്നു; ദെബോരയുംകൂടെ കയറിച്ചെന്നു.

11 എന്നാൽ കേന്യനായ ഹേബെർ മോശെയുടെ അളിയൻ ഹോബാബിന്റെ മക്കളായ കേന്യരെ വിട്ടുപിരിഞ്ഞു കേദെശിന്നരികെയുള്ള സാനന്നീമിലെ കരുവേലകംവരെ കൂടാരം അടിച്ചിരുന്നു.

12 അബീനോവാബിന്റെ മകനായ ബാരാൿ താബോർപർവ്വതത്തിൽ കയറിയിരിക്കുന്നു എന്നു സീസെരെക്കു അറിവുകിട്ടി.

13 സീസെരാ തന്റെ തൊള്ളായിരം ഇരിമ്പുരഥവുമായി തന്റെ എല്ലാ പടജ്ജനത്തെയും ജാതികളുടെ ഹരോശെത്തിൽനിന്നു കീശോൻ തോട്ടിന്നരികെ വിളിച്ചുകൂട്ടി.

14 അപ്പോൾ ദെബോരാ ബാരാക്കിനോടു: പുറപ്പെട്ടുചെല്ലുക; യഹോവ ഇന്നു സീസെരയെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും അവന്റെ പിന്നാലെ പതിനായിരംപേരും താബോർപർവ്വതത്തിൽ നിന്നു ഇറങ്ങിച്ചെന്നു,

15 യഹോവ സീസെരയെയും അവന്റെ സകലരഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്റെ മുമ്പിൽ വാളിന്റെ വായ്ത്തലയാൽ തോല്പിച്ചു; സീസെരാ രഥത്തിൽനിന്നു ഇറങ്ങി കാൽനടയായി ഓടിപ്പോയി.

16 ബാരാൿ രഥങ്ങളെയും സൈന്യത്തെയും ജാതികളുടെ ഹരോശെത്ത്‌വരെ ഓടിച്ചു സീസെരയുടെ സൈന്യമൊക്കെയും വാളിന്റെ വായ്ത്തലയാൽ വീണു; ഒരുത്തനും ശേഷിച്ചില്ല.

17 എന്നാൽ സീസെരാ കാൽനടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്കു ഓടിപ്പോയി; കേന്യനായ ഹേബെരിന്റെ ഗൃഹവും ഹാസോർ രാജാവായ യാബീനും തമ്മിൽ സമാധാനം ആയിരുന്നു.

18 യായേൽ സീസെരയെ എതിരേറ്റുചെന്നു അവനോടു: ഇങ്ങോട്ടു കയറിക്കൊൾക, യജമാനനേ, ഇങ്ങോട്ടു കയറിക്കൊൾക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവൻ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവൾ അവനെ ഒരു പരവതാനികൊണ്ടു മൂടി.

19 അവൻ അവളോടു: എനിക്കു ദാഹിക്കുന്നു; കുടിപ്പാൻ കുറെ വെള്ളം തരേണമേ എന്നു പറഞ്ഞു; അവൾ പാൽതുരുത്തി തുറന്നു അവന്നു കുടിപ്പാൻ കൊടുത്തു; പിന്നെയും അവനെ മൂടി.

20 അവൻ അവളോടു: നീ കൂടാരവാതിൽക്കൽ നിൽക്ക; വല്ലവനും വന്നു ഇവിടെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു പറയേണം എന്നു പറഞ്ഞു.

21 എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കയ്യിൽ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കൽ ചെന്നു കുറ്റി അവന്റെ ചെന്നിയിൽ തറെച്ചു; അതു നിലത്തു ചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവൻ ബോധംകെട്ടു മരിച്ചുപോയി.

22 ബാരാൿ സീസെരയെ തിരഞ്ഞു ചെല്ലുമ്പോൾ യായേൽ അവനെ എതിരേറ്റു അവനോടു: വരിക, നീ അന്വേഷിക്കുന്ന ആളെ ഞാൻ കാണിച്ചുതരാം എന്നു പറഞ്ഞു. അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ സീസെരാ ചെന്നിയിൽ കുറ്റിയുമായി മരിച്ചുകിടക്കുന്നതു കണ്ടു.

23 ഇങ്ങനെ ദൈവം അന്നു കനാന്യ രാജാവായ യാബീനെ യിസ്രായേൽമക്കൾക്കു കീഴടക്കി.

24 യിസ്രായേൽമക്കൾ കനാന്യരാജാവായ യാബീനെ നിർമ്മൂലമാക്കുംവരെ അവരുടെ കൈ കനാന്യരാജാവായ യാബീന്നു മേല്ക്കുമേൽ ഭാരമായിത്തീർന്നു.

ന്യായാധിപന്മാർ 5:31 പിന്നെ ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.

ന്യായാധിപന്മാർ 6

ഗിദെയോൻ

1 യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു: യഹോവ അവരെ ഏഴു സംവത്സരം മിദ്യാന്റെ കയ്യിൽ ഏല്പിച്ചു.

2 മിദ്യാൻ യിസ്രായേലിൻ മേൽ ആധിക്യം പ്രാപിച്ചു; യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം പർവ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുർഗ്ഗങ്ങളും ശരണമാക്കി.

3 യിസ്രായേൽ വിതെച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും.

4 അവർ അവർക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല.

5 അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവർ ദേശത്തു കടന്നു നാശം ചെയ്യും.

6 ഇങ്ങനെ മിദ്യാന്യരാൽ യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.

7 യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം യഹോവയോടു നിലവിളിച്ചപ്പോൾ

8 യഹോവ ഒരു പ്രവാചകനെ യിസ്രായേൽമക്കളുടെ അടുക്കൽ അയച്ചു; അവൻ അവരോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിങ്ങളെ കൊണ്ടുവന്നു;

9 മിസ്രയീമ്യരുടെ കയ്യിൽനിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരുടെയും കയ്യിൽനിന്നും ഞാൻ നിങ്ങളെ വിടുവിച്ചു അവരെ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങൾക്കു തന്നു.

10 യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങൾ പാർക്കുന്നദേശത്തുള്ള അമോർയ്യരുടെ ദേവന്മാരെ ഭജിക്കരുതു എന്നും ഞാൻ നിങ്ങളോടു കല്പിച്ചു; നിങ്ങളോ എന്റെ വാക്കു കേട്ടില്ല.

11 അനന്തരം യഹോവയുടെ ഒരു ദൂതൻ വന്നു ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ കോതമ്പു മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന്നു മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കയായിരുന്നു.

12 യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു അവനോടു പറഞ്ഞു.

13 ഗിദെയോൻ അവനോടു: അയ്യോ, യജമാനനേ, യഹോവ നമ്മോടു കൂടെ ഉണ്ടെങ്കിൽ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു? യഹോവ നമ്മെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു അറിയിച്ചിട്ടുള്ള അവന്റെ അത്ഭുതങ്ങൾ ഒക്കെയും എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

14 അപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു.

15 അവൻ അവനോടു: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു.

16 യഹോവ അവനോടു: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു.

17 അതിന്നു അവൻ: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ എന്നോടു സംസാരിക്കുന്നതു നീ തന്നേ എന്നതിന്നു ഒരു അടയാളം കാണിച്ചു തരേണമേ.

18 ഞാൻ പോയി എന്റെ വഴിപാടു കൊണ്ടുവന്നു നിന്റെ മുമ്പാകെ വെക്കുവോളം ഇവിടെനിന്നു പോകരുതേ എന്നു അവനോടു പറഞ്ഞു. നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം എന്നു അവൻ അരുളിച്ചെയ്തു.

19 അങ്ങനെ ഗിദെയോൻ ചെന്നു ഒരു കോലാട്ടിൻ കുട്ടിയെയും ഒരു പറ മാവുകൊണ്ടു പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കൊട്ടയിൽവെച്ചു ചാറു ഒരു കിണ്ണത്തിൽ പകർന്നു കരുവേലകത്തിൻ കീഴെ കൊണ്ടുവന്നു അവന്റെ മുമ്പിൽ വെച്ചു.

20 അപ്പോൾ ദൈവത്തിന്റെ ദൂതൻ അവനോടു: മാംസവും പുളിപ്പില്ലാത്ത വടകളും എടുത്തു ഈ പാറമേൽ വെച്ചു ചാറു അതിന്മേൽ ഒഴിക്ക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു.

21 യഹോവയുടെ ദൂതൻ കയ്യിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയിൽനിന്നു തീ പുറപ്പെട്ടു മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്റെ കണ്ണിന്നു മറഞ്ഞു.

22 അവൻ യഹോവയുടെ ദൂതൻ എന്നു ഗിദെയോൻ കണ്ടപ്പോൾ: അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്നു പറഞ്ഞു.

23 യഹോവ അവനോടു: നിനക്കു സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്നു അരുളിച്ചെയ്തു.

24 ഗിദെയോൻ അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു അതിന്നു യഹോവ ശലോം എന്നു പേരിട്ടു; അതു ഇന്നുവരെയും അബീയേസ്ര്യർക്കുള്ള ഒഫ്രയിൽ ഉണ്ടു.

25 അന്നു രാത്രി യഹോവ അവനോടു കല്പിച്ചതു: നിന്റെ അപ്പന്റെ ഇളയ കാളയായ ഏഴുവയസ്സുള്ള രണ്ടാമത്തെ കാളയെ കൊണ്ടു ചെന്നു നിന്റെ അപ്പന്നുള്ള ബാലിൻ ബലിപീഠം ഇടിച്ചു അതിന്നരികെയുള്ള അശേര പ്രതിഷ്ഠയെ വെട്ടിക്കളക.

26 ഈ ദുർഗ്ഗത്തിന്റെ മുകളിൽ നിന്റെ ദൈവമായ യഹോവെക്കു നിയമപ്രകാരം ഒരു യാഗപീഠം പണിതു ആ രണ്ടാമത്തെ കാളയെ എടുത്തു നീ വെട്ടിക്കളയുന്ന അശേരപ്രതിഷ്ഠയുടെ വിറകുകൊണ്ടു ഹോമയാഗം കഴിക്ക.

27 ഗിദെയോൻ തന്റെ വേലക്കാരിൽ പത്തുപേരെ കൂട്ടി, യഹോവ തന്നോടു കല്പിച്ചതുപോലെ ചെയ്തു; എന്നാൽ അവൻ തന്റെ കുടുംബക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ടു പകൽസമയത്തു അതു ചെയ്യാതെ രാത്രിയിൽ ചെയ്തു.

28 പട്ടണക്കാർ രാവിലെ എഴുന്നേറ്റപ്പോൾ ബാലിന്റെ ബലിപീഠം ഇടിഞ്ഞുകിടക്കുന്നതു കണ്ടു അതിന്നരികെയുള്ള അശേരപ്രതിഷ്ഠയും വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിങ്കൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു.

29 ഇതു ചെയ്തതു ആരെന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു, അന്വേഷണം കഴിച്ചപ്പോൾ യോവാശിന്റെ മകനായ ഗിദെയോൻ ആകുന്നു ചെയ്തതു എന്നു കേട്ടു.

30 പട്ടണക്കാർ യോവാശിനോടു: നിന്റെ മകനെ പുറത്തുകൊണ്ടുവരിക; അവൻ മരിക്കേണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ചു അതിന്നരികത്തു ഉണ്ടായിരുന്ന അശേരപ്രതിഷ്ഠയേയും വെട്ടിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.

31 യോവാശ് തന്റെ ചുറ്റും നില്ക്കുന്ന എല്ലാവരോടും പറഞ്ഞതു: ബാലിന്നു വേണ്ടി നിങ്ങളോ വ്യവഹരിക്കുന്നതു? നിങ്ങളോ അവനെ രക്ഷിക്കുന്നതു? അവന്നുവേണ്ടി വ്യവഹരിക്കുന്നവൻ ഇന്നു രാവിലെ തന്നേ മരിക്കേണം; അവൻ ഒരു ദൈവം എങ്കിൽ തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞതുകൊണ്ടു താൻ തന്നേ തന്റെ കാര്യം വ്യവഹരിക്കട്ടെ.

32 ഇവൻ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാൽ ഇവന്റെ നേരെ വ്യവഹരിക്കട്ടെ എന്നു പറഞ്ഞു അവന്നു അന്നു യെരുബ്ബാൽ എന്നു പേരിട്ടു.

33 അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാർ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്നു യിസ്രായേൽതാഴ്വരയിൽ പാളയം ഇറങ്ങി.

34 അപ്പോൾ യഹോവയുടെ ആത്മാവു ഗിദെയോന്റെമേൽ വന്നു, അവൻ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി.

35 അവൻ മനശ്ശെയിൽ എല്ലാടവും ദൂതന്മാരെ അയച്ചു, അവരെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി; ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും പുറപ്പെട്ടുവന്നു അവരോടു ചേർന്നു.

36 അപ്പോൾ ഗിദെയോൻ ദൈവത്തോടു: നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെങ്കിൽ ഇതാ,

37 ഞാൻ രോമമുള്ള ഒരു ആട്ടിൻ തോൽ കളത്തിൽ നിവർത്തിടുന്നു; മഞ്ഞു തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ നീ അരുളിച്ചെയ്തതു പോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെന്നു ഞാൻ അറിയും എന്നു പറഞ്ഞു.

38 അങ്ങനെ തന്നേ സംഭവിച്ചു; അവൻ പിറ്റെന്നു അതികാലത്തു എഴുന്നേറ്റു തോൽ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു കിണ്ടി നിറെച്ചെടുത്തു.

39 ഗിദെയോൻ പിന്നെയും ദൈവത്തോടു: നിന്റെ കോപം എന്റെ നേരെ ജ്വലിക്കരുതേ; ഞാൻ ഒരിക്കലുംകൂടെ സംസാരിച്ചുകൊള്ളട്ടെ; തോൽകൊണ്ടു ഒരു പരീക്ഷകൂടെ കഴിച്ചുകൊള്ളട്ടെ; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാൻ അരുളേണമേ എന്നു പറഞ്ഞു.

40 അന്നു രാത്രി ദൈവം അങ്ങനെ തന്നേ ചെയ്തു; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനെഞ്ഞുമിരുന്നു.

ഗിദെയോൻ മിദ്യാന്യരെ പരാജയപ്പെടുത്തുന്നു

ന്യായാധിപന്മാർ 7 

1 അനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്തു പുറപ്പെട്ടു ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി; മിദ്യാന്യരുടെ പാളയമോ അവർക്കു വടക്കു മോരേകുന്നിന്നരികെ താഴ്വരയിൽ ആയിരുന്നു.

2 യഹോവ ഗിദെയോനോടു: നിന്നോടു കൂടെയുള്ള ജനം അധികമാകുന്നു; എന്റെ കൈ എന്നെ രക്ഷിച്ചു എന്നു യിസ്രായേൽ എന്റെ നേരെ വമ്പുപറയാതിരിക്കേണ്ടതിന്നു ഞാൻ മിദ്യാന്യരെ ഇവരുടെ കയ്യിൽ ഏല്പിക്കയില്ല.

3 ആകയാൽ നീ ചെന്നു ആർക്കെങ്കിലും ഭയവും ഭീരുതയുമുണ്ടെങ്കിൽ അവൻ ഗിലെയാദ് പർവ്വതത്തിൽനിന്നു മടങ്ങിപ്പെയ്ക്കൊള്ളട്ടെ എന്നു ജനത്തിൽ പ്രസിദ്ധപ്പെടുത്തുക എന്നു കല്പിച്ചു. എന്നാറെ ജനത്തിൽ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു.

4 യഹോവ പിന്നെയും ഗിദെയോനോടു: ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക; അവിടെ വെച്ചു ഞാൻ അവരെ പരിശോധിച്ചുതരാം; ഇവൻ നിന്നോടുകൂടെ പോരട്ടെ എന്നു ഞാൻ കല്പിക്കുന്നവൻ പോരട്ടെ; ഇവൻ നിന്നോടുകൂടെ പോരേണ്ടാ എന്നു ഞാൻ കല്പിക്കുന്നവൻ പോരേണ്ടാ എന്നു കല്പിച്ചു.

5 അങ്ങനെ അവൻ ജനത്തെ വെള്ളത്തിങ്കലേക്കു കൊണ്ടുപോയി; യഹോവ ഗിദെയോനോടു: പട്ടി നക്കിക്കുടിക്കുംപോലെ നാവുകൊണ്ടു വെള്ളം നിക്കിക്കുടിക്കുന്നവരെയൊക്കെ വേറെയും കുടിപ്പാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറയും നിർത്തുക എന്നു കല്പിച്ചു.

6 കൈ വായക്കു വെച്ചു നക്കിക്കുടിച്ചവർ ആകെ മുന്നൂറുപേർ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു.

7 യഹോവ ഗിദെയോനോടു: നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ടു ഞാൻ നിങ്ങളെ രക്ഷിച്ചു മിദ്യാന്യരെ നിന്റെ കയ്യിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു.

8 അങ്ങനെ അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവൻ വീട്ടിലേക്കു പറഞ്ഞയക്കയും ആ മുന്നൂറുപേരെ നിർത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.

9 അന്നു രാത്രി യഹോവ അവനോടു കല്പിച്ചതു: എഴുന്നേറ്റു പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അതു നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.

10 ഇറങ്ങിച്ചെല്ലുവാൻ നിനക്കു പേടിയുണ്ടെങ്കിൽ നീയും നിന്റെ ബാല്യക്കാരനായ പൂരയുംകൂടെ പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക.

11 എന്നാൽ അവർ സംസാരിക്കുന്നതു എന്തെന്നു നീ കേൾക്കും; അതിന്റെ ശേഷം പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുവാൻ നിനക്കു ധൈര്യം വരും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും പാളയത്തിൽ ആയുധപാണികളുടെ സമീപത്തോളം ഇറങ്ങിച്ചെന്നു.

12 എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അസംഖ്യം ആയിരുന്നു.

13 ഗിദെയോൻ ചെല്ലുമ്പോൾ ഒരുത്തൻ മറ്റൊരുത്തനോടു ഒരു സ്വപന്ം വിവരിക്കയായിരുന്നു: ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു വന്നു കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു. അതിന്നു മറ്റവൻ:

14 ഇതു യോവാശിന്റെ മകനായ ഗിദെയോൻ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

15 ഗിദെയോൻ സ്വപ്നവും പൊരുളും കേട്ടപ്പോൾ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

16 അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നുകൂട്ടമായി വിഭാഗിച്ചു ഓരോരുത്തന്റെ കയ്യിൽ ഓരോ കാഹളവും വെറുംകുടവും കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു, അവരോടു പറഞ്ഞതു.

17 ഞാൻ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്‍വിൻ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‍വിൻ,

18 ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതി: യഹോവെക്കും ഗിദെയോന്നും വേണ്ടി എന്നു പറവിൻ.

19 മദ്ധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്തു എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു.

20 മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു; ഇടത്തു കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ എന്നു ആർത്തു.

21 അവർ പാളയത്തിന്റെ ചുറ്റും ഓരോരുത്തൻ താന്താന്റെ നിലയിൽ തന്നേ നിന്നു; പാളയമെല്ലാം പാച്ചൽ തുടങ്ങി; അവർ നിലവിളിച്ചുകൊണ്ടു ഓടിപ്പോയി.

22 ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാവഴിയായി ബേത്ത്–ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി.

23 യിസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടർന്നു.

24 ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലാടവും ദൂതന്മാരെ അയച്ചു: മിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്–ബാരാവരെയുള്ള വെള്ളത്തെയും യോർദ്ദാനെയും അവർക്കു മുമ്പെ കൈവശമാക്കിക്കൊൾവിൻ എന്നു പറയിച്ചു. അങ്ങനെ തന്നേ എഫ്രയീമ്യർ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്–ബാരാവരെയുള്ള വെള്ളവും യോർദ്ദാനും കൈവശമാക്കി.

25 ഓരേബ്, ശേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ചു, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടർന്നു, ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാന്നക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.

സേബഹും സൽമുന്നയും

ന്യായാധിപന്മാർ 8 

1 എന്നാൽ എഫ്രയീമ്യർ: നീ മിദ്യാന്യരോടു യുദ്ധംചെയ്‍വാൻ പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്തു? ഇങ്ങനെ ഞങ്ങളോടു ചെയ്‍വാൻ എന്തു സംഗതി എന്നു പറഞ്ഞു അവനോടു ഉഗ്രമായി വാദിച്ചു.

അതിന്നു അവൻ: നിങ്ങളോടു ഒത്തുനോക്കിയാൽ ഞാൻ ഈ ചെയ്തതു എന്തുള്ളു? അബിയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലതു?

3 നിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാൽ എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്കു അവനോടുള്ള കോപം ശമിച്ചു.

4 അനന്തരം ഗിദെയോൻ യോർദ്ദാങ്കൽ എത്തി; അവന്നും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാൻ അക്കരെ കടന്നു.

5 അവൻ സുക്കോത്തിലെ നിവാസികളോടു എന്റെ കൂടെയുള്ള പടജ്ജനത്തിന്നു അപ്പംകൊടുക്കേണമേ; അവർ ക്ഷീണിച്ചിരിക്കുന്നു; ഞാൻ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.

6 നിന്റെ സൈന്യത്തിന്നു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു.

7 അതിന്നു ഗിദെയോൻ: ആകട്ടെ; യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കയ്യിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളകൊണ്ടും പരക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു.

അവിടെനിന്നു അവൻ പെനൂവേലിലേക്കു ചെന്നു അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത് നിവാസികൾ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേൽനിവാസികളും പറഞ്ഞു.

9 അവൻ പെനൂവേൽനിവാസികളോടു: ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു.

10 എന്നാൽ സേബഹും സൽമുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കർക്കോരിൽ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേർ വീണുപോയിരുന്നു.

11 ഗിദെയോൻ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.

12 സേബഹും സൽമുന്നയും ഓടിപ്പോയി; അവൻ അവരെ പിന്തുടർന്നു, സേബഹ് സൽമുന്നാ എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെ ഒക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു.

13 അനന്തരം യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധം കഴിഞ്ഞിട്ടു ഹേരെസ് കയറ്റത്തിൽനിന്നു മടങ്ങിവരുമ്പോൾ

14 സുക്കോത്ത നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ചു അവനോടു അന്വേഷിച്ചു; അവൻ സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു ആളുടെ പേർ അവന്നു എഴുതിക്കൊടുത്തു.

15 അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്നു: ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകൾക്കു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു നിങ്ങൾ എന്നെ ധിക്കരിച്ചുപറഞ്ഞ സേബഹും സൽമുന്നയും ഇതാ എന്നു പറഞ്ഞു.

16 അവൻ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ടു സുക്കോത്ത് നിവാസികളെ ബുദ്ധിപഠിപ്പിച്ചു.

17 അവൻ പെനൂവേലിലെ ഗോപുരം ഇടിച്ചു പട്ടണക്കാരെ കൊന്നുകളഞ്ഞു.

18 പിന്നെ അവൻ സേബഹിനോടും സൽമുന്നയോടും: നിങ്ങൾ താബോരിൽവെച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു എന്നു ചേദിച്ചു. അവർ നിന്നെപ്പോലെ ഓരോരുത്തൻ രാജകുമാരന്നു തുല്യൻ ആയിരുന്നു എന്നു അവർ ഉത്തരം പറഞ്ഞു.

19 അതിന്നു അവൻ: അവർ എന്റെ സഹോദരന്മാർ, എന്റെ അമ്മയുടെ മക്കൾ തന്നേ ആയിരുന്നു; അവരെ നിങ്ങൾ ജീവനോടെ വെച്ചിരുന്നു എങ്കിൽ, യഹോവയാണ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്നു പറഞ്ഞു.

20 പിന്നെ അവൻ തന്റെ ആദ്യജാതനായ യേഥെരിനോടു: എഴുന്നേറ്റു അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാൽ അവൻ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാൾ ഊരാതെ നിന്നു.

21 അപ്പോൾ സേബഹും സൽമുന്നയും: നീ തന്നേ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റു സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു.

ഗിദെയോന്റെ എഫോഡ്

22 അനന്തരം യിസ്രായേല്യർ ഗിദെയോനോടു: നീ ഞങ്ങളെ മിദ്യാന്റെ കയ്യിൽ നിന്നു രക്ഷിച്ചിരിക്കകൊണ്ടു ഞങ്ങൾക്കു രാജാവായിരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു.

23 ഗിദെയോൻ അവരോടു: ഞാൻ നിങ്ങൾക്കു രാജാവാകയില്ല; എന്റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.

24 പിന്നെ ഗിദെയോൻ അവരോടു: ഞാൻ നിങ്ങളോടു ഒന്നു അപേക്ഷിക്കുന്നു; നിങ്ങൾ ഓരോരുത്തൻ കൊള്ളയിൽ കിട്ടിയ കടുക്കൻ എനിക്കു തരേണം എന്നു പറഞ്ഞു. അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ടു അവർക്കു പൊൻകടുക്കൽ ഉണ്ടായിരുന്നു.

25 ഞങ്ങൾ സന്തോഷത്തോടെ തരാം എന്നു അവർ പറഞ്ഞു, ഒരു വസ്ത്രം വിരിച്ചു ഒരോരുത്തന്നു കൊള്ളയിൽ കിട്ടിയ കടുക്കൻ അതിൽ ഇട്ടു.

26 അവൻ ചോദിച്ചു വാങ്ങിയ പൊൻ കടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.

27 ഗിദെയോൻ അതുകൊണ്ടു ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കൽ ചെന്നു; അതു ഗിദെയോന്നും അവന്റെ കുടുംബത്തിന്നും ഒരു കണിയായി തീർന്നു.

ഗിദെയോന്റെ മരണം 

28 എന്നാൽ മിദ്യാൻ തലപൊക്കാതവണ്ണം യിസ്രായേൽ മക്കൾക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.

29 യോവാശിന്റെ മകനായ യെരുബ്ബാൽ തന്റെ വീട്ടിൽ ചെന്നു സുഖമായി പാർത്തു.

30 ഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാർ ഉണ്ടായിരുന്നു.

31 ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന്നു ഒരു മകനെ പ്രസവിച്ചു. അവന്നു അബീമേലെൿ എന്നു അവൻ പേരിട്ടു.

32 യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർദ്ധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയർക്കുള്ള ഒഫ്രയിൽ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയിൽ അടക്കംചെയ്തു.

33 ഗിദെയോൻ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും പരസംഗമായി ബാൽവിഗ്രഹങ്ങളുടെ അടുക്കൽ ചെന്നു ബാൽബെരീത്തിനെ തങ്ങൾക്കു ദേവനായി പ്രതിഷ്ഠിച്ചു.

34 യിസ്രായേൽമക്കൾ ചുറ്റുമുള്ള സകലശത്രുക്കളുടെയും കയ്യിൽ നിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഓർത്തില്ല.

35 ഗിദെയോൻ എന്ന യെരുബ്ബാൽ യിസ്രായേലിന്നു ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്റെ കടുംബത്തോടു ദയ ചെയ്തതുമില്ല.

തോലാ

ന്യായാധിപന്മാർ 10 

1 അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ എന്ന യിസ്സാഖാർഗോത്രക്കാരൻ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു അവൻ പാർത്തതു.

യായീർ

3 അവന്റെ ശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റു യിസ്രായേലിന്നു ഇരുപത്തുരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.

യിഫ്താഹ് 

6 യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു ബാൽ വിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു, യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു.

7 അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു, അവൻ അവരെ ഫെലിസ്ത്യരുടെ കയ്യിലും അമ്മോന്യരുടെ കയ്യിലും ഏല്പിച്ചു.

8 അവർ അന്നുമുതൽ പതിനെട്ടു സംവത്സരത്തോളം യിസ്രായേൽമക്കളെ യോർദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോർയ്യദേശത്തുള്ള എല്ലായിസ്രായേൽമക്കളെയും തന്നേ ഉപദ്രവിച്ചു ഞെരുക്കി.

അമ്മോന്യർ യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധംചെയ്‍വാൻ യോർദ്ദാൻ കടന്നു; അതുകൊണ്ടു യിസ്രായേൽ വളരെ കഷ്ടത്തിൽ ആയി.

10 യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.

11 യഹോവ യിസ്രായേൽമക്കളോടു അരുളിച്ചെയ്തതു: മിസ്രയീമ്യർ, അമോർയ്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കയ്യിൽനിന്നു ഞാൻ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?

12 സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങൾ എന്നോടു നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കയ്യിൽനിന്നും രക്ഷിച്ചു.

13 എങ്കിലും നിങ്ങൾ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ടു ഇനി ഞാൻ നിങ്ങളെ രക്ഷിക്കയില്ല.

14 നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോടു നിലവിളിപ്പിൻ; അവർ നിങ്ങളുടെ കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കട്ടെ.

15 യിസ്രായേൽമക്കൾ യഹോവയോടു: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊൾക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.

16 അവർ തങ്ങളുടെ ഇടയിൽനിന്നു അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്റെ അരിഷ്ടതയിൽ അവന്നു സഹതാപം തോന്നി.

17 അന്നേരം അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽ മക്കളും ഒരുമിച്ചുകൂടി മിസ്പയിൽ പാളയമിറങ്ങി.

18 ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മിൽ തമ്മിൽ: അമ്മോന്യരോടു യുദ്ധം ആരംഭിക്കുന്നവൻ ആർ? അവൻ ഗിലെയാദിലെ സകലനിവാസികൾക്കും തലവനാകും എന്നു പറഞ്ഞു.

ന്യായാധിപന്മാർ 11 

1 ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രൻ ആയിരുന്നു; യിഫ്താഹിന്റെ ജനകനോ ഗിലെയാദ് ആയിരുന്നു.

2 ഗിലെയാദിന്റെ ഭാര്യയും അവന്നു പുത്രന്മാരെ പ്രസവിച്ചു; അവന്റെ ഭാര്യയുടെ പുത്രന്മാർ വളർന്നശേഷം അവർ യിഫ്താഹിനോടു: നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്നു പറഞ്ഞു അവനെ നീക്കിക്കളഞ്ഞു.

3 അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ടു തോബ് ദേശത്തു ചെന്നു പാർത്തു; നിസ്സാരന്മാരായ ചിലർ യിഫ്താഹിനോടു ചേർന്നു അവനുമായി സഞ്ചരിച്ചു.

4 കുറെക്കാലം കഴിഞ്ഞിട്ടു അമ്മോന്യർ യിസ്രായേലിനോടു യുദ്ധംചെയ്തു.

5 അമ്മോന്യർ യിസ്രായേലിനോടു യുദ്ധം തുടങ്ങിയപ്പോൾ ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്നു കൊണ്ടുവരുവാൻ ചെന്നു.

6 അവർ യിഫ്താഹിനോടു: അമ്മോന്യരോടു യുദ്ധം ചെയ്യേണ്ടതിന്നു നീ വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക എന്നു പറഞ്ഞു.

7 യിഫ്താഹ് ഗിലെയാദ്യരോടു: നിങ്ങൾ എന്നെ പകെച്ചു പിതൃഭവനത്തിൽ നിന്നു നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയ സമയം എന്റെ അടുക്കൽ എന്തിന്നു വരുന്നു എന്നു പറഞ്ഞു.

8 ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോടു: നീ ഞങ്ങളോടുകൂടെ വന്നു അമ്മോന്യരോടു യുദ്ധംചെയ്കയും ഗിലെയാദിലെ സകല നിവാസികൾക്കും തലവനായിരിക്കയും ചെയ്യേണ്ടതിന്നു ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.

9 യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടു: അമ്മോന്യരോടു യുദ്ധംചെയ്‍വാൻ നിങ്ങൾ എന്നെ കൊണ്ടുപോയിട്ടു യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചാൽ നിങ്ങൾ എന്നെ തലവനാക്കുമോ എന്നു ചോദിച്ചു.

10 ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോടു: യഹോവ നമ്മുടെ മദ്ധ്യേ സാക്ഷി; നീ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു.

11 അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സേനാപതിയുമാക്കി; യിഫ്താഹ് മിസ്പയിൽവെച്ചു യഹോവയുടെ സന്നിധിയിൽ തന്റെ കാര്യമെല്ലാം പ്രസ്താവിച്ചു.

12 അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നീ എന്നോടു യുദ്ധംചെയ്‍വാൻ എന്റെ ദേശത്തു വരേണ്ടതിന്നു എന്നോടു നിനക്കെന്തു കാര്യം എന്നു പറയിച്ചു.

13 അമ്മോന്യരുടെ രാജാവു യിഫ്താഹിന്റെ ദൂതന്മാരോടു: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ അവർ അർന്നോൻ മുതൽ യബ്ബോക്വരെയും യോർദ്ദാൻ വരെയും ഉള്ള എന്റെ ദേശം അടക്കിയതുകൊണ്ടു തന്നേ; ഇപ്പോൾ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്നു പറഞ്ഞു.

14 യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു,

15 അവനോടു പറയിച്ചതെന്തെന്നാൽ: യിഫ്താഹ് ഇപ്രകാരം പറയുന്നു;

16 യിസ്രായേൽ മോവാബ് ദേശമോ അമ്മോന്യരുടെ ദേശമോ അടക്കീട്ടില്ല. യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടു മരുഭൂമിയിൽകൂടി ചെങ്കടൽവരെ സഞ്ചരിച്ചു കാദേശിൽ എത്തി.

17 യിസ്രായേൽ എദോം രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവു കേട്ടില്ല; മോവാബ് രാജാവിന്റെ അടുക്കലും അവർ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാർത്തു.

18 അവർ മരുഭൂമിയിൽകൂടി സഞ്ചരിച്ചു എദോംദേശവും മോവാബ്ദേശവും ചുറ്റിച്ചെന്നു മോവാബ് ദേശത്തിന്റെ കിഴക്കു എത്തി അർന്നോന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്റെ അതിരായിരുന്നു. മോവാബിന്റെ അതിർക്കകത്തു അവർ കടന്നില്ല.

19 പിന്നെ യിസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോർയ്യരാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നിന്റെ ദേശത്തുകൂടി എന്റെ സ്ഥലത്തേക്കു കടന്നുപോകുവാൻ അനുവാദം തരേണമെന്നു പറയിച്ചു.

20 എങ്കിലും സീഹോൻ യിസ്രായേൽ തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ തക്കവണ്ണം അവരെ വിശ്വസിക്കാതെ തന്റെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യഹസിൽ പാളയമിറങ്ങി യിസ്രായേലിനോടു പടയേറ്റു.

21 യിസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും അവന്റെ സകലജനത്തെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; ഇങ്ങനെ യിസ്രായേൽ ആദേശനിവാസികളായ അമോർയ്യരുടെ ദേശം ഒക്കെയും കൈവശമാക്കി.

22 അർന്നോൻ മുതൽ യബ്ബോക്വരെയും മരുഭൂമിയിൽ യോർദ്ദാൻ വരെയുമുള്ള അമോർയ്യരുടെ ദേശം ഒക്കെയും അവർ പിടിച്ചടക്കി.

23 യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്നു അമോർയ്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അവരുടെ അവകാശം അടക്കുവാൻ പോകുന്നുവോ?

24 നിന്റെ ദേവനായ കെമോശ് നിനക്കു അവകാശമായി തരുന്ന ദേശത്തെ നീ അടക്കി അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്നവരുടെ അവകാശം ഞങ്ങളും അടക്കി അനുഭവിക്കും.

25 സിപ്പോരിന്റെ മകനായ ബാലാൿ എന്ന മോവാബ് രാജാവിനെക്കാളും നീ യോഗ്യനോ? അവൻ യിസ്രായേലിനോടു എപ്പോഴെങ്കിലും വാഗ്വാദം ചെയ്തിട്ടുണ്ടോ? എപ്പോഴെങ്കിലും അവരോടു യുദ്ധം ചെയ്തിട്ടുണ്ടോ?

26 യിസ്രായേൽ ഹെശ്ബോനിലും അതിന്റെ പട്ടണങ്ങളിലും അരോവേരിലും അതിന്റെ പട്ടണങ്ങളിലും അർന്നോൻ തീരത്തുള്ള എല്ലാപട്ടണങ്ങളിലും മുന്നൂറു സംവത്സരത്തോളം പാർത്തിരിക്കെ ആ കാലത്തിന്നിടയിൽ നിങ്ങൾ അവയെ ഒഴിപ്പിക്കാതിരുന്നതു എന്തു?

27 ആകയാൽ ഞാൻ നിന്നോടു അന്യായം ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുന്നതിനാൽ നീ എന്നോടാകുന്നു അന്യായം ചെയ്യുന്നതു; ന്യായാധിപനായ യഹോവ ഇന്നു യിസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മദ്ധ്യേ ന്യായം വിധിക്കട്ടെ.

28 എന്നാൽ യിഫ്താഹ് പറഞ്ഞയച്ച വാക്കു അമ്മോന്യരുടെ രാജാവു കൂട്ടാക്കിയില്ല.

29 അപ്പോൾ യഹോവയുടെ ആത്മാവു യിഫ്താഹിൻ മേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്നു ഗിലെയാദിലെ മിസ്പയിൽ എത്തി ഗിലെയാദിലെ മിസ്പയിൽനിന്നു അമ്മോന്യരുടെ നേരെ ചെന്നു.

30 യിഫ്താഹ് യഹോവെക്കു ഒരു നേർച്ച നേർന്നു പറഞ്ഞതു: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ

31 ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽനിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവെക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും.

32 ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധംചെയ്‍വാൻ അവരുടെ നേരെ ചെന്നു; യഹോവ അവരെ അവന്റെ കയ്യിൽ ഏല്പിച്ചു.

33 അവൻ അവർക്കു അരോവേർമുതൽ മിന്നീത്ത്‌വരെയും ആബേൽ-കെരാമീംവരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി.

34 എന്നാൽ യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടുംകൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന്നു ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന്നു മകനുമില്ല മകളുമില്ല.

35 അവളെ കണ്ടയുടനെ അവൻ തന്റെ വസ്ത്രം കീറി: അയ്യോ എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു.

36 അവൾ അവനോടു: അപ്പാ, നീ യഹോവയോടു പറഞ്ഞുപോയിട്ടുണ്ടെങ്കിൽ യഹോവ നിനക്കുവേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാൽ നിന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക എന്നു പറഞ്ഞു.

37 എന്നാൽ ഒരു കാര്യം എനിക്കു വേണ്ടിയിരുന്നു; ഞാൻ പർവ്വതങ്ങളിൽ ചെന്നു എന്റെ സഖിമാരുമായി എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന്നു എനിക്കു രണ്ടു മാസത്തെ അവധി തരേണം എന്നു അവൾ തന്റെ അപ്പനോടു പറഞ്ഞു.

38 അതിന്നു അവൻ: പോക എന്നു പറഞ്ഞു അവളെ രണ്ടു മാസത്തേക്കു അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്നു തന്റെ കന്യാത്വത്തെക്കുറിച്ചു പർവ്വതങ്ങളിൽ വിലാപംകഴിച്ചു.

39 രണ്ടു മാസം കഴിഞ്ഞിട്ടു അവൾ തന്റെ അപ്പന്റെ അടുക്കലേക്കു മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്തു; അവൾ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല.

40 പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ കീർത്തിപ്പാൻ പോകുന്നതു യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു.

യിഫ്താഹൂം എഫ്രയീമൂം

ന്യായാധിപന്മാർ 12

1 അനന്തരം എഫ്രയീമ്യർ ഒന്നിച്ചുകൂടി വടക്കോട്ടു ചെന്നു യിഫ്താഹിനോടു: നീ അമ്മോന്യരോടു യുദ്ധംചെയ്‍വാൻ പോയപ്പോൾ കൂടെ പോരേണ്ടതിന്നു ഞങ്ങളെ വിളിക്കാഞ്ഞതു എന്തു? ഞങ്ങൾ നിന്നെ അകത്തിട്ടു വീട്ടിന്നു തീ വെച്ചു ചുട്ടുകളയും എന്നു പറഞ്ഞു.

2 യിഫ്താഹ് അവരോടു: എനിക്കും എന്റെ ജനത്തിന്നും അമ്മോന്യരോടു വലിയ കലഹം ഉണ്ടായി; ഞാൻ നിങ്ങളെ വളിച്ചപ്പോൾ നിങ്ങൾ അവരുടെ കയ്യിൽനിന്നു എന്നെ രക്ഷിച്ചില്ല.

3 നിങ്ങൾ എന്നെ രക്ഷിക്കയില്ലെന്നു കണ്ടപ്പോൾ ഞാൻ എന്റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ടു അമ്മോന്യരുടെ നേരെ ചെന്നു; യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചു. ഇങ്ങനെയിരിക്കെ നിങ്ങൾ എന്നോടു യുദ്ധംചെയ്‍വാൻ ഇന്നു എന്റെ നേരെ വരുന്നതു എന്തു എന്നു പറഞ്ഞു.

4 അനന്തരം യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും വിളിച്ചുകൂട്ടി, എഫ്രയീമ്യരോടു യുദ്ധംചെയ്തു അവരെ തോല്പിച്ചു; ഗിലെയാദ്യരായ നിങ്ങൾ എഫ്രയീമിന്റെയും മനശ്ശെയുടെയും മദ്ധ്യേ എഫ്രയീമ്യപലായിതന്മാർ ആകുന്നു എന്നു എഫ്രയീമ്യർ പറകകൊണ്ടു ഗിലെയാദ്യർ അവരെ സംഹരിച്ചുകളഞ്ഞു.

5 ഗിലെയാദ്യർ എഫ്രയീംഭാഗത്തുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; എഫ്രയീമ്യപലായിതന്മാരിൽ ഒരുത്തൻ: ഞാൻ അക്കരെക്കു കടക്കട്ടെ എന്നു പറയുമ്പോൾ ഗിലെയാദ്യർ അവനോടു: നീ എഫ്രയീമ്യനോ എന്നു ചോദിക്കും; അല്ല, എന്നു അവൻ പറഞ്ഞാൽ

6 അവർ അവനോടു ശിബ്ബോലെത്ത് എന്നു പറക എന്നു പറയും; അതു അവന്നു ശരിയായി ഉച്ചരിപ്പാൻ കഴിയായ്കകൊണ്ടു അവൻ സിബ്ബോലെത്ത് എന്നു പറയും. അപ്പോൾ അവർ അവനെ പിടിച്ചു യോർദ്ദാന്റെ കടവുകളിൽവെച്ചു കൊല്ലും; അങ്ങനെ ആ കാലത്തു എഫ്രയീമ്യരിൽ നാല്പത്തീരായിരം പേർ വീണു.

7 യിഫ്താഹ് യിസ്രായേലിന്നു ആറു സംവത്സരം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു, ഗിലെയാദ്യപട്ടണങ്ങളിൽ ഒന്നിൽ അവനെ അടക്കംചെയ്തു.

ഇബ്സാൻ,ഏലോൻ,അബ്ദോൻ

8 അവന്റെ ശേഷം ബേത്ത്ളേഹെമ്യനായ ഇബ്സാൻ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.

9 അവന്നു മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കയും തന്റെ പുത്രന്മാർക്കു മുപ്പതു കന്യകമാരെകൊണ്ടുവരികയും ചെയ്തു. അവൻ യിസ്രായേലിന്നു ഏഴു സംവത്സരം ന്യായാധിപനായിരുന്നു.

10 പിന്നെ ഇബ്സാൻ മരിച്ചു ബേത്ത്ളേഹെമിൽ അവനെ അടക്കംചെയ്തു.

11 അവന്റെശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിന്നു ന്യായാധിപനായി പത്തു സംവത്സരം യിസ്രായേലിൽ ന്യായപാലനം ചെയ്തു.

12 പിന്നെ സെബൂലൂന്യനായ ഏലോൻ മരിച്ചു; അവനെ സെബൂലൂൻ നാട്ടിൽ അയ്യാലോനിൽ അടക്കംചെയ്തു.

13 അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന ഒരു പിരാഥോന്യൻ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.

14 എഴുപതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൌത്രന്മാരും അവന്നുണ്ടായിരുന്നു; അവൻ യിസ്രായേലിന്നു എട്ടു സംവത്സരം ന്യായധിപനായിരുന്നു.

15 പിന്നെ ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന പിരാഥോന്യൻ മരിച്ചു; അവനെ എഫ്രയീംദേശത്തു അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കംചെയ്തു.

Related Quiz Articles